- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസലിനെ വധിക്കാൻ ആർഎസ്എസും സിപിഎമ്മും ഒരു പോലെ പ്ലാനിട്ടു; ഒടുവിൽ ഗോളടിച്ചത് ആർഎസ്എസോ? പരസ്പരവിരുദ്ധമൊഴികളും ചുറ്റിപ്പിണയുന്ന തെളിവുകളും കേസിനെ അവതാളത്തിലാക്കുന്നു; ഫസലിന്റെ കുടുംബത്തിനു നീതി കിട്ടുന്നതു വിദൂരസ്വപ്നം
കോഴിക്കോട്: 10 വർഷം മുമ്പ് നടന്ന എൻ.ഡി.എഫ് പ്രവർത്തകന്റെ കൊലപാതക കേസിലെ അന്വേഷണ കണ്ടെത്തലുകളിലെ വൈരുദ്ധ്യങ്ങളുടെ വിചിത്രകഥയാണിത്. മറുനാടൻ മലയാളിക്ക് ലഭിച്ച ഫസൽ വധക്കേസിന്റെ കുറ്റപത്രത്തിൽ സർവത്ര വൈരുദ്ധ്യങ്ങളായിരുന്നു. അന്വേഷണ സംഘങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതും ഉൾപ്പെട്ട കക്ഷികളെ പ്രതിരോധത്തിലാക്കുന്നതുമാണ് ഇതെന്ന് രേഖയിൽ നിന്നും വ്യക്തമാണ്. കണ്ണൂർ തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനും തേജസ് ദിനപത്രം ഏജന്റുമായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് സിപിഎമ്മോ അതോ ആർഎസ്എസ്സോ എന്ന സംശയം ജനത്തിനിടയിൽ ശക്തമായിരിക്കുകയാണ്. 'അങ്ങേയറ്റം ശത്രുതയുണ്ടായിരുന്ന ഫസലിനെ കൊലപ്പെടുത്താൻ ഇരു പാർട്ടിക്കാരും ക്വട്ടേഷൻ കൊടുത്തിരുന്നോ'?.., ഈ ചോദ്യവും നാട്ടുകാർക്കിടയിൽ സംസാരവിഷയമായിട്ടുണ്ട്. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പും കൂട്ടിയിട്ടുണ്ട്. ഈയിടെ മറ്റൊരു കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തലുകളും ഫോൺ സംഭാഷണവും പുറത്തു വന്നതോടെയാണ് ഫസൽ വധം വീണ്ടും ചർച്ച ചെയ്യപ്പെട്ടത്. ഫസൽ വ
കോഴിക്കോട്: 10 വർഷം മുമ്പ് നടന്ന എൻ.ഡി.എഫ് പ്രവർത്തകന്റെ കൊലപാതക കേസിലെ അന്വേഷണ കണ്ടെത്തലുകളിലെ വൈരുദ്ധ്യങ്ങളുടെ വിചിത്രകഥയാണിത്. മറുനാടൻ മലയാളിക്ക് ലഭിച്ച ഫസൽ വധക്കേസിന്റെ കുറ്റപത്രത്തിൽ സർവത്ര വൈരുദ്ധ്യങ്ങളായിരുന്നു. അന്വേഷണ സംഘങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതും ഉൾപ്പെട്ട കക്ഷികളെ പ്രതിരോധത്തിലാക്കുന്നതുമാണ് ഇതെന്ന് രേഖയിൽ നിന്നും വ്യക്തമാണ്.
കണ്ണൂർ തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനും തേജസ് ദിനപത്രം ഏജന്റുമായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് സിപിഎമ്മോ അതോ ആർഎസ്എസ്സോ എന്ന സംശയം ജനത്തിനിടയിൽ ശക്തമായിരിക്കുകയാണ്. 'അങ്ങേയറ്റം ശത്രുതയുണ്ടായിരുന്ന ഫസലിനെ കൊലപ്പെടുത്താൻ ഇരു പാർട്ടിക്കാരും ക്വട്ടേഷൻ കൊടുത്തിരുന്നോ'?.., ഈ ചോദ്യവും നാട്ടുകാർക്കിടയിൽ സംസാരവിഷയമായിട്ടുണ്ട്. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പും കൂട്ടിയിട്ടുണ്ട്.
ഈയിടെ മറ്റൊരു കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തലുകളും ഫോൺ സംഭാഷണവും പുറത്തു വന്നതോടെയാണ് ഫസൽ വധം വീണ്ടും ചർച്ച ചെയ്യപ്പെട്ടത്. ഫസൽ വധക്കേസിൽ അറസ്റ്റിലായവരെല്ലാം സിപിഐ- എം പ്രവർത്തകരാണെന്നിരിക്കെ, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തും കൃത്യം നടത്തിയത് വിവരിച്ചും പൊലീസിനു മുന്നിൽ ആർ.എസ്.എസുകാരൻ എത്തിയത് എല്ലാവരേയും അമ്പരപ്പിച്ചു. ഫസലിനെ കൊലപ്പെടുത്തിയത് വിവരിച്ചുകെണ്ട് പല ആളുകളോടും സുബീഷ് തുറന്നുപറച്ചിൽ നടത്തിയിരുന്നു. ഇതിന്റെ ചില സംഭാഷണങ്ങൾ ലഭിച്ച പൊലീസ് മറ്റൊരു കേസിൽ സുബീഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സംഭവം പൊലീസിനോട് ആവർത്തിക്കുകയും ഫസലിനെ കൊലപ്പെടുത്തിയ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇത് പൊലീസ് വീഡിയോ റെക്കാർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ജാമ്യത്തിലിറങ്ങിയ സുബീഷ് ഇതു നിഷേധിച്ച് രംഗത്തെത്തിയെങ്കിലും തലശേരിയിലും മാടപീടികയിലുമെല്ലാം ഇതൊരു സംസാരവിഷയമായി മാറിയിട്ടുണ്ട്.
ഫസൽ കേസിലെ പുതിയ സംഭവവികാസങ്ങളിൽ ആർഎസ്എസ് വളരെ കരുതലോടെ നീങ്ങുമ്പോൾ സിപിഎമ്മും പോപ്പുലർഫ്രണ്ടും ഒരു പോലെ പ്രതിരോധത്തിലാകുകയുമാണ്. കേരളം ഏറെ ചർച്ച ചെയ്ത പ്രമാദമായ ഒരു കേസാണ് എൻ.ഡി.എഫ് നേതാവ് ഫസലിന്റെ വധം. പത്ത് വർഷം പഴക്കമുള്ള കേസ് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും ഒടുവിൽ സിബിഐയും അന്വേഷിച്ചു. ഇപ്പോൾ കേസ് വിചാരണ തുടങ്ങാനിരിക്കുകയാണ്. കേസിന്റെ നാൾവഴികൾ പലതവണ മാധ്യമങ്ങളിൽ ചർച്ച ചെയ്തു. അന്വേഷണം സി.പി.എം നേതൃത്വത്തിലേക്കും കാരായിമാരുടെ അറസ്റ്റിലേക്കും വരെ എത്തി. അന്വേഷണത്തിന്റെ വിശ്വാസ്യത പലതവണ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഒടുവിൽ ഫസലിന്റെ കുടുംബം കോടതിയിൽ ആവശ്യപ്പെട്ടതനുസരിച്ച് കേസ് സിബിഐക്ക് വിടുകയായിരുന്നു. സിബിഐയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
എന്നാൽ സർവത്ര വൈരുദ്ധ്യങ്ങളും കേസിനെ ദുർബലപ്പെടുത്തുന്ന തരത്തിൽ സാക്ഷികളുടെ പിന്മാറ്റവുമെല്ലാമായിരുന്നു കുറ്റപത്രത്തിൽ. വിവിധ അന്വേഷണ സംഘങ്ങൾ രേഖപ്പെടുത്തിയ സാക്ഷി മൊഴികളും റിപ്പോർട്ടുകളും ഇതിലുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ അന്തിമമായി സമർപ്പിച്ച കുറ്റപത്രത്തിൽ ഇത്രയേറെ വൈരുദ്ധ്യങ്ങളുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. മാത്രമല്ല, ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന് പറയുന്ന സുബീഷിന്റെ ഫോൺ സംഭാഷണവും മൊഴിയും ബലപ്പെടുത്തുന്നതാണ് കുറ്റപത്രം. ഫസലിന്റെ കൊലപാതകത്തിലും അതിനു പിന്നിലെ ഗൂഢാലോചനയിലും സി.പി.എം പ്രവർത്തകരും നേതാക്കളുമായ ചൊക്ലി മീത്തലച്ചാലിൽ എംകെ സുനിൽകുമാർ (കൊടി സുനി), ഇല്ലത്തുതാഴെ വയലാലം നെടിയകുനിയിൽ ബിജു (പാച്ചൂട്ടി ബിജു), കോടിയേരി മൂഴിക്കര മൊട്ടമ്മേൽ ജിതേഷ് (ജിത്തു), തിരുവങ്ങാട് നരിക്കോട് കുന്നുമ്മൽ വലിയപുരയിൽ അരുൺദാസ് (ചെറിയ അരൂട്ടൻ), തലശ്ശേരി ഉക്കണ്ടൻപീടിക മുണ്ടോത്തുംകണ്ടി എംകെ കലേഷ് (ബാബു), തിരുവങ്ങാട് കുട്ടിമാക്കൂൽ അരുൺ നിവാസിൽ അരുൺകുമാർ (അരൂട്ടൻ), കുട്ടിമാക്കൂൽ കുതിയിൽ വീട്ടിൽ ചന്ദ്രശേഖരൻ (കാരായി ചന്ദ്രശേഖരൻ), കതിരൂർ താഴേ പുതിയവീട്ടിൽ രാജൻ (കാരായി രാജൻ) എന്നീ എട്ട് പേർക്കെതിരെയായിരുന്നു കേസ്.
എന്നാൽ സാക്ഷിമൊഴിയിലെ വൈരുദ്ധ്യവും എൻ.ഡി.എഫ് പ്രവർത്തകർ അടക്കമുള്ള സാക്ഷികളുടെ പിന്മാറ്റവുമെല്ലാം ഏറെ പ്രമാദമായ ഫസൽ കേസിന്റെ ഭാവി തുലാസിലാകുന്ന സ്ഥിതിയാണ്. സുബീഷിന്റെ ഫോൺ സംഭാഷണം ഈയിടെ പുറത്തായതോടെ കേസ് വീണ്ടും ചർച്ച ചെയ്യപ്പെടുകയായിരുന്നു. പൊലീസിൽ സുബീഷ് നൽകിയ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ കുറ്റപത്രം സംബന്ധിച്ച വിവരങ്ങളും പുറത്തായതോടെ വീണ്ടും ഫസൽ കേസ് ചർച്ചയായിരിക്കുകയാണ്. ദേശീയ ഇംഗ്ലീഷ് ദിന പത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് സാക്ഷി മൊഴി സംബന്ധിച്ച വിശദാംശങ്ങൾ കഴിഞ്ഞ മാസം 27 ന് പുറത്തു വിട്ടത്. തുടർന്ന് മറ്റു ചില മാധ്യമങ്ങളിലും ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് വാർത്തകൾ വന്നു.
ഇതോടെ ഫസലിന്റെ യഥാർത്ഥ ഘാതകർ ആരെന്ന ചർച്ച വീണ്ടും സജീവമായി. സി പി എമ്മിനെതിരെയുള്ള എൻ.ഡി.എഫ് പ്രവർത്തകരായ സാക്ഷികൾ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴികളിൽ പോലും വൈരുദ്ധ്യം നിറഞ്ഞു നിൽക്കുന്നതായിരുന്നു!. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ സാക്ഷി മൊഴികളും അന്വേഷണവും സംഘടനാ, പാർട്ടി ഇടപെടലുമൊക്കെ ഏറെ വിചിത്രമാണ്. കേസിന്റെ വിശദാംശങ്ങളിലേക്ക് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭ്യമായത്. മൊഴിയുടെ പകർപ്പും കുറ്റപത്രത്തിന്റെ ഏതാനും ഭാഗങ്ങളും മറുനാടൻ ഇതോടൊപ്പം പുറത്തുവിടുന്നു. പാർട്ടികൾക്ക് പുറമെ അന്വേഷണ സംഘങ്ങളുടെ ഇടപെടലും ഏറെ ദുരൂഹമാണ്. കേസിൽ അകപ്പെട്ട സി.പി.എം പ്രവർത്തകരും നേതാക്കളുമായ പ്രതികൾക്കെതിരെയുള്ള തെളിവുകൾ ദുർബലമാണെന്നിരിക്കെ അന്വേഷണ സംഘങ്ങൾ ഇവർക്കെതിരെ കുറ്റം ചാർത്തപ്പെട്ട സംഭവം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മറുപടി പറയേണ്ടി വരുമെന്നത് തീർച്ച. കോടിയേരിയുടെ വീടിനടുത്തുള്ള പ്രദേശം കൂടിയാണ് സംഭവം നടന്ന തലശേരി മാടപീടിക.
നേരത്തെ സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫ് ആയതോടെ സിപിഎമ്മിനും ആർ.എസ്.എസിനും ഫസൽ ഒരു പോലെ ശത്രുവായി. സി പി എം അനുഭാവികളായ ചെറുപ്പക്കാരെ ഫസൽ എൻ.ഡി.എഫിലേക്കെത്തിച്ചു. 'തേജസ് ' ഏജന്റുകൂടിയായ ഫസൽ ദേശാഭിമാനിക്ക് ഭീഷണിയായി കോപ്പി വർ ദ്ധിപ്പിച്ചു കൊണ്ടിരുന്നു. കുട്ടികൾക്ക് ട്യൂഷൻ നടത്തിയും മതപഠന ക്ലാസ് സംഘടിപ്പിച്ചും ഫസൽ നാട്ടിൽ വേരൂന്നിയതോടെ എതിരാളികൾക്ക് ശത്രുത കൊടിമ്പിരി കൊണ്ടു. എൻ.ഡി.എഫ് -ആർഎസ്എസ് സംഘർഷങ്ങൾ നിലനിന്നിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. എൻ.ഡി.എഫുകാർ ആർ.എസ്.എസിനെതിരെ തിരിച്ചടിക്കുന്നതിനുള്ള ധൈര്യവും ഊർജവും നൽകിയിരുന്നത് ഫസലായിരുന്നു.
2006 ഒക്ടോബർ 22 ന് റംസാൻ ദിവസം പുലർച്ചെയാണ് എൻ.ഡി.എഫ് തലശേരി സബ്ഡിവിഷൻ അംഗം മുഹമ്മദ് ഫസൽ ഗുരുതരമായി വെട്ടേറ്റ് തലശേരി ജഗന്നാഥ ക്ഷേത്രം റോഡിൽ വെച്ച് കൊല്ലപ്പെടുന്നത്. ഫസൽ കൊല്ലപ്പെടുന്നതിന്റെ തലേന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ആർഎസ്എസ് ഉണ്ടാക്കിയ തോരണങ്ങൾ എൻഡിഎഫ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത ആർഎസ്എസ് പ്രവർത്തകരായ ഒഎം സജിത്ത്, ഷിനോജ് എന്നിവർക്ക് എൻഡിഎഫ് പ്രവർത്തകരുടെ മർദനമേൽക്കുകയും ചെയ്തു. ഇതിന് പകരം ചോദിക്കാൻ ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചെത്തി. എന്നാൽ ഇവരെ അതേ രൂപത്തിൽ എൻഡിഎഫ് പ്രവർത്തകർ തിരിച്ചോടിച്ചു. ഭയന്നോടിയതിനു പിന്നാലെ എൻഡിഎഫ് സംഘം മാരകായുധങ്ങളുമായി ആർഎസ്എസ് ഓഫീസ് ആക്രമിച്ചു. പിന്നീട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഫസൽ കൊല്ലപ്പെടുന്നത്.
ഫസൽ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം ഒക്ടോബർ 22ന് രാവിലെ 11 മണിക്ക് ആയിരത്തിലേറെ എൻഡിഎഫ് പ്രവർത്തകർ തലശേരിയിൽ യൂണിഫോം അണിഞ്ഞ് പ്രകടനം നടത്തിയിരുന്നു. ഈ സമയത്ത് ഫസലിന്റെ ഘാതകർ ആർഎസ്എസ് ആണെന്ന് എൻ.ഡി.എഫ് വിശ്വസിച്ചു. ഇക്കാരണം ചൂണ്ടിക്കാട്ടി അന്ന് ആർഎസ്എസ് പങ്കെടുത്ത സർവകക്ഷി യോഗം എൻ ഡി എഫ് ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് ദിവസങ്ങൾ കടന്നു പോയി. കൊലപാതകം നടത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് എൻ.ഡി.എഫ് ഉറച്ചു വിശ്വസിച്ചു. കുറ്റക്കാർക്കെതിരെ കേസ് ശക്തിപ്പെടുത്താനായി സാക്ഷികളും മറ്റുമായി എൻ.ഡി.എഫും ഇറങ്ങിത്തിരിച്ചു. ഇതിനിടെ സിപിഎമ്മിനെതിരെ ഫസൽ വധത്തിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെടുകയും ഒരു സി.പി.എം പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ ഈ കേസിൽ ആർ.എസ്.എസുകാരെയാണ് അറസ്റ്റു ചെയ്തതെല്ലാം.
ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഫസൽ വധ കേസിൽ അന്വേഷണ ഏജൻസികൾ മാറി മാറി വന്നു. ഇവരെല്ലാം തന്നെ സിപിഎമ്മിലേക്ക് അന്വേഷണം ശക്തമായി കൊണ്ടുപോയി. പ്രതിക്കൂട്ടിലുള്ള സിപിഎമ്മിനെതിരെ എൻ.ഡി.എഫ് തെളിവുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.
ഫസലിന്റെ ഭാര്യയുടെ ജേഷ്ഠ സഹോദരിയുടെ മകനും എൻ.ഡി.എഫ് പ്രവർത്തകനുമായ ടി അജിനാസ് ആണ് കേസിലെ പ്രധാന സാക്ഷി. എന്നാൽ, അജിനാസ് പരസ്പരവിരുദ്ധമായ നാലുമൊഴികളാണ് വിവിധ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുള്ളത്. സാക്ഷിമൊഴികളിലെ ഈ വൈരുദ്ധ്യം സിബിഐ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തെ സംശയനിഴലിലാക്കുന്നതാണ്. കൊല ചെയ്തത് തങ്ങളാണെന്ന ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തൽ ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ഇതിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഫസലിന്റെ സഹോദരന്റെ ഹർജി എറണാകുളം സിബിഐ കോടതി നിരസിച്ചിരുന്നു.
ഫസലിനെ എട്ടുപേർ ആക്രമിക്കുന്നത് കണ്ടുവെന്നാണ് 2006 ഒക്ടോബർ 25ന് ഡിസിആർബി ഡിഎസ്‌പിക്ക് അജിനാസ് നൽകിയ സാക്ഷിമൊഴി. പത്രവിതരണത്തിനായി താനും സുഹൃത്തും ഫസലിന്റെ പിന്നാലെയുണ്ടായിരുന്നുവെന്നാണ് സംഭവം കണ്ടുവെന്ന് സ്ഥാപിക്കാൻ ഇവർ നൽകിയ വിശദീകരണം. എന്നാൽ, 2006 നവംബർ 21ന് ക്രൈംബ്രാഞ്ച് ഡിഎസ്‌പിക്ക് നൽകിയ മൊഴിയിൽ അജിനാസ് ഇത് തിരുത്തി. എൻഡിഎഫ് നേതൃത്വവും അഭിഭാഷകനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ആദ്യ മൊഴി നൽകിയതെന്നായിരുന്നു തിരുത്ത്. അജിനാസ് ഈ മൊഴി വീണ്ടും തിരുത്തി. 2007 ജൂലൈ 31ന് ക്രൈംബ്രാഞ്ച് എസ് പി ടികെ രാജ്‌മോഹന് നൽകിയ മൊഴിയിലാണ് മൂന്നാമത്തെ തിരുത്ത്. ഫസൽ അപകടത്തിൽപെട്ടുവെന്ന് ഒരു സുഹൃത്താണ് തന്നെ ആദ്യം അറിയിക്കുന്നത് എന്നായിരുന്നു രാജ്‌മോഹന് നൽകിയ മൊഴി. ആശുപത്രിയിൽ എത്തിയ ശേഷം മാത്രമാണ് അതുകൊലപാതകമാണെന്ന് മനസ്സിലാക്കിയതെന്നും ആ മൊഴിയിൽ വ്യക്തമാക്കുന്നു.
കേസ് സിബിഐ ഏറ്റെടുത്ത ശേഷം അജിനാസ് വീണ്ടും മൊഴി മാ്റ്റി. ഫസലിനെ ചിലർ ലിബർട്ടി ക്വാർട്ടേഴ്സിന് സമീപം വളഞ്ഞിട്ട് ആയുധങ്ങൾകൊണ്ട് ആക്രമിക്കുന്നതു കണ്ടു എന്നായിരുന്നു 2011 മെയ് 27ന് അജിനാസ് സിബിഐക്ക് നൽകിയ മൊഴി. അക്രമികൾ കൊടി സുനി ഉൾപ്പെടുന്ന സി.പി.എം പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞെന്നും സിബിഐ രേഖപ്പെടുത്തിയ ഈ മൊഴിയിലുണ്ട്. ആദ്യ മൊഴി തിരുത്താൻ കാരണം സുഹൃത്ത് ഷൻസാദിന്റെ വീട് സി.പി.എം പ്രവർത്തകർ ആക്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തതിനാലാണെന്നും സിബിഐക്ക് നൽകിയ മൊഴിയിൽ പറയുന്നു.
മറ്റ് മൊഴികളാണ് ഇതിലേറെ വിചിത്രം. ഫസലിന്റെ ജ്യേഷ്ഠൻ അബ്ദുൽറഹിമാൻ 2007 മെയ് 14ന് തന്നെ വന്ന് കണ്ട് 'അബ്ദുൾ അസീസ്, അലിയാർ എന്നി രണ്ടുപേർക്ക് കൊലപാതകത്തെ കുറിച്ച് കൂടുതൽ അറിയാം' എന്ന് പറഞ്ഞതായി ഡിഎസ്‌പി ഡി സാലി പറയുന്നു. ഇതനുസരിച്ച് സാലി അവരെ രണ്ടുപേരെയും വിളിപ്പിച്ചു. ഫസൽ കൊല്ലപ്പെട്ട ദിവസം രണ്ടു പേർ ബൈക്കിൽ സംശയകരമായ സാഹചര്യത്തിൽ സഞ്ചരിക്കുന്നത് കണ്ടുവെന്നായിരുന്നു അവരുടെ മൊഴി. ഇത് അനുസരിച്ച് അന്വേഷണം നടത്തി. രണ്ട് എൻഡിഎഫ് പ്രവർത്തകർ അന്നേ ദിവസം ബൈക്കിൽ യാത്ര ചെയ്തിരുന്നുവെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇരുവരും തലശേരി സ്റ്റേഡിയം പള്ളിയിൽ പ്രത്യേക പ്രാർത്ഥന(ഇഹ്തികാഫ്)യിൽ പങ്കെടുത്ത ശേഷം പുലർച്ചെ 3.15 ഓടെ സെയ്താർപള്ളിയിൽ എത്തിയെന്നാണ് സാലി പറയുന്നത്. കൊടി സുനി, ബിജേഷ്, ജിതേഷ് എന്നീ മൂന്ന് സിപിഐഎം പ്രവർത്തകർ ഒരു ബൈക്കിൽ ആയുധങ്ങളുമായി സഞ്ചരിക്കുന്നത് കണ്ടു എന്നാണ് അവർ പൊലീസിന് നൽകിയ മൊഴി. ഒരാളെ രക്തമൊഴുകി റോഡിൽ കിടക്കുന്ന നിലയിലും കണ്ടെന്ന് അവർ കൊടുത്ത മൊഴിയിലുണ്ട്.
2011 സെപ്റ്റംബർ 19ന് സിബിഐക്ക് മുമ്പാകെ ഫസലിന്റെ സഹോദരൻ ഡിഎസ്‌പി സാലിയുടെ ഈ മൊഴിയിൽ അങ്ങനെയൊന്ന് നടന്നിട്ടേ ഇല്ലെന്ന് മൊഴി. എൻ.ഡി.എഫ് പ്രവർത്തകരായ അസീസും അലിയാറും തങ്ങളുടെ മൊഴിയിൽ മലക്കം മറിഞ്ഞു. അസീസിന്റെ മൊഴി ഇങ്ങനെ: 2007 മെയിൽ എൻഡിഎഫ് സജീവ പ്രവർത്തകരായ അഡ്വ നൗഷാദും നസീറും എന്നെ വിളിച്ച് ഫസൽ കേസിൽ സാക്ഷിയായി നിൽക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് അറിയിച്ചു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും അറിയിച്ചു.' തനിക്ക് അറിയാത്ത കാര്യങ്ങളാണ് പൊലീസ് രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അസീസ് മൊഴി നൽകാൻ വിസമ്മതിച്ചു. അറിയാത്ത കാര്യങ്ങൾ തന്റെ പേരിലാക്കുന്നത് ശരിയല്ലെന്ന് അലിയാർ സിബിഐയോട് വ്യക്തമാക്കി. ഇതിനിടെ എസ്‌പി വേണുഗോപാൽ,സാക്ഷികൾ പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്ത പള്ളിയിലെ ഇമാമിനെ ചോദ്യം ചെയ്തപ്പോൾ അന്ന് രാത്രിയിൽ ഇഹ്തികാഫ് പ്രാർത്ഥന ഉണ്ടായിരുന്നില്ലെന്നായിരുന്നു മൊഴി ലഭിച്ചത്. ഫസലിന്റെ സഹോദരൻ ഡി സാലിക്കു മുമ്പാകെ കൊണ്ടുവന്ന മറ്റു രണ്ട് സാക്ഷികളാണ് എൻ ഡി എഫ് പ്രവർത്തകരായ കുനിയിൽ റംഷിദ്, സജീർ. ഇവരുടെ 164 സ്റ്റേറ്റ്‌മെന്റ് എടുക്കാനിരിക്കെ അവധിയിലായിരുന്ന എസ്‌പി രാജ് മോഹൻ സാലിയെ വിലക്കി.
ഫസൽ കേസിൽ ഏറ്റവും രസകരമായ വൈരുദ്ധ്യമാണ് ആയുധം കണ്ടെടുത്ത സംഭവം. കൃത്യം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് വധിക്കാൻ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ആയുധങ്ങൾ ജഗന്നാഥ ടെമ്പിൾ റോഡിലെ പങ്കജ് തിയേറ്ററിനു സമീപത്തെ ഗ്രൗണ്ടിൽ നിന്നും കണ്ടെടുക്കുന്നത്. ഡിവൈ.എസ്‌പി രതീഷ് കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പും ആയുധം കണ്ടെത്തിയതും. എന്നാൽ ആയുധം കണ്ടെടുത്ത സംഘത്തിൽ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ള എ എസ്.ഐ രാധാകൃഷ്ണന്റെ മൊഴി ഇങ്ങനെ: 'ഞാൻ ആ അന്വേഷണ ടീമിൽ ഉള്ളയാളാണ്, ആയുധം കണ്ടെത്തിയെന്ന് പറയുന്ന ദിവസം അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ല'. ആയുധം കണ്ടെടുത്തു എന്നതിന് തെളിവായി നാട്ടുകാരായ രണ്ടു പേർ ഒപ്പിട്ടത് മൻസൂർ, കാസിം എന്നീ എൻ.ഡി.എഫ് പ്രവർത്തകരാണെന്നത് ഇതിന്റെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നു. 2008-ൽ ഫസലിന്റെ ഭാര്യ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കാണിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ച് സിബിഐ അന്വേഷണം ഉത്തരവിട്ടുകൊണ്ട് ജഡ്ജി രാംകുമാറിന്റെ നിരീക്ഷണം ഇങ്ങനെയായിരുന്നു: ' ആയുധങ്ങൾ ഇത്രയും മാസങ്ങൾക്ക് ശേഷം ഓപ്പൺ ഗ്രൗണ്ടിൽ നിന്ന് കണ്ടെടുത്തു എന്നത് അവിശ്വസനീയമാണ് '.
ഈ നിരീക്ഷണത്തെ ചോദ്യം ചെയ്ത് ഗവൺമെന്റ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം ശരിവെയ്ക്കുകയായിരുന്നു. മാത്രമല്ല, ഫസലിന്റെ ഭാര്യയുടെ അന്നത്തെ വക്കീൽ ആയിരുന്ന സണ്ണി മാത്യുവും ആയുധം കണ്ടെടുത്തതിൽ സംശയം പ്രകടിപ്പിക്കുകയുണ്ടായി. എൻ.ഡി.എഫ് പ്രവർത്തകർ സാക്ഷിയായ ആയുധം കണ്ടെടുക്കലാണെന്നത് കൂട്ടി വായിക്കണം!
കേസിലേയും കുറ്റപത്രത്തിലേയും വൈരുദ്ധ്യങ്ങൾ ഇനിയുമുണ്ട് നിരവധി. അന്വേഷിച്ച സംഘങ്ങളെല്ലാം വിവിധ മൊബൈൽ നെറ്റ്‌വർക്കിങ് കമ്പനികളിൽ നിന്ന് ശേഖരിച്ച കേസിന്റെ ഫോൺ കോൾ റെക്കോഡ്‌സ് ഫയലാക്കി സൂക്ഷിച്ചിരുന്നു. എന്നാൽ അന്വേഷണം രാജ്‌മോഹനിൽ എത്തിയപ്പോഴേക്കും ഇതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മാത്രമല്ല, നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയുമുണ്ടായില്ല. കേസിന്റെ നടപടിക്രമങ്ങൾ ഇത്രത്തോളം എത്തിയെങ്കിലും, കൃത്യം ചെയ്തത് സി.പി.എം അല്ലെന്ന് ഇവർ ഇപ്പോഴും ഊന്നിപ്പറയുന്നു. കേസിലെ മുഖ്യപ്രതി കൊടി സുനി നിരവധി പ്രമാദമായ കേസുകളിലെ പ്രതിയാണ്. ടി.പി കേസിലടക്കം പിടിയിലായി കുറ്റം സമ്മതിച്ചപ്പോഴും പൊലീസ് മുറ പലതും പ്രയോഗിച്ചെങ്കിലും ഫസൽ വധത്തിന്റെ കുറ്റം കൊടി സുനി നിഷേധിക്കുകയായിരുന്നു.
2007 ഏപ്രിൽ 11 ന് കൊടി സുനി ഉൾപ്പടെ മൂന്ന് സിപിഐഎം പ്രവർത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ ആഭ്യന്തരം കൈകാര്യം ചെയ്ത കോടിയേരിക്കും പൊലീസിനുമെതിരെ പ്രതിഷേധം ഇരമ്പി. സ്വന്തം മണ്ഡലത്തിലെ എംഎൽഎയുമായ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വീടിന്റെ പരിസരത്തുകൂടി സംസ്ഥാന പൊലീസിനെതിരെ സിപിഐഎം പ്രവർത്തകർ പടുകൂറ്റൻ പ്രകടനം നടത്തി. സ്ത്രീകളും യുവാക്കളുമടക്കം നൂറുകണക്കിന് പേർ പ്രകടനത്തിൽ അണിചേർന്നു. ഈ കേസിൽ നിരപരാധികളായ സിപിഐഎം പ്രവർത്തകരുടെ അറസ്റ്റ് കോടിയേരി ബാലകൃഷ്ണൻ തടഞ്ഞില്ല എന്നതിലായിരുന്നു സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ രോഷം. നുണപരിശോധനയ്ക്ക് വിധേയമാകാമെന്ന് അറസ്റ്റിലായവർ അറിയിച്ചു. പൊലീസ് അതിന് തുനിഞ്ഞില്ല. കേസ് ഒടുവിൽ സിബിഐ ഏറ്റെടുക്കുകയും കാരായിമാരുടെ അറസ്റ്റിൽ വരെ എത്തുകയും ചെയ്തു.
കേസിന്റെ വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കെ ഫസലിന്റെ കുടുംബത്തിന് നീതിയിലേക്കുള്ള അകലം വിദൂരമാണ്. 10 വർഷത്തിന് ശേഷം കേസ് അന്തിമ ഘട്ടത്തിലെത്തുമ്പോൾ പോപ്പുലർ ഫ്രണ്ട് ഫസൽ കേസിൽ കൂടുതൽ താൽപര്യമെടുക്കുന്നില്ലെന്നാണ് അറിയുന്നത്. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്നാണ് ഇവരിപ്പോൾ വിശ്വസിക്കുന്നത്. നേതാക്കളിൽ ചിലരെങ്കിലും ഇത് പുറത്ത് പറയുന്നുമുണ്ട്. സിപിഎമ്മും, ആർ.എസ്.എസും ഫസലിനെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടാകണം, അതു കൊണ്ടായിരിക്കാം സി പി എം പ്രതിരോധത്തിലായിട്ടും ഇതിനെതിരെ തുടക്കത്തിൽ എതിർക്കാതിരുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. സുബീഷിന്റെ കുറ്റസമ്മതവും കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങളും ആർ.എസ്.എസിലേക്കാണ് വിരലുകൾ ചൂണ്ടപ്പെടുന്നതെല്ലാം. തുടക്കത്തിൽ അജിനാസ് അടക്കമുള്ള സാക്ഷികൾ ആർ.എസ്.എസിനെതിരെ കൊടുത്ത മൊഴികൾ ഇത് വ്യക്തമാക്കുന്നു. ഫസൽ കേസിന്റെ നിലവിലെ സ്ഥിതി ഇതാണെന്നിരിക്കെ വിചാരണാ വേളയിൽ അവശേഷിക്കുന്ന സാക്ഷികൾ കൂടി മാറുമോ എന്നതാണ് സിബിഐ യെ ആശങ്കപ്പെടുത്തുന്നത്.