1. കാസർകോട്: 'ഞാൻ വെറും ജീവനക്കാരൻ, നിക്ഷേപത്തുക തിരിമറി നടത്തിയതിനെപ്പറ്റി എനിക്കൊന്നുമറിയില്ല. എല്ലാം കൈകാര്യം ചെയ്തത് എം. ഡി.ടി.കെ പൂക്കോയ തങ്ങളാണ്. പണം വാങ്ങിയതും കൊടുത്തതും ഉപയോഗിച്ചതും എല്ലാം തങ്ങളാണ്. എന്തും ചെയ്യാൻ മടിക്കാത്ത ആളാണ്'. - ഫാഷൻ ഗോൾഡ് ജുവലറി നിക്ഷേപത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കീഴടങ്ങിയ ജനറൽ മാനേജർ ചന്തേരയിലെ സൈനുൽ ആബിദീന്റെ മൊഴി ഇങ്ങനെയാണ്.

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മുമ്പാകെയാണ് ആബിദ് ഈ മൊഴി നൽകിയത്. പൂക്കോയ തങ്ങളുടെ ബന്ധുകൂടിയാണ് സൈനുൽ ആബിദ്. ആ പരിഗണനയിലാണ് ഇയാളെ ജനറൽ മാനേജരാക്കിയത്. എന്നാൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് പുറത്തുവന്നതോടെ ബന്ധങ്ങൾ കുഴഞ്ഞുമറിഞ്ഞു. പൂക്കോയ തങ്ങൾക്കെതിരെ എം.സി. ഖമറുദ്ദീൻ എംഎ‍ൽഎ ക്രൈംബ്രാഞ്ച് സംഘത്തിനു നൽകിയ മൊഴിയാണ് ജനറൽ മാനേജരും ആവർത്തിച്ചത്.

ജുവലറിയുടെ പേരിൽ രൂപീകരിച്ച കമ്പനികൾക്ക് വൻതുക പുറത്തു നിന്ന് നിക്ഷേപമായി പിരിക്കാൻ അർഹതയില്ലെന്നും പിരിച്ചെടുത്ത പണം ഇങ്ങനെ ചെലവഴിച്ചാൽ സ്ഥിതി വഷളാകുമെന്നും തങ്ങളോടും എംഎ‍ൽഎയോടും നേരത്തെ പറഞ്ഞിരുന്നുവെന്നും ആബിദീൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.

കാസർകോട് എ .എസ്. പി വിവേക് കുമാർ, കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി കെ.ദാമോദരൻ എന്നിവരുടെ നേതൃത്വത്തിലാണ് ആബിദിനെ ചോദ്യം ചെയ്തത്. ജുവലറി നടത്തിപ്പിന് 10 ലക്ഷം രൂപ നൽകി വഞ്ചിതനായ ഉദുമ പാക്യാരയിലെ അബ്ദുൾ നിസാം നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സൈനുൽ ആബിദീൻ കീഴടങ്ങിയത്.കാസർകോട് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം വെള്ളിയാഴ്ച കാസർകോട് സി .ജെ .എം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.