- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ്: പൂക്കോയ തങ്ങൾക്കെതിരെ എം സി ഖമറുദ്ദീന്റെ മൊഴി; ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നില്ലെന്ന് വിശദീകരണം; നികുതി വെട്ടിപ്പിൽ പിഴയൊടുക്കാൻ കൈയിൽ പണമില്ലെന്നും മുൻ എംഎൽഎ
കാസർകോട്: തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾക്കെതിരെ മുൻ എംഎൽഎയും കേസിലെ പ്രതിയുമായ എം സി ഖമറുദ്ദീൻ മൊഴി നൽകി. തിങ്കളാഴ്ച ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന തെളിവെടുപ്പിൽ ഖമറുദ്ദീൻ, 'കമ്പനി ചെയർമാൻ എന്നല്ലാതെ, ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയോ കാര്യങ്ങൾ അറിയുകയോ ചെയ്യാറില്ല' എന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഖമറുദ്ദീൻ, പൂക്കോയ തങ്ങൾക്ക് നേരിട്ടാണ് മറുപടി നൽകിയത്.
ബംഗളൂരുവിൽ ഫാഷൻ ഗോൾഡ് വേണ്ടെന്ന് പൂക്കോയ തങ്ങൾ പറഞ്ഞതായി ഖമറുദ്ദീന്റെ മൊഴിയിലുണ്ട്. അതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്ന ഖമറുദ്ദീന്റെ പ്രതികരണം പൂക്കോയ തങ്ങൾ തള്ളി. എല്ലാം പറഞ്ഞിരുന്നുവെന്നായിരുന്നു തങ്ങളുടെ മറുപടി.
നിക്ഷേപം വാങ്ങി ശാഖകൾ തുടങ്ങുന്നതിനെ ഖമറുദ്ദീൻ എതിർത്തിരുന്നതായാണ് പുറത്തു വരുന്ന വിവരം. ബംഗളൂരു യൂണിറ്റ് അക്കൗണ്ട് തങ്ങളുടെ പേരിൽ മാത്രമായത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും തങ്ങൾ മറുപടി നൽകിയില്ല. പയ്യന്നൂർ, ചെറുവത്തൂർ, കാസർകോട് എന്നിവിടങ്ങളിലെ യൂണിറ്റുകളുടെ അക്കൗണ്ടുകൾ നിയമപരമായ കരാർമൂലം ഇരുവരുടെയും പേരിലാണ്. മറ്റിടങ്ങളിലെ യൂണിറ്റ് തങ്ങൾ സ്വന്തം പേരിലാക്കിയെന്നും ആരോപണമുണ്ട്.
176 കരാറുകളാണുള്ളത്. ഇതിൽ നാലെണ്ണത്തിൽ മാത്രമാണ് താൻ ഒപ്പിട്ടതെന്നും ബാക്കിയുള്ളവയെല്ലാം തങ്ങൾ ഒറ്റക്ക് കൈകാര്യം ചെയ്തതാണെന്നും ഖമറുദ്ദീൻ അന്വേഷണ ഉദ്യോസ്ഥർക്ക് മുന്നിൽ മൊഴി നൽകി. അതേ സമയം നികുതിവെട്ടിച്ച വകയിൽ ചരക്കുസേവന നികുതി വകുപ്പ് ചുമത്തിയ പിഴയൊടുക്കാൻ തന്റെ കൈയിൽ പണമില്ലെന്ന് എം.സി. ഖമറുദ്ദീൻ പ്രതികരിച്ചു.
കോവിഡുകാലമാണെന്നും കടകൾ പൂട്ടിയിരിക്കുകയാണെന്നും സമയം നീട്ടിച്ചോദിക്കുമെന്നും ഖമറുദ്ദീൻ പറഞ്ഞു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിനുശേഷം പ്രതികരിക്കുകയായിരുന്നു ഖമറുദ്ദീൻ.
നികുതി വെട്ടിച്ച വകയിൽ പിഴ ഉൾപ്പെടെ 2,50,43,399 രൂപ അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് എട്ടിന് കഴിഞ്ഞതോടെ ജപ്തിനടപടിയുമായി ജി.എസ്.ടി. അധികൃതർ നീങ്ങുകയാണ്. പണം അടയ്‌ക്കേണ്ട എല്ലാ അവധിയും കഴിഞ്ഞതിനാൽ ജപ്തി മാത്രമാണ് ജി.എസ്.ടി.ക്ക് മുന്നിലുള്ള ഏകവഴി.
മുൻ മഞ്ചേശ്വരം എംഎൽഎ. ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള ചെറുവത്തൂരിലെ ന്യൂ ഫാഷൻ ഗോൾഡ്, കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡ് ജൂവലറി എന്നിവയ്‌ക്കെതിരേയാണ് ജി.എസ്.ടി. അധികൃതർ നടപടി തുടങ്ങിയത്. മൂന്നുമാസത്തിനകം പിഴ തിരിച്ചുപിടിക്കാനാണ് തീരുമാനം.
എം.സി. ഖമറുദ്ദീൻ ചെയർമാനും ടി.കെ. പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായാണ് 2006-ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ജൂവലറി രജിസ്റ്റർ ചെയ്തത്. 2019 ഏപ്രിലിനും നവംബറിനും ഇടയിലായി നടന്ന ക്രമക്കേടുകളിലാണ് നികുതിവകുപ്പ് ഉദ്യോഗസ്ഥർ ഇത്രയും തുക തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റ സ്വത്തുവകകൾ വിറ്റുപോയ സാഹചര്യത്തിൽ കമ്പനി ഡയറക്ടർമാരുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളാണ് ഉണ്ടാവുകയെന്നറിയുന്നു.
മറുനാടന് മലയാളി ബ്യൂറോ