തിരുവനന്തപുരം: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമഭേദഗതിയിലൂടെ വെട്ടിലാവുന്നത് സാധാരണക്കാരായിരിക്കുമെന്ന ആക്ഷേപം ശക്തമാകുന്നു. ബാങ്കുകളുടെ വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നിയമം ശക്തിപ്പെടുത്തുന്ന നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന കിട്ടാക്കടം അവസാനിപ്പിക്കാനാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

ലോണെടുത്ത് അടയ്ക്കാതെ മുങ്ങുന്ന വൻകിടക്കാരെ പിടികൂടാൻ ബാങ്കുകളെ സഹായിക്കാനാണ് നിയമഭേദഗതിയെന്നാണ് ഭാഷ്യം. എന്നാൽ ഭവന, വാഹന വായ്പകളിൽ ഒന്നോരണ്ടോ തിരിച്ചടവ് മുടങ്ങിയാൽത്തന്നെ സാധാരണക്കാരുടെ കുത്തിനുപിടിക്കാൻ ഈ ഭേദഗതി വഴിയൊരുക്കുമെന്നാണ് പരാതി ഉയരുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആൻഡ് റിക്കവറി ഓഫ് ഡെബ്റ്റ്‌സ് ലോ അമന്റ്‌മെന്റ് ബിൽ 2016നാണ് കഴിഞ്ഞദിവസം ലോക്‌സഭ അംഗീകാരം നൽകിയത്. വ്യവസായ നടത്തിപ്പ് എളുപ്പമാക്കുകയെന്ന മോദി സർക്കാറിന്റെ നയം അനുസരിച്ചാണ് ഭേദഗതി. യുപിഎ സർക്കാരിന്റെ കാലത്തും ബാങ്കുകൾക്ക് അനുകൂലമായി ഇത്തരം പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയിരുന്നു.

സർഫാസി നിയമം, ഡി.ആർ.ടി നിയമം, ഇന്ത്യൻ സ്റ്റാമ്പ് നിയമം, ഡെപ്പോസിറ്ററീസ് ആക്ട് എന്നീ നാലു നിയമങ്ങൾ ഭേദഗതി ചെയ്താണ് പുതിയ ബിൽ കൊണ്ടുവന്നത്. യഥാർത്ഥത്തിൽ ബാങ്കുകളുടെ വായ്പക്കുടിശ്ശിക പിരിച്ചെടുക്കുന്ന ജോലി ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികളുടെ പ്രവർത്തനത്തിന് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് ഭേദഗതി. ജപ്തിനടപടികൾ വേഗത്തിലാക്കാനും ഇടപാടുകാരിൽ സമ്മർദ്ദം ചെലുത്താനും ഇത് അവസരമൊരുക്കുന്നു.

ലോണെടുത്ത് മുങ്ങുന്ന വൻകിടക്കാരെ പിടികൂടാൻ ബാങ്കുകളുടെ വായ്പാക്കുടിശ്ശിക പിരിച്ചെടുക്കുന്ന സ്വകാര്യ കമ്പനികൾ സാധാരണയായി താൽപര്യം കാട്ടാറില്ലെന്നും മറിച്ച് വീടും വാഹനവും ഈടുനൽകിയുള്ള ഭവന, വാഹന വായ്പകളെടുക്കുന്ന സാധാരണക്കാരെ 'വിരട്ടാനാണ്' അവർ ചാടിവീഴാറുള്ളതെന്നും എല്ലാക്കാലത്തും ആക്ഷേപം ഉള്ളതാണ്. ക്രെഡിറ്റ് കാർഡ് തിരിച്ചടവിനുൾപ്പെടെ മിക്ക ബാങ്കുകളും ഇത്തരം സ്വകാര്യ പണപ്പിരിവുകാരെയാണ് തിരിച്ചടവ് മുടങ്ങുന്ന കേസുകൾ ഏൽപിക്കാറ്.അവരാകട്ടെ വീടുകളിൽ കയറിയും വഴിയിൽ തടഞ്ഞും ഓഫീസുകളിലെത്തി നാണക്കേടുണ്ടാക്കിയും ഫോണിലൂടെ വിരട്ടിയും മറ്റും ഇടപാടുകാരെ വിരട്ടുന്ന രീതിയാണ് റിക്കവറിക്കായി സ്വീകരിക്കുന്നത്. നിയമനടപടിക്കു മുൻപായുള്ള ഇത്തരം ഇടപെടലുകൾ പല ഉപഭോക്താക്കളെയും തകർത്തുകളയും.

പുതിയ ഭേദഗതി വരുന്നതോടെ ഇത്തരക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് ആക്ഷേപം ഉയരുന്നത്. കിട്ടാക്കടം പിരിച്ചെടുക്കാൻ ബാങ്കുകൾക്ക് നിയമപരമായിത്തന്നെ വഴികൾ തേടാമെന്നിരിക്കെ സ്വകാര്യ പിരിവുകാരെ ഏൽപിച്ച് പ്രശ്‌നം വഷളാക്കാൻ കൂടുതൽ സൗകര്യം ചെയ്തുകൊടുക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം, വൻകിടക്കാരുടെ വായ്പ പലതവണ മുടങ്ങിയാലും അവധി നീട്ടിനൽകി ബാങ്കുകൾ അവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാറുമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൻ വ്യവസായികളായ വിജയ് മല്യയ്ക്കും രത്‌നവ്യാപാരി ജിതിൻ മേത്തയ്ക്കും സഹസ്രകോടികൾ കടംകൊടുത്തത് യഥാസമയം പിരിച്ചെടുക്കാതെ മുങ്ങാൻ അവസരം നൽകിയ ബാങ്കുകൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നിയമഭേദഗതിയിലൂടെ സാധാരണക്കാരെ പീഡിപ്പിക്കാൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തതെന്നും വ്യാപകമായി പരാതി ഉയർന്നുകഴിഞ്ഞു.

വായ്പക്കുടിശ്ശിക സംബന്ധിച്ച കേസുകളിൽ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ വഴി ജപ്തി നടപടികൾ വേഗത്തിലാക്കാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. ഇടപാടുകാരിൽനിന്ന് പിരിച്ചെടുക്കാനായി ബാങ്കുകൾ സ്വകാര്യ കമ്പനിക്ക് കൈമാറുന്ന വായ്പക്കുടിശ്ശിക സംബന്ധിച്ച കരാറിനെ സ്റ്റാമ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. ഇതോടെ കുടിശ്ശിക പിരിച്ചെടുക്കാൻ അനുവാദം നൽകുന്നത് ബാങ്കുകളെ സംബന്ധിച്ച് പണച്ചെലവില്ലാത്ത കാര്യമായി.

വായ്പക്കുടിശ്ശിക പിരിക്കൽ ചുമതല ഏറ്റെടുക്കുന്ന കമ്പനികൾ വിദ്യാഭ്യാസ വായ്പ എടുത്ത് ഏതാനും അടവ് മുടങ്ങിപ്പോയ പാവപ്പെട്ട കുടുംബങ്ങളെപ്പോലും ദ്രോഹിക്കുന്ന സാഹചര്യമാണുള്ളതെന്ന് കേരളത്തിൽനിന്നുള്ള എംപിമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയെങ്കിലും വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ എന്തെങ്കിലൂം ഇളവ് നിയമത്തിൽ ഉൾപ്പെടുത്താൻ ധനമന്ത്രി തയാറായില്ല. പകരം വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്നതിൽ ബാങ്കുകളും കടം പിരിക്കുന്ന കമ്പനികളും അൽപം ഉദാരമായ സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത്രയും കാലം ജനങ്ങളെ വിരട്ടി പണംപിരിച്ചവർ കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചാലുടൻ പാവങ്ങളാകുമോ എന്ന് കണ്ടറിയണം.

വായ്പക്കുടിശ്ശിക ഈടാക്കുവാനുള്ള നിയമഭേദഗതി സാധാരണക്കാർക്കും ഇടത്തരക്കാർക്കും എതിരായി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. സാധാരണക്കാരന്റെ ചെറിയ കടം പിരിക്കാൻ കമ്പനികൾ വീടുകൾ കയറുമ്പോൾ വിജയ് മല്യ ഉൾപ്പെടെയുള്ള വമ്പന്മാരെ തൊടാൻപോലും തയാറല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം മുന്നോട്ടുവച്ച ഭേദഗതികൾ സഭ തള്ളിക്കളഞ്ഞു.

കുടിശ്ശികയുള്ള സാധാരണക്കാരന്റെ ചിത്രം സഹിതം പരസ്യം പതിച്ച് അപമാനിക്കുന്ന കുടിശ്ശിക പിരിവ് കമ്പനികൾ കോടികൾ മുക്കിയ കോർപറേറ്റ് തലവന്മാർക്ക് മുന്നിൽ മുട്ടുമുടക്കുകയാണെന്ന് എം.ഐ. ഷാനവാസ് എംപിയും ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം ഏജൻസികളെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്നത് ഗുണ്ടാ സംസ്‌കാരമുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കുന്നത് അനുവദിക്കരുതെന്ന് ജോയ്‌സ് ജോർജ് എംപിയും ആവശ്യപ്പെട്ടു.