- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ നാല് ചക്രവാഹനങ്ങളിൽ 2021 ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധം; ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ നാല് ചക്രവാഹനങ്ങളിൽ 2021 ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധം. നേരത്തേ പുതിയ വാഹനങ്ങളിൽ മാത്രമായിരുന്നു ഈ സംവിധാനം നിർബന്ധമാക്കിയിരുന്നതെങ്കിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് 2017 ഡിസംബർ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നൽകണം. പൂർണമായും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുന്നതോടെ ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാൻ കഴിയുമെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഫാസ്ടാഗിന് പുറമെ നേരിട്ട് പണം നൽകുന്ന സംവിധാനവും ഉള്ളതിനാലാണ് പല ടോളുകളിലും വലിയ ട്രാഫിക് ഉണ്ടാകുന്നത്.
ഇതിനൊപ്പം 2021 ഏപ്രിൽ മാസം മുതൽ വാഹനങ്ങൾക്ക് തേഡ് പാർട്ട് ഇൻഷുറൻസ് അനുവദിക്കുന്നതിന് ഫാസ്ടാഗ് നിർബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി ഫാസ്ടാഗ് വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ ഇൻഷുറൻസ് ഫോമിൽ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2017 ഡിസംബർ ഒന്ന് മുതൽ നിരത്തുകളിൽ എത്തിയിട്ടുള്ള വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. പുതിയ നിർദ്ദേശം അനുസരിച്ച് പഴയ വാഹനത്തിൽ നൽകുന്നതിനൊപ്പം ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ്ടാഗ് വേണം. നാഷണൽ പെർമിറ്റ് വാഹനങ്ങളിൽ 2019 ഒക്ടോബർ മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു.
എന്താണ് ഫാസ്ടാഗ്
പ്രീപെയ്ഡ് ശൈലിയിൽ ടോൾബൂത്തുകളിൽ പണമടയ്ക്കാതെ കടന്നുപോകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുൻകൂട്ടി പതിപ്പിക്കണം.
വാഹനങ്ങളിലെ ഫാസ്ടാഗിനെ ആർഎഫ്ഐഡി റീഡർ വഴി റീഡ് ചെയ്ത് അക്കൗണ്ടിലൂടെ ഡിജിറ്റൽ പണമിടപാട് നടത്തുകയാണ് ഇവിടെ. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടിൽ മുൻകൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്മെന്റ് എന്നിവ ഇതു വഴി സാധ്യമാകുന്നു. രാജ്യത്തെ ഏത് ടോൾപ്ലാസയിലും ടോൾ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അഥോറിറ്റി നടപ്പിലാക്കുന്നത്.
ഫാസ് ടാഗിന്റെ നേട്ടങ്ങൾ
ടോൾ നൽകുന്നതിന് വാഹനങ്ങളുടെ കാത്തുനിൽപ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിർത്താതെതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. ഓൺലൈൻ സേവനം വഴിയുള്ള ഇടപാട് ആയതിനാൽ പണം കയ്യിൽ കരുതേണ്ടതില്ല.
ഇലക്ട്രോണിക് ടോൾ കലക്ഷൻ സംവിധാനമായ ഫാസ്ടാഗിലൂടെ ടോൾബൂത്തുകളിലെ തിരക്ക് ഒഴിവാക്കി നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ വാഹനങ്ങൾക്ക് ടോൾപ്ലാസ മറികടക്കാം. ഇപ്പോൾ ഒരു വാഹനത്തിന് ടോൾബൂത്ത് മറികടക്കാൻ 15 സെക്കൻഡാണ് ദേശീയപാത അഥോറിറ്റി നിർദ്ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീർഘിക്കാറുമുണ്ട്. ഫാസ്ടാഗിൽ ഇത് മൂന്ന് സെക്കൻഡ്ഡായി ചുരുങ്ങും. നിലവിൽ ഒരു ടോൾ ബൂത്തിലൂടെ മണിക്കൂറിൽ 240 വാഹനങ്ങൾക്കു വരെ കടന്നുപോകാം. ഫാസ്ടാഗ് വരുന്നതോടെ 1200 വാഹനങ്ങൾക്കുവരെ കടന്നുപോകാനാകും.
ഫാസ്ടാഗ് എങ്ങനെ വാങ്ങാം
പുതിയ വാഹനങ്ങളിൽ ഡീലർ തന്നെ ഫാസ്ടാഗ് വച്ചു നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ ടോൾപ്ലാസകളിലും ഉപയോഗിക്കാവുന്ന, വാഹനങ്ങളിൽ പതിപ്പിക്കുന്ന ഫാസ്ടാഗ് ടോൾപ്ലാസകളിൽനിന്നും മുൻനിര ബാങ്കുകളിൽനിന്നും വാങ്ങാം. മിക്ക ബാങ്കുകളും 500 രൂപയാണ് ഫാസ്ടാഗിന് ഈടാക്കുന്നത്. ഇതിൽ 200 രൂപ നിങ്ങളുടെ ടാഗ് അക്കൗണ്ടിൽ നിക്ഷേപിക്കും. ആർസി ബുക്കും ഉടമയുടെ ഐഡി പ്രൂഫും സമർപ്പിച്ചാൽ ഫാസ്ടാഗ് ലഭിക്കും. അഞ്ചുവർഷം കാലാവധിയാണ് ഫാസ്ടാഗ് അക്കൗണ്ടിനുള്ളത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഫാസ്ടാഗ് അക്കൗണ്ടിൽ ലോഗ്ഇൻ ചെയ്ത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം. ഉടൻ തന്നെ ഇതിനായി ഒരു ആപ്പും പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ഇളക്കി മറ്റൊരു വാഹനത്തിൽ പിടിപ്പിക്കാനാവില്ല.
മറുനാടന് ഡെസ്ക്