ന്യൂഡൽഹി: കേരളത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്ത്യൻ സമൂഹമാക്കി മാറ്റിയതിൽ കൈസ്തവ സഭകൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം ഇപ്പോഴും അന്യമായ അവസ്ഥയിലും പ്രാഥമിക വിദ്യാഭ്യാസം എന്നകാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമേ അല്ല. ഈ നിലയിലേക്ക് കേരളത്തെ വളർത്തിയെടുത്തത് ക്രൈസ്തവ സഭയുടെ ഇടപെടൽ നിർണായകമായി എന്നത് ഏവർക്കും ബോധ്യമുള്ള കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയ വേളയിൽ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് ഗുജറാത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് പ്രഖ്യാപിക്കുക പോലുമുണ്ടായി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കത്തോലിക്കാ സഭയുടേത് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നിൽ നിൽക്കുന്നു എന്നതുകൊണ്ടാണ് മോദി ഗുജറാത്തിലേക്ക് സ്വാഗതമോതിയതും. ഉത്തരേന്ത്യയിലെ നഗരങ്ങളിൽ ആശുപത്രികളും സ്‌കൂളും നടത്തുന്നതിൽ മലയാളികൾ അടങ്ങുന്ന കത്തോലിക്കാ സഭകൾ ഇപ്പോഴും സജീവി സാമൂഹ്യസേവനം നടത്തുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രവർത്തനങ്ങളെ ഹിന്ദുത്വവാദികൾ പലപ്പോഴും തെറ്റിദ്ധരിക്കുക പതിവാണ്. ഇങ്ങനെ സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തെറ്റിദ്ധരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കത്തോലിക്കാ സഭ നടത്തുന്ന ഛത്തീസ്‌ഗഢിലെ സ്‌കൂളിൽ നടന്ന സംഭവം.

ഛത്തിസ്ഗഢിലെ കത്തോലിക്ക സ്‌കൂളിലെ അദ്ധ്യാപകരെ വിദ്യാർത്ഥികൾ ഫാദർ എന്ന് അഭിസംബോധന ചെയ്യരുതെന്നും സരസ്വതീ ദേവിയുടെ ചിത്രങ്ങൾ ആശുപത്രിയിൽ തൂക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നിർദ്ദേശിച്ചത്. ബസ്തറിലെ നിർമൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് വിഎച്ച്പി പ്രവർത്തകർ ഈ നിർദ്ദേശങ്ങൾ അടിച്ചേൽപ്പിച്ചത്. വിശുദ്ധ ചാവറ അച്ചനെ വാഴ്‌ത്തപ്പെട്ടവനായി ഉയർത്തുന്ന സംഭവത്തെ കുറിച്ച് കത്തോലിക്കാ സഭാ ബിഷപ്പ് ഡോ. ജോസഫ് കൊല്ലമ്പിൽ പ്രസംഗിച്ചിനെ തെറ്റിദ്ധരിച്ചാണ് വിഎച്ച്പി പ്രവർത്തകർ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയതെന്നാണ് ജഗദൽപൂർ രൂപത വക്താവ് ഫാ. അബ്രഹാം കണ്ണമ്പാല മറുനാടൻ മലയാളിയോട് പറഞ്ഞത്. സ്‌കൂളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഫാ. അബ്രഹാം കണ്ണമ്പാല മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

വിശ്വഹിന്ദു പ്രവർത്തകർ സ്‌കൂളിൽ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയത് തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചു തീർക്കാനും സാധിച്ചു. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ചാവറയച്ചൻ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനങ്ങൾക്ക് നൽകിയ സംഭാവനകളെ കുറിച്ച് ജഗ്ദൽപൂർ ബിഷപ് ഡോ. ജോസഫ് കൊല്ലമ്പിൽ പ്രസംഗിച്ചിരുന്നു. ബസ്തറിലെ നിർമൽ ഹയർസെക്കൻഡറി സ്‌കൂൾ വാർഷിക ചടങ്ങിൽ സന്ദർഭവശാലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. കേരളത്തിൽ കത്തോലിക്കാ സഭ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പെടുത്തത്ത് സമൂഹത്തിന്റെ ഉന്നമനത്തിന് സഹായകമായി എന്നാണ് ബിഷപ്പ് പ്രസംഗിച്ചത്.

ഇങ്ങനെ ചാവറ അച്ചന്റെ വഴിയിൽ സി.എം.ഐ സഭ ബസ്തറിലെ എല്ലാ ഗ്രാമങ്ങളിലേക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും ഗ്രാമങ്ങളിൽ സ്‌കൂളുകൾ തുറക്കുമെന്നും പ്രസംഗിച്ചു. എന്നാൽ ബിഷപ്പിന്റെ ഈ പ്രസംഗം ചിലർ തെറ്റിദ്ധരിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതോടെ മതപരിവർത്തനം സംഭവിക്കുമെന്ന വിധത്തിൽ അവർ തെറ്റിദ്ധരിച്ചു. തുടർന്നാണ് വിഎച്ച്പി പ്രവർത്തകർ സ്‌കൂളിലെത്തി ബഹളം വച്ചത്. തുടർന്ന് വാർത്താസമ്മേളനം വിളിച്ച് പ്രസംഗം വർഗീയത പരത്തുന്നതാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകിയതും.

ചില മാദ്ധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ വാർത്ത വന്നതും പ്രശ്‌നങ്ങളെ വഷളാക്കി. ഈ തെറ്റിദ്ധാരണ തീർക്കാനാണ് വിഎച്ച്പി നേതാക്കളുമായി സഭാ അധികൃതർ ചർച്ച നടത്തിത്. ഞങ്ങളുടെ ഭാഗത്തു നിന്നും ഏഴ് പേരും അവരുടെ ഭാഗത്തു നിന്നും എട്ട് പേരും ചർച്ചയിൽ പങ്കെടുത്തു. വി.എച്ച്.പി. ബസ്തർ ജില്ലാ പ്രസിഡന്റ് സുരേഷ് യാദവും ബിഷപ്പ് ജോസഫ് കൊല്ലമ്പിലും ഞാനുമാണ് ചർച്ചയെ നയിച്ചത്. ഞങ്ങൾ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വിഎച്ച്പി പ്രവർത്തകർക്ക് തെറ്റിദ്ധാരണകൾ പൂർണ്ണമായും മാറുകയും ചെയ്തു.

ചർച്ചയിൽ അവർ ചില നിർദ്ദേശങ്ങൾ അവർ മുന്നോട്ടുവെക്കുകയാണ് ഉണ്ടായത്. സ്‌കൂളിൽ സരസ്വതിയുടെ പ്രതിമ സ്ഥാപിക്കണം എന്നാണ് ഒന്ന്. എന്നാൽ പ്രതിമ സ്ഥാപിക്കാൻ കഴിയില്ലെന്നും പടം വെക്കുന്നതിന് തടസമില്ലെന്നും ഞങ്ങൾ അറിയിക്കുകയായിരുന്നു. സാധാരണ നിലയിൽ ചെയ്യുന്ന കാര്യമാണ് ഇത്. സ്‌കൂളിൽ പ്രത്യേക സന്ദർഭങ്ങളിൽ സരസ്വതീ ദേവിയുടെ പ്രാധാന്യങ്ങൾ പറയാളും പൂജകളും നടത്താറുണ്ട്. അതുകൊണ്ട് തന്നെ സരസ്വതിയുടെ പടം വെക്കുന്നതിനെ അംഗീകരിക്കുകയായിരുന്നു. കൂടാതെ പറഞ്ഞ മറ്റൊരു കാര്യം വൈദികരായ അദ്ധ്യാപകരം ഫാദർ എന്ന് ഹിന്ദുകുട്ടികളെ കൊണ്ട് വിളിപ്പിക്കരുത് എന്നായിരുന്നു. ഇക്കാര്യത്തിൽ യാതൊരു നിർബന്ധവും സ്‌കൂൾ മാനേജ്‌മെന്റ് ഇതുവരെ പുലർത്തിയിരുന്നില്ല. പകരം സാർ എന്ന് വിളിച്ചാൽ മതിയെന്ന നിർദ്ദേശവും അംഗീകരിക്കുകയായിരുന്നു. ഇതോടെ വിഎച്ച്പിക്കാരുടെ തെറ്റിദ്ധാരണകൾ നീങ്ങുകയാണ് ഉണ്ടായത്.

99 ശതമാനവും ഹൈന്ദവർ ഉള്ള പ്രദേശത്താണ് കത്തോലിക്കാ സഭയുടെ സ്‌കൂളുകൾ നടക്കുന്നത്. ഈ സമുദായവുമായി കത്തോലിക്കാ സഭ നല്ല ബന്ധമാണ് പുലർത്തി പോരുന്നതും. 1972ലാണ് ബസ്തറിലെ നിർമ്മൽ സ്‌കൂൾ സഭ ആരംഭിക്കുന്നത്. ഇപ്പോൾ പല ഭാഗങ്ങളിലായി 22ഓളം സ്‌കൂളുകൾ സഭയ്ക്കുണ്ട്. കൂടാതെ ആതുര സേവന രംഗത്തും സഭ നിർണ്ണായക ഇടപെടൽ നടത്തുന്നുണ്ട്. ബാസ്തർ കത്തലിക്ക് ചർച്ചിന്റെ കീഴിൽ ഒരു വലിയ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അനാഥാലയങ്ങളും ബോർഡിംഗുകളും പ്രവർത്തിക്കുന്നുണ്ട്.

സ്‌കൂൾ തുടങ്ങിയ ആദ്യകാലത്ത് മലയാളി അദ്ധ്യാപകരാണ് കൂടുതൽ സഭാ സ്‌കൂളുകളിൽ ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ നിരവധി പ്രദേശവാസികളും ജോലി നോക്കുന്നുണ്ട്. ഇപ്പോഴുണ്ടായ വിവാദം ചില ഹിന്ദുത്വവാദികളുടെ അജണ്ടായാണോ എന്ന സംശയമുണ്ട്. എന്നാൽ മതങ്ങൾ തമ്മിലുള്ള സ്‌നേഹമാണ് കത്തോലിക്കാ സഭയും സ്‌കൂളും ആഗ്രഹിക്കുന്നത്. - ഫാദർ അബ്രഹാം കണ്ണമ്പാല വ്യക്തമാക്കി.