തിരുവനന്തപുരം: മകന്റെ പ്രണയത്തെ ചൊല്ലിയുള്ള എതിർപ്പ് ആത്മഹത്യയിലേക്ക് എത്തിച്ചു. അച്ഛൻ മകനേയും കൂട്ടി കാറോടിച്ചത് മരണത്തിലേക്ക് ആയിരുന്നു. രണ്ടു പേരും മരിച്ചു. വികാസ് ഭവനിൽ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടായ പോത്തൻകോട് അയണിമൂട് വാറുവിളാകം തിരുവാതിരയിൽ എ. വേണു (51), എൻജിനിയറിങ് ബിരുദധാരിയും കിൻഫ്രാ പാർക്കിലെ ജീവനക്കാരനുമായ മകൻ അഖിൽ (കണ്ണൻ 22) എന്നിവരാണ് മരിച്ചത്.

പോത്തൻകോട് പ്‌ളാമൂട് നിസാമിയ പബ്‌ളിക് സ്‌കൂളിന് സമീപം പഞ്ചായത്ത് അധീനതയിലുള്ള ചിറ്റിക്കര പാറമടയിൽ പുലർച്ചെ ആറരയോടെയാണ് ദാരുണ സംഭവം. കാർ സാവധാനമാണ് പാറമടയിലേക്ക് പതിച്ചത്. 200 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് പുലർച്ചെ ഒരു കാർ വീഴുന്നതും താഴ്ന്നു പോകുന്നതും കണ്ട സമീപവാസികളാണ് പോത്തൻകോട് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. ആദ്യം ആരുടെ കാറാണെന്നു വ്യക്തമായില്ലെങ്കിലും ബംബർ ഇടയ്ക്ക് വെള്ളത്തിൽ പൊങ്ങിവന്നതോടെ വേണുവിന്റെ ആൾട്ടോ കാറാണെന്ന സംശയമുണ്ടായി. പാറമടയ്ക്ക് സമീപത്തു താമസിക്കുന്ന ബന്ധുക്കൾ ഇത് സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശിയായ പെൺകുട്ടിയുമായി അഖിലിനുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണം. പെൺകുട്ടിയുടെ ബന്ധുക്കൾ അച്ഛനേയും മകനേയും ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. ഇതിനെ തുടർന്ന് വേണുവും അഖിലും തമ്മിൽ തർക്കവും ഉണ്ടായി. പ്രണയത്തിൽ നിന്ന് പിന്മാറില്ലെന്ന് അഖിൽ ഉറച്ച നിലപാട് എടുത്തു. അന്യമതസ്ഥയായ പെൺകുട്ടിയെ കെട്ടിയാലുള്ള ഭവിഷത്വും അവളുടെ വീട്ടുകാരുടെ ഭീഷണിയുമൊന്നും അഖിൽ മുഖവിലയ്ക്ക് എടുത്തില്ല. ഇതോടെ വേണു കടുത്ത തീരുമാനം എടുത്തുവെന്നാണ് സൂചന.

അച്ഛനുമായി പിണങ്ങിയ അഖിൽ പാറക്കുളത്തിനു സമീപത്ത് വേണുവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഏതാനും ദിവസമായി താമസം. അത്യാവശ്യമായി ഒരിടത്ത് പോകാനായി റോഡിലിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് ഇന്നലെ രാവിലെ ആറിന് വേണു മകനെ ഫോണിൽ വിളിച്ചു. തുടർന്ന് പ്ലാമൂട്ടിലെത്തിയ വേണു മകനെ കാറിൽ കയറ്റി പാറക്കുളത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ വേണുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നതായിബന്ധുക്കൾ പറയുന്നു. ഇതാകാം മകനെയും കൂട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കരുതുന്നു.

സുഖമില്ലാതെ കിടക്കുന്ന ബന്ധുവിനെ കാണാൻ പോകാമെന്നു പറഞ്ഞാണ് മകനെ കാറിൽ കയറ്റിയത്. വീട്ടിലെ സി.സി ടിവി കാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഓടിച്ചുപോയ കാർ നേരെ വെള്ളത്തിലേക്കു ചാടിക്കുകയായിരുന്നുവെന്ന് കരുതുന്നു. വേണു തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. നല്ല സാമ്പത്തിക ഭദ്രതയുള്ളതാണ് വേണുവിന്റെ കുടുംബം. ജോലിക്കു പുറമേ കാർഷിക വരുമാനവുമുണ്ട്. നാട്ടുകാർക്കും സഹായിയായ ഇദ്ദേഹത്തെക്കുറിച്ച് തികഞ്ഞ മതിപ്പാണ് പ്രദേശവാസികൾക്ക്. മക്കളോട് വല്ലാത്ത സ്‌നേഹവും അടുപ്പവുമായിരുന്നു പുലർത്തിയിരുന്നത്.

കളരി അഭ്യാസിയായ വേണു ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചിരുന്നു. സായാഹ്നങ്ങളിൽ പോത്തൻകോട് ജംഗ്ഷനിൽ ഒത്തുചേരാറുള്ള സുഹൃദ്‌സംഘത്തിലെ അംഗവുമായിരുന്നു. റബർ വെട്ടാനെത്തുന്ന തൊഴിലാളിയോട് ഇന്നലെ രാവിലെ ജോലിക്ക് വരേണ്ടെന്ന് തിങ്കളാഴ്ച വൈകിട്ട് വിളിച്ചുപറഞ്ഞിരുന്നു. ഇന്നലെ വെളുപ്പിന് വീട്ടിൽ നിന്ന് കാറെടുത്തു പുറപ്പെടും മുമ്പ്, താനും മകനുമൊത്തുള്ള ഫോട്ടോ എടുത്തു നോക്കുകയും അത് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിരുന്നു. വീട്ടിലാർക്കും ഇതിൽ പ്രത്യേക സംശയമൊന്നും തോന്നിയില്ല.

നാട്ടുകാരുടെ ശ്രദ്ധയിൽ പാറമടയിലേക്ക് കാർ വരുന്നത് കണ്ടിരുന്നു. ഇത് സാവധാനം വെള്ളത്തിലേക്ക് വീഴുന്നതും കണ്ടു. വാർത്ത അതിവേഗം പടർന്നു. ഇതോടെ ആൾക്കൂട്ടവുമായി. ചാക്ക, പനവിള ഫയർ സ്റ്റേഷനുകളിലെ മുങ്ങൽ വിദഗ്ദ്ധരുടെ തെരച്ചിലിൽ മുകളിലെ പാതയുടെ തൊട്ടുതാഴെയുള്ള ഭാഗത്ത് കാർ കിടപ്പുണ്ടെന്നു കണ്ടെത്തി. ഒൻപതു മണിയോടെ അഖിലിന്റെ ജഡം കിട്ടി. മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാർ പൊക്കിയെടുക്കാൻ പോത്തൻകോടിന് സമീപമുള്ള തടിമില്ലിലെ ക്രെയിൻ കൊണ്ടുവന്നെങ്കിലും കയറിന് വേണ്ടത്ര നീളം ഇല്ലാത്തതിനാൽ വേറെ നൈലോൺ കയർ കൊണ്ടുവന്ന് കൂട്ടിക്കെട്ടിയാണ് കാർ ഉയർത്തിയത്. വെള്ളത്തിന് മുകളിലേക്ക് ഉയർത്തിയ കാറിൽ വേണുവിനെ കാണാതായത് ആശയക്കുഴപ്പമുണ്ടാക്കി. ഇദ്ദേഹം രക്ഷപ്പെട്ടോ എന്ന സംശയം ഫയർഫോഴ്‌സ് പ്രകടിപ്പിച്ചു. കാറിന്റെ പിറകു ഭാഗം നിശ്ശേഷം ചുളുങ്ങി മടങ്ങിയിരുന്നു. ഡോറുകളിലെയും മുൻഭാഗത്തെയും ഗ്‌ളാസുകൾ പൂർണമായി തകർന്നിരുന്നു. ഇതിലൂടെയാകാം അഖിൽ വെള്ളത്തിൽ വീണതെന്ന് സംശയിക്കുന്നു. 12 മണിയോടെ കാർ കരയ്‌ക്കെത്തിച്ചു.

ഉച്ചയ്ക്കു ശേഷം വീണ്ടും തെരച്ചിൽ തുടരുന്നതിനിടെ രണ്ടര മണിയോടെയാണ് കാർ കിടന്ന സ്ഥലത്തിന് സമീപത്തായി വേണുവിന്റെ ജഡം കണ്ടെത്തിയത്. അതും മോർച്ചറിയിലേക്ക് മാറ്റി. അപകട മരണത്തിന്റെ വകുപ്പനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് സി.ഐ പ്രമോദ് കൃഷ്ണ പറഞ്ഞു.

ആനാട് എൻജിനിയറിങ് കോളേജിൽ നിന്നാണ് അഖിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് പാസായത്. ഒരാഴ്ച മുമ്പാണ് കിൻഫ്രപാർക്കിലെ ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഗീതയാണ് അമ്മ. തുണ്ടത്തിൽ എം വിഎച്ച്.എസ്.എസിലെ പ്‌ളസ് ടു വിദ്യാർത്ഥി അമൽ (നന്ദു) സഹോദരനും.