പൂണെ: വിവാഹമോചനം നേടിയ യുവാവ് ലൈം​ഗിക പീഡനത്തിനിരയാക്കിയത് സ്വന്തം മകളെ. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന എട്ടുവയസുകാരിയെ ആണ് യുവാവ് പീഡിപ്പിച്ചത്. മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹമോചനം നേടിയ ശേഷം യുവതി മകളെ പിതാവിനൊപ്പം അയക്കുകയായിരുന്നു. എന്നാൽ, പിന്നീട് പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ കൗൺസിലിം​ഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.

ഡോക്ടർ നടത്തിയ കൗൺസിലിംഗിൽ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവ് പരാതിയുമായി കോടതിയിലെത്തിയത്. 'കേസിൽ അന്വേഷണം നടക്കുന്നുണ്ട്. ഇരയായ കുട്ടി സംഭവത്തിന് ശേഷം ആകെ ഭയന്ന അവസ്ഥയിലാണ്. കുട്ടിക്ക് തുടർച്ചയായ കൗൺസിലിങ് നടത്തിവരുന്നുണ്ട്' എന്നാണ് അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ ആരതി ഖേത്മാലിസ് അറിയിച്ചത്.
ബലാത്സംഗത്തിന് പുറമെ പോക്‌സോ വകുപ്പ് പ്രകാരവും പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കേസിനെ കുറിച്ച് പൊലിസ് പറയന്നത് ഇങ്ങനെ: 2004ലായിരുന്നു ഇരുവരുടെയും വിവാഹം. 2012 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു. കേസിൽ വാദത്തിനിടെ മകളെ മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പിതാവിനൊപ്പം അയക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. കുട്ടിയുടെ അമ്മ സ്വർണപ്പണിക്ക് പോയി ആണ് ഉപജീവനം നടത്തുന്നത്. ഭർത്താവ് ഒരു സ്വകാര്യ കമ്പനി ജോലിക്കാരനുമാണ്.

തന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് അമ്മ കുട്ടിയെ അച്ഛനൊപ്പം തന്നെ അയക്കുകയായിരുന്നു. എല്ലാദിവസവും ഇവർ മകളെ കാണാനെത്തുകയും ചെയ്തു. 2019 ൽ കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചു. ഇതിനു ശേഷം ഭർത്താവിന്റെ സ്വഭാവം പൂർണ്ണമായും മാറിയെന്നാണ് ഇവർ പറയുന്നത്. ഈ കാലയളവിൽ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടു തുടങ്ങിയതോടെയാണ് ഡോക്ടറെ സമീപിച്ചത്.