വിഴിഞ്ഞം: ഒന്നര വയസുള്ള കുഞ്ഞിനോട് പിതാവിന്റെ ക്രൂരത.കുട്ടിയുടെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ചു.സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റിനെയാണ് (31) വിഴിഞ്ഞം പൊലീസ് പിടികൂടിയത്.ആരെങ്കിലും ചോദിച്ചാൽ മൂത്ത മകനോട് കുറ്റം ഏൽക്കാൻ പിതാവ് നിർബന്ധിച്ചതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.എല്ലാ ദിവസവും അമ്മൂമ്മയുടെ വീട്ടിൽ കൊണ്ടുവരുന്ന കുഞ്ഞിനെ നാലുദിവസമായി കൊണ്ടുചെല്ലാതെ മകൾ മാത്രം ഒറ്റയ്ക്ക് ചെന്നത് ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാര്യം അന്വേഷിച്ചപ്പോൾ അഞ്ചുവയസുള്ള മൂത്തമകൻ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്പിച്ചെന്നാണ് പറഞ്ഞത്.

എന്നാൽ ഇതിൽ സംശയം തോന്നിയ അമ്മൂമ്മ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് മൂത്തമകൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കുട്ടിയുടെ പിതാവാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുറച്ചുദിവസം മുമ്പ് കുഞ്ഞിന്റെ നെഞ്ചിൽ സ്പൂൺ ഉപയോഗിച്ച് പൊള്ളലേല്പിച്ച സംഭവവുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.ഇടതുകാലിൽ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

മൂന്നുവർഷം മുമ്പ് മുല്ലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.