കോട്ടയം: കോട്ടയം മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ചർച്ചിൽ പോവുകയാണെങ്കിൽ അത് വൈകുന്നേരം പോകണം. എങ്കിൽ പൂർവ്വമായ ഒരു കാഴ്‌ച്ചകാണം. ഇടവകയിലെ ജോസഫ് അച്ചനും കുഞ്ഞാടുകളും ചേർന്ന് പുഴയിൽ നിന്ന് മീൻ പിടിക്കുന്ന അപൂർവ്വമായ ഒരു കാഴ്‌ച്ച. ചെമ്പല്ലി...കാരി...വരാൽ...പള്ളത്തി...അങ്ങനെ ജോസഫ് അച്ചന്റെയും കുട്ടികളുടെയും ചൂണ്ടയിൽ കൊത്താത്ത മീനുകളും ഇല്ല. പുഴയിലെ മീൻ പിടുത്തം കഴിഞ്ഞാൽ നേരെ അച്ചനും കുട്ടികളും പുഴയ്ക്കടുത്തുള്ള വീട്ടിലേക്ക് പോകും. പിടിച്ച മീനുകളെല്ലാം അച്ചനും കുട്ടികളും ചേർന്ന് പാകം ചെയ്യും. പിന്നെ എല്ലാവരും ചേർന്ന് പങ്കു വെച്ച് കഴിക്കാനുള്ള തിരക്കാണ്.

ജോസഫ് അച്ചൻ എന്നു വച്ചാൽ കുട്ടികൾക്ക് ജീവനാണ്. ഒപ്പം രക്ഷിതാക്കൾക്കും. കാരണം സ്‌കൂൾ വിട്ടു വന്നാൽ വീടിനകത്ത് അടച്ചിടപ്പെട്ടിരുന്ന കുട്ടികളുടെ കുസൃതികളെ പുറം ലോകത്തേക്ക് എത്തിച്ചത് അച്ചനാണ്. വീടിന്റെ തടവറയിൽ നിന്ന് മോചനം കിട്ടിയതു കൊണ്ട് അച്ചൻ എന്നുവച്ചാൽ കുട്ടികൾക്കും ജീവനാണ്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ റിട്ടയേർഡ് പ്രിൻസിപ്പൾ കൂടിയായ അച്ചന്റഎ മനസ്സിനെ വിഷമിപ്പിച്ചിരുന്ന ഒരേ ഒരു കാര്യമായിരുന്നു വീടിനകത്ത് അടച്ചിടപ്പെടുന്ന കുട്ടികൾ. മൊബൈൽ ഫോണും വീഡിയോ ഗെയിമും ടിവിയും മാത്രമാണ് പിന്നീട് കുട്ടികളുടെ ലോകം. സാങ്കേതിക വിദ്യയുടെ ഈ ലോകത്ത് നിന്നും കുട്ടികളെ ഇറക്കി കൊണ്ടു വരണമെന്ന് അച്ചൻ ചിന്തിച്ചു. എന്നാൽ കുട്ടികളെ കൊണ്ട് എന്തു ചെയ്യിക്കുമെന്നായിരുന്നു അച്ചൻ ചിന്തിച്ചത്.

അപ്പോഴാണ് അച്ചൻ സ്വന്തം കുട്ടിക്കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയത്. സ്‌കൂൾ വിട്ടു വന്നാൽ എന്നും വീടിനു പുറകിലുള്ള പുഴയിൽ നിന്നും മീൻപിടിച്ചിരുന്ന കാര്യം അച്ചൻ ഓർത്തു. അന്ന് താൻ പിടിച്ചിരുന്ന മീനുകൾ കൊണ്ട് അമ്മ കുടംപുളിയിട്ട് വെക്കുന്ന മീൻ കറിയും അച്ചൻ ഓർത്തു. അപ്പോഴാണ് അച്ചന്റെ മനസ്സിൽ ആ ആശയം ഉണ്ടായത്. ഈ കുട്ടികളെ വൈകുന്നേരം മീൻപിടിത്തം പഠിപ്പിച്ചാലോ എന്ന്. ഈകാര്യം പാരിഷ് അംഗങ്ങളുമായി ചർച്ച ചെയ്തു. അച്ചൻ പറഞ്ഞ ആശയത്തോട് എല്ലാവർക്കും നൂറ് വട്ടം സമ്മതം.

എങ്ങിനെയാണ് മീൻ പിടിക്കേണ്ടതെന്ന് അച്ചൻ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും. അച്ചന്റെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ ചൂണ്ടക്കോൽ പുഴയിലേക്ക് നീട്ടി പിടിക്കുകയും ചെയ്യും. പിന്നെ ഒരു മീൻ വേട്ടയാണ്. കാരി, ചെമ്പല്ലി, പള്ളത്തി, വരാൽ അങ്ങനെ പുഴയിലുള്ള മീനുകൾ എല്ലാം അച്ഛന്റെയും പിള്ളേരുടെയും ചൂണ്ടയിൽ കുരുങ്ങും. 20ഓളം കുട്ടികളെയാണ് ഒരു സമയം അച്ചൻ മീൻ പിടിക്കാൻ പഠിപ്പിക്കുന്നത്.

ദിവസവും വൈകുന്നേരം ആകുമ്പോൾ ചൂണ്ടക്കോലും കൊളുത്തും ചൂണ്ടയിടാനുള്ള ഇരയുമൊക്കെയായി കുട്ടികളും അച്ചനും പള്ളിക്ക് പുറകിലുള്ള പുഴവക്കത്തേക്ക് പോകും. അച്ചനും കുട്ടികളും ചേർന്ന് രണ്ട് കിലോ മീൻ എങ്കിലും ദിവസവും പിടിക്കും. പിന്നെ എല്ലാവരും ചേർന്ന് ഈ മീനൊക്കെ പാകം ചെയ്യുന്നതിന്റെ തിരക്കാണ്. അച്ചനും കുട്ടികളും ചേർന്നാണ് ഈ മീനെല്ലാം കറിയാക്കുന്നതും കഴിക്കുന്നതും. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികൾ പങ്കുവെയ്ക്കുന്നതിന്റെ മഹത്വം തിരിച്ചറിയുകയും സ്വാർത്ഥത ഇല്ലാത്തവരായി തീരുകയും ചെയ്യുമെന്നും അച്ചൻ പറയുന്നു.

ദിവസവുമുള്ള ഈ മീൻ പിടുത്തം കുട്ടികളെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുമെന്ന് ജോസഫ് അച്ചൻ പറയുന്നു. കുട്ടികളെ അടച്ചിട്ട വീടിനുള്ളിൽ നിന്ന് പുറത്തിറക്കാനായതിനാൽ അച്ചനും ഹാപ്പിയാണ്. കുട്ടികൾ പ്രകൃതിയെ അറിഞ്ഞു വളരട്ടെ എന്നാണ് അച്ചൻ പറയുന്നത്.