തൃശ്ശൂർ: വീണ്ടും കേരളത്തെ നടുക്കി അരുംകൊല. വെങ്ങിണിശ്ശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുരേഷാണ് മകൾ സുധയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടി പരിക്കേൽപ്പിച്ച അച്ഛൻ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

സുധക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സ്ഥിരീകരണമുണ്ട്. അതുകൊണ്ട് വീട്ടിൽ പ്രശ്നങ്ങളുണ്ടാകാറുള്ളതായി സംശയിക്കുന്നു. കൂടാതെ കഴിഞ്ഞ ദിവസമുൾപ്പെടെ സുരേഷ് മദ്യപിച്ച് വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതായും വിവരമുണ്ട്.

ഇവർ അടുത്തിടെയാണ് വെങ്ങിണിശ്ശേരിയിൽ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. അതിനാൽ തന്നെ അയൽവാസികൾക്ക് ഇവരെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സുരേഷിന് മാനസിക അസ്വാസ്ഥ്യമുണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക പരിശോധനകൾ മാത്രമാണ് പൂർത്തിയായതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.