മരിയാപുരം: പിഞ്ച്കുഞ്ഞിനെ പിതാവ് കൊന്നത് തൊട്ടിലിൽ നിർത്താതെ കരഞ്ഞതിന്. തൊട്ടിലിൽ ആട്ടുന്നിതിനിടെ കരഞ്ഞ നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തല കതകിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. മരിയാപുരം പൂതക്കുഴിയിൽ അനിൽ (41) ആണ് പിടിയിലായയ്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇടുക്കി പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:ശനിയാഴ്ച വൈകിട്ട് പ്രതി ജോലി കഴിഞ്ഞ് വന്നപ്പോൾ ഭാര്യ ഗ്രീഷ്മ കാപ്പി നൽകിയില്ലെന്നാരോപിച്ച് വഴക്കുണ്ടായി. വീട്ടിൽ നിന്നും പുറത്ത് പോയ അനിൽ രാത്രി ഏഴ് മണിയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഗ്രീഷ്മ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു.വീണ്ടും കാപ്പി ആവശ്യപ്പെട്ട അനിലിനോട് കുഞ്ഞിന്റെ കരച്ചിൽ മാറട്ടെയെന്ന് ഗ്രീഷ്മ പറഞ്ഞതോടെ വഴക്ക് രൂക്ഷമായി.

ഇതിനിടെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അടുക്കളയിലേയ്ക്ക് പോയ ഭാര്യയുടെ പിന്നാലെയെത്തി വീട്ടിൽ നിന്നും ഇറങ്ങി പോകാൻ അനിൽ ആവശ്യപ്പെട്ടതോടെ പ്രാണഭയത്തെടർന്ന് ഗ്രീഷ്മ ഇറങ്ങിപ്പോയി. ഈ സമയം തൊട്ടിലിൽ കിടന്ന കുഞ്ഞ് വാവിട്ട് കയരുകയായിരുന്നു. ആദ്യം അനിൽ തൊട്ടിൽ ആട്ടിയെങ്കിലും കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായി. ദേഷ്യംമൂത്ത അനിൽ തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുക്കുവാൻ ശ്രമിച്ചെങ്കിലും കാൽത്തള തൊട്ടിലിൽ ഉടക്കി.

ഇതിൽ കലിപൂണ്ട ഇയാൾ കുഞ്ഞിനെ തൊട്ടിലിലേക്ക് തിരികെ ഇട്ട ശേഷം തൊട്ടിൽ ശക്തിയായി മരക്കതകിന്റെ പാളിയിൽ ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടൽ വീണു. ഈ സംഭവം അനിലിനെക്കൊണ്ട് തന്നെ ഇടുക്കി പൊലീസ് വിശദമായ ചോദ്യം ചെയ്യലിൽ പറയിച്ചു. കുരുന്നിലെ ഭാര്യ കൊലപ്പെടുത്തിയെന്നും ഭാര്യയ്ക്ക് മനോരോഗമാണെന്നുമാണ് അനിലും ബന്ധുക്കളും ആദ്യം പ്രചരിപ്പിച്ചത്.

സംഭവത്തിന് ശേഷം ചെവിയിലൂടെ രക്തം ഒലിച്ചിറങ്ങിയ കുഞ്ഞുമായി അനിൽ ബന്ധുക്കളെയും കൂട്ടി ഇടുക്കി ജില്ലാ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തി. എന്നാൽ ഇവിടെ വച്ച് കുട്ടി മരിച്ചു. താൻ പുറത്തേയ്ക്ക് പോയ സമയം ഗ്രീഷ്മ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. പെൺകുഞ്ഞ് പിറന്നതിൽ അനിലിന് ദേഷ്യമുണ്ടായിരുന്നു. പലപ്പോഴും കുഞ്ഞിനെ എവിടെങ്കിലും കൊണ്ടുപോയി കളയുവാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.