കോയമ്പത്തൂർ: അർബുദ ബാധിതനായ ബാലനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. സേലം കൊങ്കനാപുരം കാച്ചുപ്പള്ളിയിലാണ് സംഭവം. 14 വയസ്സുള്ള വണ്ണത്തമിഴ് ആണ് കൊല്ലപ്പെട്ടത്. കാലിൽ അർബുദ ബാധിതനായ കുട്ടിക്ക് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ പിതാവ് പെരിയസാമി (47), സഹായി വെങ്കിടേഷ്, പ്രദേശത്തെ മെഡിക്കൽ അസിസ്റ്റന്റ് പ്രഭു എന്നിവരെ കൊങ്കനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കാൻസർ ബാധിതനായ കുട്ടി രണ്ടു വർഷമായി ചികിൽസയിലായിരുന്നു. അടുത്ത ദിവസങ്ങളിൽ കുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളായി.

ചികിൽസ നൽകാൻ പണമില്ലാത്തതും, കുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടു നിൽക്കാനാകാതെയുമാണ് കുത്തിവെയ്‌പ്പ് നൽകിയതെന്ന് ലോറി ഡ്രൈവറായ പിതാവ് പെരിയസാമി പറഞ്ഞു. ഇതിനായി പെരിയസാമി പ്രഭുവിനെ സമീപിക്കുകയായിരുന്നു. പെയിൻ കില്ലറാണ് കുത്തിവെച്ചതെന്നും പെരിയസാമി പറയുന്നു. മരുന്ന് കുത്തിവെച്ച ഉടൻ തന്നെ കുട്ടി മരിച്ചു.

കുട്ടിയുടെ പെട്ടെന്നുള്ള മരണമാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.