ആലുവ: മകന്റെ വിവാഹ സ്വീകരണ വേദിയിൽ കുഴഞ്ഞുവീണു പിതാവു മരിച്ചു. ആലുവയിലാണ് ദൗർഭാഗ്യകരമായ ഈ സംഭവമുണ്ടായത്. സന്തോഷം നിറഞ്ഞു നിന്ന വേളയാണ് നിമിഷ നേരം കൊണ്ട് ദുഃഖസാന്ദ്രമായി മാറിയത്. നിർമല സ്‌കൂളിനു സമീപം നേരെവീട്ടിൽ ജോയി പോൾ (59) ആണ് മരിച്ചത്.

ജോയിയുടെ മൂത്ത മകൻ ജിനോയും കൊച്ചി ഞാലിപ്പറമ്പ് കുട്ടത്തിപ്പറമ്പിൽ അഞ്ജുവും തമ്മിലുള്ള വിവാഹം രാവിലെ സെന്റ് ഡൊമിനിക് പള്ളിയിൽ നടന്നിരുന്നു. വിവാഹ ശേഷം അസീസി ജംക്ഷനിലുള്ള ലിറ്റിൽ ഫ്‌ലവർ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു വിവാഹ സൽക്കാരം നടക്കുന്നതിനിടെയാണു സംഭവം. സ്റ്റേജിൽ നിന്നു താഴേക്ക് ഇറങ്ങുമ്പോഴാണു ജോയി വീണത്.

തുടർന്ന് അശോകപുരം കാർമൽ ആശുപത്രിയിൽ എത്തിച്ചു. ഹൃദയാഘാതമാണു മരണ കാരണമെന്നു ഡോക്ടർ സ്ഥിരീകരിച്ചതായി വീട്ടുകാർ പറഞ്ഞു. സംസ്‌കാരം ഇന്ന് 3.30നു സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: മേരി. ഇളയ മകൻ: ജോയൽ.