ബർലിൻ: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മോചനത്തിന് വഴി തെളിയുന്നു. ഫാ.ടോം ഉഴുന്നാലിൽ ഉടനെ മോചിതനാകുമെന്നു ജർമൻ പത്രമായ 'ബിൽഡ്' റിപ്പോർട്ട് ചെയ്തു. സ്വിറ്റ്‌സർലൻഡുകാരനും ദക്ഷിണ അറേബ്യൻ ബിഷപ്പുമായ പോൾ ഹിൻഡറുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിവായത്.

ഫാ.ടോം ഉഴുന്നാലിലിന് കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കപ്പെടുന്നുവെന്ന സൂചനയാണ് അഭിമുഖത്തിലുള്ളത്. ക്രൈസ്തവർ മാത്രമല്ല, ലോകത്തെ കോടിക്കണക്കിനു മറ്റു ജനങ്ങളും ഫാ.ടോമിന്റെ മോചനം ആഗ്രഹിച്ചുവരികയാണെന്നു ബിഷപ് പറഞ്ഞു. ഫാ. ഉഴുന്നാലിലിനെ എവിടെയാണു പാർപ്പിച്ചിരിക്കുന്നതെന്നു കഴിഞ്ഞയാഴ്ച വിവരം ലഭിച്ചിരുന്നു. അദ്ദേഹം ഉടനെ മോചിതനാകും. അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു. ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി മാർപ്പാപ്പ നേരിട്ട് ഇടപെടലുകൾ നടത്തിയിരുന്നു. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും ഇത്തരം നീക്കങ്ങളിൽ സജീവമായിരുന്നു.

ഇതിനിടെ ആശങ്ക പടർത്തുന്ന പല വാർത്തകളും സോഷ്യൽ മീഡിയിയിൽ എത്തി. പെസഹാ വ്യാഴത്തിന് ഫാദറിനെ തലയറത്തു കൊന്നുവെന്നതായിരുന്നു അതിലൊന്ന്. ഇതെല്ലാം സഭയും കേന്ദ്ര സർക്കാരും നിഷേധിച്ചു. ഐസിസ് അനുകൂല തീവ്രവാദ സംഘടനയുടെ പിടിയിലുള്ള ഫാദറിനെ മോചിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ കേന്ദ്ര സർക്കാരും സജീവമാക്കി. ഇത് ഫലം കാണുന്നുവെന്ന സൂചനയാണ് ജർമൻ പത്രം നൽകുന്നത്. ദിവസങ്ങൾക്കുള്ളിൽ മലയാളി വൈദികന്റെ മോചനം സാധ്യമാകുമെന്നാണ് വിലയിരുത്തൽ.

മാർച്ച് നാലിനാണു സലേഷ്യൻ ഡോൺ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിലിനെ തെക്കൻ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിൽനിന്നു തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമായ ഫാ. ടോം നാലുവർഷമായി യെമനിലാണ്. നേരത്തെ ബംഗളൂരുവിലും കർണാടകയിലെ കോലാറിലും സേവനം അനുഷ്ഠിച്ചിരുന്നു. രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടർന്ന് 2014 സെപ്റ്റംബർ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലികൾ തീർക്കാനുണ്ടായിരുന്നതിനാൽ ഈ മാസത്തേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തിൽ നാലംഗ സംഘം നടത്തിയ വെടിവയ്പിൽ നാലു കന്യാസ്ത്രീകളുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സമയം ആത്മീയ ശുശ്രൂഷകൾക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദർ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദർ സാലിയാണ് ആക്രമണവിവരം നാട്ടിൽ അറിയിച്ചത്. അക്രമികൾ എത്തുമ്പോൾ ചാപ്പലിൽ പ്രാർത്ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. 54 കാരനായ ഫാ. ടോം സലേഷ്യൻ സഭാംഗമാണ്. രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസ്‌ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്. അഞ്ചുവർഷമായി യെമനിൽ സേവനമനുഷ്ഠിക്കുകയാരുന്നു. യെമനിലെ ഏദനിൽ വയോജനങ്ങൾക്കായുള്ള ഒരു വീട്ടിൽ നാല് ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തനിടെയാണ് ഫാദറിനെ ബന്ധിയാക്കിയിരിക്കുന്നത്. ബാംഗ്ലൂരിലെ സിലെസിയൻ ഓർഡറിലെ അംഗമാണ് ഫാദർ ടോം.

കടുത്ത പീഡനത്തിനാണ് ഫാദറെ ഭീകരർ വിധേയനാക്കിക്കൊണ്ടിരിക്കുന്നതെന്നും യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനമായ ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെയും കുരിശിലേറ്റി വധിക്കാനുള്ള സാധ്യതയേറെയാണെന്നുമാണ് സോഷ്യൽ മീഡിയകളിൽ പടർന്ന സന്ദേശം. സൗത്ത് ആഫ്രിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ സിസ്റ്റേർസ് സീസൻ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഫേസ്‌ബുക്കിലിട്ടു. ടോമിനെ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിൽ നിന്നും തട്ടിക്കൊണ്ട് പോയിരിക്കുന്നത് ഐസിസാണെന്നും അദ്ദേഹത്തെ കടുത്ത രീതിയിൽ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ദുഃഖവെള്ളിയാഴ്ച ദിനത്തിൽ കുരിശിലേറ്റി വധിക്കുമെന്നുമാണ് ഈ പോസ്റ്റിൽ വെളിപ്പെടുത്തിയത്.

ഈ പോസ്‌ററ് പുറത്ത് വന്നതിനെ തുടർന്ന് ഇക്കാര്യം നിഷേധിച്ച് കൊണ്ട് ഫാദർ ടോമിന്റെ സിലെസിയൻ ഓർഡറിലെ അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ എവിടെയാണ് തടഞ്ഞ് വച്ചിരിക്കുന്നതെന്നോ അദ്ദേഹം ജീവിച്ചിരിക്കുന്നോ അതോ മരിച്ചുവോ എന്ന കാര്യങ്ങൾ പറയാൻ അവർക്ക് സാധിക്കുന്നുമില്ല. എന്നാൽ ഈ ആക്രണം നടത്തിയതും ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയതും ഐസിസ് തന്നെയാണെന്നാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ സിസ്റ്റർ സിസിലി വെളിപ്പെടുത്തിയിരിക്കുന്നത്. അവിടെയുള്ള എല്ലാവരെയും ഐസിസുകാർ വധിച്ചിരുന്നുവെന്നും താൻ ഒരു വാതിലിന് പുറകിൽ മറഞ്ഞിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നുമാണ് ക്രിസ്ത്യൻ പോസ്റ്റിലെ റിപ്പോർട്ടിലൂടെ സിസിലി വെളിപ്പെടുത്തി യിരിക്കുന്നത്.