- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫാത്തിമ തെഹ്ലിയക്കെതിരെ ലീഗിന്റെ നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; നടത്തിയത് ഗുരുതര അച്ചടക്കലംഘനമെന്ന് ലീഗ്; പാർട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഫാത്തിമ; പാർട്ടിക്കുള്ളിൽ ലിംഗനീതിക്കായി ശബ്ദമുയർത്തിയ വനിതാ നേതാവിനെ മെരുക്കി ലീഗ് നേതൃത്വം
മലപ്പുറം: എംഎസ്എഫുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അച്ചടക്ക വാളെടുത്തു മുസ്ലിംലീഗ് അടിമുടി അഴിച്ചുപണിയിൽ. എംഎസ്എഫ് ഹരിത നേതൃത്വത്തെ പിരിച്ചു വിട്ടു പുതിയ നേതൃത്വത്തെ നിയമിച്ച ലീഗ് ഇപ്പോൾ ഹരിത വിഷയത്തിൽ കടുത്ത വിമർശനം ഉയർത്തിയ ഫാത്തിമ തെഹ്ലിയക്കെതിരെയും നടപടിയുമായി രംഗത്തുവന്നു. ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഹരിത വിഷയത്തിൽ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് മുസ്ലിംലീഗിന്റെ നടപടി.
ഹരിതയുടെ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതിനെതിരെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഫാത്തിമ രംഗത്തെത്തിയിരുന്നു. ഹരിത നേതാക്കൾ ഏത് തരത്തിലുള്ള അച്ചടക്ക ലംഘനമാണ്് നടത്തിയതെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും ഹരിത നേതാക്കൾക്ക് ഒപ്പം ഉണ്ടാകുമെന്നും തെഹലിയ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള പരാതികൾ പരിഹരിക്കേണ്ടത് ഈ രീതിയിലാണൊയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ഫാത്തിമ പ്രതികരിച്ചിരുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ ലൈംഗിക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു.
കഴിഞ്ഞ കമ്മിറ്റിയിൽ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളിൽ പൂർണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.
നേരത്തെ ഹരിത വിഷയത്തിൽ കോഴിക്കോട്ട് വാർത്താസമ്മേളനം വിളിച്ചും ഫാത്തിമ തെഹ്ലിയ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ലൈംഗികാധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുക്കും മുൻപ് വിശീകരണം തേടിയെന്നും ഹരിതയ്‌ക്കെതിരെ നടപടിയെടുക്കും മുൻപ് ഇത് പാലിച്ചില്ല. രണ്ടു നീതിയെന്നു വരെ തോന്നി. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. ഹരിത പാർട്ടിക്ക് വിരുദ്ധമായി എന്ന് കാണുമ്പോൾ സങ്കടവും പ്രതിഷേധവും ഉണ്ടെന്നാണ് അവർ അന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഒട്ടനവധി മേഖലകളിൽ പെൺകുട്ടികൾക്ക് വേണ്ടി ഹരിത പ്രവർത്തിച്ചു. സ്ത്രീകളുടെ പ്രശ്‌നത്തിൽ ഹരിത ഒപ്പംനിന്നു. ലീഗിൽ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ പറ്റില്ലെന്ന പ്രചാരണം ശരിയല്ല. ലീഗിന് ഹരിത ബാധ്യതയെന്നുവരെ പ്രചാരണമുണ്ടായി. വനിത കമ്മിഷനെ സമീപിച്ച 10 പെൺകുട്ടികളും പാർട്ടിയിലെ പ്രധാന പ്രവർത്തകരാണ്. ആദ്യം പരാതിപ്പെട്ടത് പാർട്ടിയിൽ തന്നെയാണ്. പാർട്ടിയെ വിശ്വസിച്ച് പരസ്യപ്രതികരണം നടത്തിയില്ലെന്നും ഫാത്തിമ പറയുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ