തലശേരി: സെയ്ദാർ പള്ളിയിലെ ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിക്കെതിരെ ഫസലിന്റെ ഭാര്യ മറിയൂ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎമ്മിൽ നിന്നും ചേരി മാറി എൻ.ഡി.എഫ് പ്രവർത്തകനായ ഫസലിന്റെ കൊലക്ക് പിന്നിൽ സിപിഎമ്മാണെന്ന് ആവർത്തിച്ചുകൊണ്ടായിരുന്നു ഭാര്യ മറിയു പ്രതികരിച്ചത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്..

കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹരജി കൊടുത്തത് സിപിഎമ്മിന് വേണ്ടിയാണ്, അതിന് എന്തെങ്കിലും നക്കാപ്പിച്ച സഹോദരന് കിട്ടുന്നുമുണ്ടാകും, അത് ഫസലിനോടുള്ള ആത്മാർഥത കൊണ്ടല്ല.. സിപിഎമ്മിന് അനുകൂലമായി കേസ് പോകാൻ വേണ്ടിയുള്ള ശ്രമം മാത്രമാണ് സഹോദരൻ നടത്തുന്നതെന്ന് തനിക്കൊരു സംശയവുമില്ലെന്നും മറിയൂ പറഞ്ഞു.തന്റെ ഭർത്താവിനെ കൊന്നത് ആർ.എസ്.എസ് കാരല്ലെന്ന കാര്യം ഉറപ്പുണ്ട്. സിപിഎമ്മുകാരാണ് ഫസലിനെ കൊന്നതെന്നും മറിയൂ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എന്നാൽ ഫസൽ വധകേസിൽ സിപിഎമ്മുകാർ തന്നെ പ്രതിപട്ടികയിൽ വരണമെന്ന് നിർബന്ധമില്ലെന്ന് പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ അറിയിച്ചു. കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സിപിഎം നേതാവ് പി ജയരാജൻ രംഗത്തെത്തിയിട്ടുണ്ട്.

വൈകിയെത്തിയ നീതിയാണിതെന്ന് പ്രതികരിച്ച ജയരാജൻ ഇത്രയും സിപിഎമ്മിനെതിരെ അന്വേഷണ ഏജൻസികൾ നടത്തിയത് വേട്ടയാടലാണെന്നും വിമർശിച്ചു. 'ഫസൽ കൊല്ലപ്പെട്ടത് പെരുന്നാളിനോട് അടുത്ത ദിവസമായിരുന്നു. അന്ന് പ്രദേശത്ത് എൻ.ഡി.എഫ്-ആർ.എസ്.എസ് സംഘർഷം നിലനിന്നിരുന്നു. ആ സഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൊലപാതകം നടന്നതെന്നാണ് അന്ന് എൻ.ഡി.എഫും പ്രദേശത്തുള്ളവരും പറഞ്ഞത്. എന്നാൽ പൊലീസും പിന്നീട് സിബിഐയും ചേർന്ന് സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു.

ആ സമയത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും യോജിച്ച് പ്രവർത്തിച്ച് സിപിഎമ്മിനെതിരെ പ്രചാരവേല നടത്തുകയായിരുന്നു. പിന്നീട് സിപിഎം പ്രവർത്തകനായ വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകരിൽ നിന്നാണ് ഈ കേസിൽ വഴിത്തിരിവുണ്ടാകുന്നത്. മോഹനൻ വധക്കേസ് അന്വേഷണത്തിനിടെ ആർ.എസ്.എസ് പ്രവർത്തനെ ചോദ്യംചെയ്തപ്പോഴാണ് കുപ്പി സുധീഷ് അടക്കമുള്ള ബിജെപി പ്രവർത്തകർ ഫസൽ വധക്കേസിൽ ഉൾപ്പെട്ടിരുന്നതായി കുറ്റസമ്മതമൊഴി ലഭിച്ചതെന്നും പി ജയരാജൻ പറഞ്ഞു.

2006 ഒക്ടോബർ 22നാണ് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന എൻ.ഡി.എഫ് പ്രവർത്തകൻ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം നോമ്പ് ദിവസം പുലർച്ചെയാണ് സ്ഥലത്തെ തേജസ് പത്രവിതരണക്കാരൻ കൂടിയായ ഫസൽ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിബിഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസൽ വധക്കേസ്. ഫസൽ വധക്കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജൻ, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടു സിപിഎമ്മുകാരെ പ്രതി ചേർത്തായിരുന്നു സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

മുഖ്യപ്രതി ചേർത്ത തലശേരി ഫസൽ വധക്കേസിൽ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ യഥാർഥ പ്രതികൾ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരൻ കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നിൽ തങ്ങളായിരുന്ന എന്ന് ആർ.എസ്.എസ് പ്രവർത്തകനായ കുപ്പി സുധീഷ് മൊഴി നൽകിയിരുന്നതായി ഹരജിയിൽ പറയുന്നു. കൂട്ടുപ്രതിയായ ഷിനോജ് എന്നയാളും ഇത് സമ്മതിച്ചിട്ടുണ്ടെന്നും സഹോദരൻ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.