കൊച്ചി : പെൺകുട്ടികൾ ഏറെയില്ലാത്ത ബൈക്ക് റേസിങ്ങിൽ കഴിവ് തെളിയിച്ച് വ്യത്യസ്തയാവുകയാണ് ഫസീല എന്ന ഫസി. സൈക്കിൾ ചവിട്ടിയും ബജാജ് സ്പിരിറ്റ് സ്‌കൂട്ടർ ഓടിച്ചും മുന്നോട്ട് പോയപ്പോഴെല്ലാം ഫസി കണ്ട സ്വപ്‌നം ബൈക്കിലെ പറക്കൽ തന്നെയായിരുന്നു. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഏറെ കഷ്ടപ്പെട്ടു ഫസി.

ചെക്കന്മാർ ബൈക്ക് ഓടിക്കുന്നുണ്ട്. പിന്നെന്താ പെങ്കുട്ടികൾ ഓടിച്ചാൽ. ഈ വിശ്വാസമാണ് തന്റെ ആത്മവിശ്വാസമെന്ന് ഫസി പറയുന്നു.
ഏഴ് കൊല്ലം കൊണ്ട് ഫസീ തെളിയിച്ചു. പെൺകുട്ടികൾക്കും റേസിങ്ങും റാലിയുമെല്ലാം വഴങ്ങുമെന്ന്. 26 വയസ്സിൽ ടിവി എസ്സിന്റെ അപ്പാച്ചെ ബൈക്കിലാണ് ഫസിയുടെ അഭ്യാസങ്ങളെല്ലാം.

കോഴിക്കോട് പ്ലസ്ടു പഠനത്തിനിടയാണ് ബൈക്കുകളോടുള്ള കമ്പം കൂടിയത്. ഒത്തിരി സുഹൃത്തുക്കളോട് ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. പെൺകുട്ടികൾ പറ്റുന്ന പണി ചെയ്താൽ പോരെയെന്നായിരുന്നു മറുപടി. അങ്ങോട്ട് ആവശ്യപ്പെടാതെ നിനക്ക് ബൈക്കോടിക്കണോ എന്ന് ചോദിച്ചത് അമ്മാവനാണെന്നാണ് ഫസീലയുടെ ഓർമ്മ. അന്ന് ബൈക്ക് സ്റ്റാർട്ടാക്കാൻ ഏറെ ബുദ്ധിമുട്ടി. ഓടിച്ചു നോക്കിയപ്പോൾ മനസ്സിലായി. സ്‌കൂട്ടർപോലെ തന്നെ. ക്ലച്ച്, ഗിയർ എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളെ ഉള്ളൂ, ബേസിക്സ് അറിഞ്ഞാൽ ഓടിക്കാവുന്നതേയുള്ളൂ. അതിന് ശേഷം ധൈര്യം വന്നു.ആ ധൈര്യമാണ് ഇന്ന് റേസിങ്ങ് ട്രാക്കുകളിലെ കൈയടികൾ നേടാൻ ആത്മവിശ്വാസം നൽകിയത്.

കൊച്ചിയിൽ യോഗ ഇൻസ്ട്രക്ടറും ഫിറ്റ്നസ് ട്രെയിനറുമായെത്തിയതോടെയാണ് ഫസീലയുടെ തലവരമാറിയത്. പനങ്ങാട് ഒരു റേസിങ് പരിശീലനം കാണാൻ പോയപ്പോൾ താൽപര്യമുണ്ടെങ്കിൽ ബൈക്ക് ഓടിച്ചു നോക്കിക്കോളാൻ ആരോ പറഞ്ഞു. അന്നാണ് ജീവിതത്തിൽ ആദ്യമായിട്ട് ആൺകുട്ടികൾ സ് ബൈക്ക് തന്നിട്ട് ഓടിക്കൂ എന്ന് പറയുന്നത്. തുടർന്ന് കൊച്ചിയിലെ റേസിങ് ടീമായ കോഗ് റേസിങ്ങിൽ അംഗമായി.

രണ്ടാഴ്‌ച്ച കഴിഞ്ഞ് പറവൂരിലായിരുന്ന കന്നി റേസ്. പരിചയ സമ്പത്ത് കൂടുതലുള്ള എട്ടു പേർക്കെതിരെ എടുത്താൽ പൊങ്ങാത്ത ഹീറോ ഇംപൾസ് ബൈക്കിൽ ഒന്നാം സ്ഥാനം നേടിയാണ് ആ റേസ് ഫസീല അവസാനിപ്പിച്ചത്.

അതോടെ റൈഡിങ്ങ് സീരിയസ്സായി എടുക്കാൻ ഉപദേശങ്ങളായി. ഈ ഉപദേശങ്ങളെക്കാൾ ഫസി മുന്നോട്ട് നയിച്ചത് തന്റെ സ്വപ്‌നങ്ങൾ തന്നൊയിരുന്നു.കോഗ് റേസിങ്ങിലെ കൂട്ടുകാരുടെ പിന്തുണയോടെ ഫസി ബൈക്ക് റാലിക്കുമിറങ്ങി.

ബറോഡയിലും ഇൻഡോറിലും നടന്ന എംആർഎഫ് നാഷണൽ റാലികളിൽ പങ്കെടുത്ത് പോഡിയം ഫിനിഷ് ചെയ്ത് കൈയടി വാങ്ങി.ഇനി പൂണെയിലും നാസിക്കിലുമാണ് ഫസിക്ക് അടുത്ത റാലികൾ. അതിനുള്ള തയ്യാറെടുപ്പിലും ഫണ്ട് ശേഖരിക്കാനുമുള്ള തിരക്കിലാണ് കോഗ് റേസിങ്.

ബൈക്കിൽ പുരുഷ മേധാവിത്വമൊന്നുമില്ലെന്ന് ഫസീല പറയുന്നു. സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ആത്മവിശ്വാസം മാത്രം മതി.തന്റെ ജീവിതവും വിജയവും അതിനുള്ള തെളിവാണ്.