ബംഗളൂരു: മക്കളുടെ സോഷ്യൽ മീഡിയ ഭ്രമം മാതാപിതാക്കളെ ഉൾപ്പെടെ വൻ കുഴപ്പത്തിൽ ചാടിച്ചാലോ. ഫേസ്‌ബുക്കിൽ സജീവമായിരുന്ന മകനെ വശീകരിച്ച് അജ്ഞാതൻ മാതാപിതാക്കളുടെ ലൈംഗികബന്ധം ക്യാമറയിൽ പകർത്താൻ ആവശ്യപ്പെടുകയും പിന്നീട് അത് കൈക്കലാക്കി മാതാപിതാക്കളെ ബ്‌ളാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത വാർത്തയാണ് ഇപ്പോൾ വലിയ ചർച്ചയായിട്ടുള്ളത്.

ബംഗളൂരുവിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാർത്ത. മകന്റെ അമിത ഇന്റർനെറ്റ് അഭിനിവേശം മൂലം തകർന്ന ഒരു കുടുംബത്തിന്റെ കഥയാണിത്. ഓൺലൈൻ വലയിൽ മകനെ വീഴ്‌ത്തിയ അജ്ഞാതൻ രക്ഷിതാക്കളുടെ ലൈംഗികവേഴ്‌ച്ചയുടെ ദൃശ്യങ്ങൾ മകനെ ഉപയോഗിച്ച് ചിത്രീകരിച്ചു. ഇത് സ്വന്തമാക്കുകയും പിന്നീട് ഇതുവച്ച് പിതാവിനെ ബ്ലാക്മെയ്ൽ ചെയ്യുകയുമായിരുന്നു.

ഫേസ്‌ബുക്കിലൂടെയാണ് ബംഗളൂരു നഗരത്തിൽ താമസിക്കുന്ന പതിമൂന്നുകാരനായ ആൺകുട്ടി അപരിചിതനായ യുവാവുമായി പരിചയപ്പെടുന്നത്. ആദ്യം കുറച്ചുസമയമായിരുന്ന ചാറ്റിങ് പിന്നീട് ദിവസവും മണിക്കൂറുകളോളം നീളുന്ന നിലയിലെത്തി. ഇതോടെ കുട്ടി അയാളുടെ നിയന്ത്രണത്തിലായി. ഇരുവരും വലിയ സൗഹൃദത്തിലുമായി. സ്‌കൂൾ വിദ്യാർത്ഥിയാണ് കുട്ടി.

ഇതിനിടെ തേജാൽ പട്ടേലെന്ന് പരിചയപ്പെടുത്തിയ യുവാവ് കുട്ടിയുടെ പിതാവിന്റെ ഫോൺനമ്പർ സ്വന്തമാക്കി. നിരന്തരം ലൈംഗിക ചുവയുള്ള ചിത്രങ്ങളും വീഡിയോയും അയച്ച് കുട്ടിയെ ഇയാൾ വശത്താക്കി. ഇതോടെ കുട്ടി ഇയാളുമായി കൂടുതൽ അടുക്കുകയും ചെയ്തു. വിശ്വസം നേടിയെടുത്തതോടെ തേജ്പാൽ എന്തു ആവശ്യപ്പെട്ടാലും ചെയ്യുന്ന ഘട്ടത്തിലേക്ക് കുട്ടി മാറി.

ഒരു ദിവസം മാതാപിതാക്കൾ ലൈംഗികബന്ധത്തിലേർപ്പെടുന്ന ചിത്രങ്ങൾ അയച്ചു തരാൻ ഇയാൾ ആവശ്യപ്പെട്ടു. കുട്ടി മാതാപിതാക്കൾ അറിയാതെ രംഗം ചിത്രീകരിക്കുകയും ഇത് അയച്ചുകൊടുക്കുകയും ചെയ്തു. പിറ്റേദിവസം പിതാവിനെ തേടി ഒരു ഫോൺകോളെത്തി. ഒരു കോടി രൂപ നല്കിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ രക്ഷിതാക്കൾ ബംഗളൂരു പൊലീസിനെ സമീപിച്ചു. ദൃശ്യങ്ങൾ വീട്ടിൽ നിന്നു തന്നെ പകർത്തിയതാണെന്നു മനസിലാക്കിയ പൊലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തറിയുന്നത്. തേജ്പാലിനുവേണ്ടി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

സ്‌കൂൾ വിട്ടുവന്നാൽ കുട്ടി മിക്കവാറും ഫേസ്‌ബുക്കിന് മുന്നിലായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടിക്ക് അശ്‌ളീല ദൃശ്യങ്ങളും മറ്റും അയച്ചുകൊടുത്താണ് ഈ രംഗത്തേക്ക് ആകർഷിച്ചതെന്നാണ് സൂചനകൾ. ചിത്രങ്ങളും വീഡിയോകളും കുട്ടിക്ക് അയച്ചുകൊടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ നഗ്നദൃശ്യങ്ങൾ വാങ്ങിയ ശേഷമാണ് അതുവച്ച് ഭീഷണിപ്പെടുത്തി മാതാപിതാക്കളുടെ ലൈംഗികത പകർത്താൻ പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. തേജാൽ സമാന രീതിയിൽ മറ്റു ചില കുട്ടികളേയും ഫേസ്‌ബുക്കിലൂടെ വശീകരിച്ചതായി സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ഇയാൾക്കായി കൂടുതൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ഇതിനകം തേജാൽ അയാളുടെ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാഗഡി റോഡിലെ ഹീരോഹള്ളിയിലെ താമസക്കാരായ കുടുംബത്തിലാണ് സംഭവം ഉണ്ടായത്. സൈബർ ക്രൈം സംഘത്തിന് മുന്നിൽ രക്ഷിതാക്കൾ പരാതിയുമായി എത്തുകയായിരുന്നു. മക്കളെ കമ്പ്യൂട്ടറും ഇന്റർനെറ്റും സ്വതന്ത്രമായി ഉപയോഗിക്കാൻ വിടുകയും ഫോണിലും മറ്റും കൂടുതൽ വിഹരിക്കാൻ വിടുകയും ചെയ്യുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുകയാണ് പൊലീസ് ഉദ്യോഗസ്ഥർ.