ന്യൂഡൽഹി: സോഷ്യൽ മീഡിയകൾ പലരെയും വഴി തെറ്റിക്കുന്നു, ജീവിതം അപകടത്തിലാക്കുന്നു തുടങ്ങിയ പരാതികളാണ് മിക്കപ്പോഴും ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയയ്ക്ക് നേരെ ഉയരുക.എന്നാൽ അത് മാത്രമല്ല വേണ്ടി വന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കാനും ഫേസ്‌ബുക്കിനാകും എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇല്ലെങ്കിൽ ഇതാ രാജ്യ തലസ്ഥാനത്ത് നിന്നും ഒരു സത്യകഥ.. ഫേസ്‌ബുക്ക് ഹീറോ ആയ കഥ..രണ്ട് കുട്ടികളുടെ പിതാവായ 39കാരന്റെ ജീവൻ രക്ഷിച്ചത് ഫേസ്‌ബുക്ക്. ഫേസ്‌ബുക്കിൽ ലൈവ് സ്ട്രീം ചെയ്താണ് ഡൽഹി സ്വദേശി ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ ഈ ഫേസ്‌ബുക്ക് ലൈവ് അപകടകരമാണ് എന്ന് മനസിലാക്കിയ ഫേസ്‌ബുക്ക് ഡൽഹി പൊലീസിനെ വിവരം അറിയിക്കുകയും. അവർ ഇയാളെ കണ്ടെത്തി രക്ഷിക്കുകയുമായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു മധുരപലഹാരക്കടയിൽ ജീവനക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തി, പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലാണ് ഇയാൾ താമസിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ഇയാളും അയൽവാസികളും തമ്മിൽ വഴക്ക് നടന്നിരുന്നു. തുടർന്നാണ് രാത്രിയോടെ ഇയാൾ കൈയിലെ ഞരമ്പുകൾ മുറിച്ചത്. ഇയാൾക്ക് രണ്ട് കുട്ടികളുണ്ട്.

2016 ൽ ഇയാളുടെ ഭാര്യ മരിച്ചിരുന്നു. ഇതോടെ ഇയാൾ മാനസികമായി ഏറെ തളർന്നിരുന്നു. ഇതാണ് അയൽക്കാരുമായുള്ള വഴക്കും അയതോടെ ഇയാളെ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ചത്. എന്നാൽ കൈകൾ മുറിച്ച ഉടൻ ഇയാൾ അത് ഫേസ്‌ബുക്ക് ലൈവ് സ്ട്രീം ചെയ്തു. രാത്രി 12 മണിക്ക് ശേഷമാണ് സംഭവം.

ഇതേ സമയം തന്നെ ഇത്തരം ഒരു പോസ്റ്റ് ശ്രദ്ധയിൽപെട്ട ഫേസ്‌ബുക്ക് ഹെഡ്ക്വാർട്ടേസിലെ എമർജൻസി വിഭാഗം ഡൽഹി ഡിസിപി അന്യേഷ് റോയിയെ ബന്ധപ്പെടുകയും, ഇദ്ദേഹം വഴി ഫേസ്‌ബുക്ക് യൂസറെ കണ്ടെത്തുകയുമാണ് ചെയ്തത്. ആദ്യഘട്ടത്തിൽ ഫേസ്‌ബുക്കിൽ നിന്നും ലഭിച്ച വിവരങ്ങൾ പരിശോധിച്ച്, ഫേസ്‌ബുക്ക് അക്കൗണ്ട് ലിങ്ക് ചെയ്ത നമ്പറിലേക്ക് കോൾ ചെയ്‌തെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നമ്പറിന്റെ അഡ്രസ് കണ്ടുപിടിച്ചാണ് പൊലീസ് അടിയന്തരമായി അവിടെ എത്തിയതും. ഗുരുതര നിലയിലായ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ എയിംസിലേക്ക് മാറ്റിയതും. ഇയാൾ അപകടനില തരണം ചെയ്തു എന്നാണ് ഏറ്റവും പുതിയ വിവരം.

അടുത്തിടെ ഇത്തരം ശ്രമങ്ങൾ കണ്ടെത്താൻ ഡൽഹി പൊലീസ് ഉണ്ടാക്കിയ സൈബർ പ്രിവൻഷൻ അവേർനസ് ആന്റി ഡിറ്റക്ഷൻ (സിവൈപിഎഡി) സംവിധാനമാണ് ഇത്തരം നീക്കങ്ങൾ കണ്ടെത്തുന്നതിന് പിന്നിൽ എന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ഇതിന്റെ ചുമതലയാണ് ഇപ്പോൾ ഡൽഹി ഡിസിപി അന്യേഷ് റോയിക്ക്.