മേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാക്കി കുതിക്കുകയായിരുന്ന ഹിലാരി ക്ലിന്റണെ കുടുക്കി ഇ-മെയിൽ വിവാദം. തിരഞ്ഞടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെയുണ്ടായ വിവാദം എതിർ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് പ്രതീക്ഷ പകർന്നിട്ടുണ്ട്.

ഹിലാരിയും പ്രധാന സഹായി ഹ്യൂമ അബെഡിനുമായി നടന്ന ഇ-മെയിൽ സംഭാഷണങ്ങളുടെ പേരിൽ എഫ്.ബി.ഐ പുനരന്വേഷണം പ്രഖ്യാപിച്ചതാണ് ഹിലാരിയെ കുടുക്കിയത്. ഹ്യൂമയുടെ മുൻഭർത്താവ് ആന്റണി വെയ്‌നറുടെ ലാപ് ടോപ്പിൽനിന്നാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. 15 വയസ്സുകാരിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ കൈമാറിയതിന് എഫ്.ബി.ഐ. അറസ്റ്റ് ചെയ്ത വെയ്‌നറുടെ ലാപ് ടോപ് പരിശോധിച്ചപ്പോഴാണ് ഹിലാരിയും ഹ്യമയും തമ്മിലുള്ള സംഭാഷണങ്ങൾ പുറത്തുവന്നത്.

ഇ-മെയിലുകളെക്കുറിച്ച് പുനരന്വേഷണം നടത്തുമെന്ന് എഫ്.ബി.ഐ ഡയറക്ടർ ജയിംസ് കോമിയാണ് പ്രഖ്യാപിച്ചത്. യു.എസ്. കോൺഗ്രസ്സിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായിരുന്ന ഹിലാരിയും ഹ്യൂമയും തമ്മിലുള്ള ഇ മെയിൽ സന്ദേശങ്ങളിൽ രഹസ്യസ്വഭാവമുള്ള രേഖകൾ കൈമാറിയിട്ടുണ്ടോ എന്ന കാര്യമാണ് എഫ്.ബി.ഐ. പരിശോധിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹിലാരി സെഡാർ റാപ്പിഡ്‌സിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ് വാർത്ത പുറത്തുവന്നത്. ഈ സമയം ഹ്യൂമ ഒപ്പമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഉച്ചയ്ക്ക് ഒരു മണിയോടെ സെഡാർ റാപ്പിഡ്‌സിലെത്തിയ ഹിലാരി വൈകിട്ട് ഏഴ് മണിക്ക് നടത്തിയ പത്രസമ്മേളനത്തിൽ മാത്രമാണ് ഇതേക്കുറിച്ച് പരാമർശിച്ചത്. ഇ മെയിലുകളെക്കുറിച്ച് എന്താണ് അറിയേണ്ടതെന്ന് ചോദിക്കാമെന്ന് ഹിലാരി പറഞ്ഞു. ഏതന്വേഷണവും നേരിടാൻ താൻ തയ്യാറുമാണെന്ന അവർ പറഞ്ഞു.

വെയ്‌നറുടെ അറസ്റ്റിനുശേഷം പിടിച്ചെടുത്ത ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് ഹിലാരിയും ഹ്യൂമയുമായുള്ള ഇമെയിലുകളുടെ വിവരങ്ങൾ പുറത്തുവന്നത്. വെയ്‌നറുടെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ഇ മെയിലുകളെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും പിന്നീട് അതുമായി മുന്നോട്ടുപോയില്ല. എന്നാൽ, കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് അന്നുതന്നെ അവർ വ്യക്തമാക്കിയിരിക്കുന്നു. 

നവംബർ എട്ടിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അഭിപ്രായ സർവേകളിലും മറ്റും വ്യക്തമായ മുൻതൂക്കം നേടിയ ഹിലാരിയെ ഇപ്പോഴത്തെ അന്വേഷണം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഡമോക്രാറ്റിക് പാർട്ടി ക്യാമ്പിലുണ്ട്. സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന 2009-2013 കാലയളവിൽ അയച്ച ഇ മെയിലുകളായതുകൊണ്ടാണ് അതിന് ഇത്രയേറെ പ്രധാന്യം എഫ്.ബി.ഐ. കൽപിക്കുന്നത്.