വാഷിങ്ടൺ: കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിൽ നടന്ന വെടിവയ്പിലെ മുഖ്യപ്രതികയായ റിസ്വാൻ ഫാറൂഖിന്റെ ഐഫോൺ എഫ്ബിഐ തനിയെ അൺലോക്ക് ചെയ്തു. കൊലയാളിയുടെ ഐഫോൺ അൺലോക്ക് ചെയ്യാൻ എഫ്ബിഐ നേരത്തെ ആപ്പിളിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നുവെങ്കിലും കമ്പനി ഇതു നിരാകരിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ രണ്ടിന് സെൻ ബെർണാർഡിനോയിൽ 14 പേരെ കൂട്ടക്കൊല നടത്തിയ റിസ്വാൻ ഫാറൂഖ്, ഭാര്യ തഫ്രീൻ മാലിക് എന്നിവരെ പിന്നീട് പൊലീസ് വധിക്കുയായിരുന്നു. ഭീകര സംഘടനയായ ഐസിസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെടിവയ്പിനു ശേഷം തഫ്രീൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശത്തെ തുടർന്ന് ഇവർക്ക് ഭീകരസംഘടനയുമായുള്ള ബന്ധം എഫ്ബിഐ അന്വേഷിച്ചു വരികയായിരുന്നു. ഇതിന്റെ ആവശ്യാർഥമാണ് റിസ്വാന്റെ ഐഫോൺ അൺലോക്ക് ചെയ്ത് ഡേറ്റകൾ ശേഖരിക്കണമെന്ന് എഫ്ബിഐ ആപ്പിളിനോട് ആവശ്യപ്പെട്ടത്.

ആപ്പിൾ ഇക്കാര്യം നിരാകരിച്ചതിനെ തുടർന്ന് കോടതി ഉത്തരവിറക്കാനും എഫ്ബിഐക്ക് സാധിച്ചു. എന്നാൽ കോടതി ഉത്തരവിനു ശേഷവും ആപ്പിൾ ഇതിനെ എതിർത്തുവരികയായിരുന്നു. പിന്നീട് എഫ്ബിഐ തന്നെ ഫോൺ അൺലോക്ക് ചെയ്തതായാണ് പുറത്തുവിട്ടിരിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ കോടതി ഉത്തരവ് പിൻവലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.