- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈകോർക്കാം; അഴിമതിമുക്ത ലോകത്തിനായി
'When plunder becomes a way of life for a group of men in society, over the course of time they create for themselves a legal system, that authorizes it and a moral code that glorifies it.' - Frederic Bastiat ''പൊതുജനത്തെ കൊള്ളയടിക്കുക എന്നത് സമൂഹത്തിലെ ഒരുകൂട്ടം ആളുകളുടെ പ്രവർത്തനശൈലിയായി മാറുമ്പോൾ; കാലക്രമേണ അവർ അവരുടേതായ ഒരു നിയമവ്യവസ്ഥ സൃഷ്ടിക്കും; ഈ കൊള്ളയടിയെ മഹത്വവത്കരിക്കുന്ന ഒരു സദാചാരസംഹിതയ്ക്കും അവർ രൂപം നൽകും'' ഫ്രെഡറിക് ബാസ്റ്റ്യാട്ട്. മതിയായ
'When plunder becomes a way of life for a group of men in society, over the course of time they create for themselves a legal system, that authorizes it and a moral code that glorifies it.' - Frederic Bastiat
''പൊതുജനത്തെ കൊള്ളയടിക്കുക എന്നത് സമൂഹത്തിലെ ഒരുകൂട്ടം ആളുകളുടെ പ്രവർത്തനശൈലിയായി മാറുമ്പോൾ; കാലക്രമേണ അവർ അവരുടേതായ ഒരു നിയമവ്യവസ്ഥ സൃഷ്ടിക്കും; ഈ കൊള്ളയടിയെ മഹത്വവത്കരിക്കുന്ന ഒരു സദാചാരസംഹിതയ്ക്കും അവർ രൂപം നൽകും'' ഫ്രെഡറിക് ബാസ്റ്റ്യാട്ട്.
മതിയായ സംഭരണകേന്ദ്രങ്ങളില്ലാത്തതുകൊണ്ടുമാത്രം കോടിക്കണക്കിനു രൂപയുടെ ഭക്ഷ്യധാന്യം പാഴായിപ്പോവുന്ന രാജ്യമാണ് ഇന്ത്യ. അതേസമയം രാജ്യപുരോഗതിക്കായി ചെലവിടുന്ന കോടികൾ അർഹരിലെത്താതെ തട്ടിയെടുക്കപ്പെടുകയും ചെയ്യുന്നു. വികസന പദ്ധതികൾ, ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ, ഗ്രാമീണ തൊഴിൽദാന പദ്ധതികൾ എന്നിവയുടെയെല്ലാം നടത്തിപ്പിനെ അഴിമതി ബാധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ 'ഡൗൺവേർഡ് ഫിൽട്രേഷൻ തിയറി'യാണ് സാമ്പത്തികരംഗത്ത് ഇന്ത്യ ഇപ്പോഴും പിന്തുടരുന്നത്. മുകളിലെതട്ടിൽ വൻതുക ചെവഴിച്ചാൽ അതിലൊരു പങ്ക് താഴെ എത്തിക്കോളുമെന്നാണ് ഈ തിയറി പറയുന്നത്. ബ്രിട്ടീഷുകാർ വിദ്യാഭ്യാസരംഗത്ത് പരീക്ഷിച്ച ഈ രീതി നമ്മൾ സാമ്പത്തികരംഗത്താണ് പരീക്ഷിച്ചത്. വൻതുകകൾ മേലേത്തട്ടിൽ ചെവഴിക്കപ്പെടുമ്പോൾ ഗുണഭോക്താക്കൾക്ക് പ്രയോജനം നാമമാത്ര തുകയിൽ ഒതുങ്ങുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ശുഭോതർക്കമാണ്. ആനുകൂല്യങ്ങളും സബ്‌സിഡികളും ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നൽകി ഈ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമം.
ആഗോളതലത്തിൽത്തന്നെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്ന വിധത്തിൽ അഴിമതി വളർന്നിരിക്കുന്നു. 2 ജി സ്‌പെക്ട്രം അഴിമതി, ഐ.പി.എൽ കോഴ വിവാദം, കോമൺവെൽത്ത് ഗെയിംസ് അഴിമതി എന്നിവയെല്ലാം സമീപകാലത്ത് ഇന്ത്യയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയവയാണ്. കൽക്കരി കുംഭകോണത്തിലും മറ്റും സർക്കാർ ഉദേ്യാഗസ്ഥരുടെ പങ്ക് സംശയിക്കുന്ന രീതിയിലുള്ള വാർത്തകളാണ് മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. ജനാധിപത്യ സ്ഥാപനങ്ങളോട് ജനങ്ങൾക്ക് അവമതി തോന്നുന്നവിധത്തിൽ രാജ്യത്ത് അഴിമതി വർദ്ധിച്ചിരിക്കുന്നു. ആഗോളതലത്തിൽ അഴിമതിയെ സംബന്ധിച്ച് പഠനം നടത്തുന്ന ഏജൻസിയായ ട്രാൻസ്പരൻസി ഇന്റർനാഷണലും ഇന്ത്യയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ കറപ്ഷൻ പെർസ്‌പെക്ഷൻ ഇൻഡക്‌സിൽ 94-ാം റാങ്കാണ് ഇന്ത്യയ്ക്ക്. അതേസമയം, കൈക്കൂലി നൽകുന്നതിനെ ആസ്പദമാക്കി തയ്യാറാക്കിയ ബ്രൈബ് പേയേഴ്‌സ് ഇൻഡക്‌സിൽ 19-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്ന അഴിമതി നമ്മുടെ വികസനസ്വപ്നങ്ങളെ തകിടംമറിക്കുകയാണ്. സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിച്ച് വിവിധ പദ്ധതികൾ മുടങ്ങുമ്പോൾ കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിന് നഷ്ടം വരുന്നത്.
കേന്ദ്രസർക്കാർ നിയോഗിച്ച സന്താനം കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് 1964 ഫെബ്രുവരിയിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്നത്. ഈ വിജിലൻസ് കമ്മീഷനെ പ്രധാനമന്ത്രിയുടേയും ലോക്‌സഭാ സ്പീക്കറുടേയും പ്രതിപക്ഷ നേതാവിന്റെയും പാനലടങ്ങുന്ന കമ്മിറ്റിയുടെ ഉപദേശ പ്രകാരം രാഷ്ട്രപതിയാണ് നിയമിക്കുന്നത്. ഗവൺമെന്റ് ഉദേ്യാഗസ്ഥരുടെ അഴിമതി തടയുന്നതിനും ഭരണനിർവ്വഹണം നീതി, ന്യായം എന്നിവയിലധിഷ്ഠിതമായും നിയമാനുസൃതമായുമാണ് നടക്കുന്നതെന്നും ഉറപ്പുവരുത്തുകയാണ് കമ്മീഷന്റെ ലക്ഷ്യം. കേന്ദ്രആഭ്യന്തരവകുപ്പിന് കീഴിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷനെങ്കിലും സ്വയംഭരണാധികാരം കമ്മീഷനുണ്ട്.
1962-ൽ ഇന്ത്യാ ഗവൺമെന്റ് സന്താനം കമ്മിറ്റിയെ നിയോഗിക്കുമ്പോൾ അതിവിപുലമായ പഠനവിഷയങ്ങളാണ് അതിനുണ്ടായിരുന്നത്. ഗവൺമെന്റിന്റെ വിവിധ മന്ത്രിതല വകുപ്പുകളിലെ വിജിലൻസ് യൂണിറ്റുകളുടെ ഘടനയും പ്രവർത്തനവും ചുമതലകളും പഠിക്കുക, അവ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കുക, ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ഘടനയും പ്രവർത്തനരീതിയും പഠിച്ച് അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക, അഴിമതി തടയുന്നതിനായി വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളും ഉത്തരവാദിത്തങ്ങളും നിർദ്ദേശിക്കുക, വിവിധ വകുപ്പുകളിലെ അച്ചടക്ക നടപടികളെ സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങൾ കൂടുതൽ ഫലപ്രദവും വേഗത്തിലുമാക്കാനുള്ള നടപടികൾ നിർദ്ദേശിക്കൽ, ഗവൺമെന്റ് ഉദേ്യാഗസ്ഥരുടെയും പൊതുജനങ്ങളുടെയും ഇടയിൽ അഴിമതിക്കെതിരായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള മാർഗ്ഗരേഖകൾ നിർദ്ദേശിക്കൽ, ഗവൺമെന്റ് ഉദേ്യാഗസ്ഥരുടെ വിശ്വസ്ഥതയം സ്വഭാവമഹിമയും ഉറപ്പാക്കാൻ പെരുമാറ്റനിയമങ്ങളിൽ (conduct rules) മാറ്റങ്ങൾ നിർദ്ദേശിക്കൽ എന്നിവയടങ്ങുന്നതായിരുന്നു സന്താനം കമ്മിറ്റിയുടെ പരിഗണനാ വിഷയങ്ങൾ (Terms of reference).
അഴിമതിക്കെതിരായ പോരാട്ടത്തിൽ എല്ലാ ഗവൺമെന്റ് ഉദേ്യാഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പാക്കാനായി സെൻട്രൽ വിജിലൻസ് കമ്മീഷൻ (സി.വി സി) എല്ലാ വർഷവും വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ വാരാചരണം ഒക്‌ടോബർ 27 മുതൽ നവംബർ 1 വരെയാണ്. അഴിമതിക്കെതിരായ പ്രതിജ്ഞയെടുക്കലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കലുമെല്ലാം ഇക്കാലയളവിൽ നടക്കും.
ഈ വർഷത്തെ ബോധവൽക്കരണ വാരാചാരണത്തിന്റെ തീം ''അഴിമതിക്കെതിരായ പോരാട്ടം സാങ്കേതിക വിദ്യയുടെ സഹായത്തോടെ'' എന്നതാണ്. ഗവൺമെന്റ് ഓഫീസുകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തിയാൽ അഴിമതിക്കെതിരായ പോരാട്ടത്തിൽ മികച്ച മുന്നേറ്റം നടത്താനാവുമെന്നാണ് സി.വി സി പ്രതീക്ഷിക്കുന്നത്. ഇ-ഗവേണൻസ് വഴി സേവനങ്ങൾ പെട്ടെന്ന് ജനങ്ങളിലെത്തിക്കാനാവും.
ഗവൺമെന്റ് ഓഫീസുകളുടെ പ്രവർത്തനശൈലിയിൽ മാറ്റംവരേണ്ടതുണ്ട്. സേവനങ്ങൾ ഓൺലൈനായി നൽകിത്തുടങ്ങിയാൽ സുതാര്യത ഉറപ്പുവരുത്തുന്നതോടൊപ്പം പെട്ടെന്ന് തന്നെ ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാവുന്നതാണ്. വിവരസാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിൽ പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിക്കണം. സർക്കാർ സേവനങ്ങൾക്കായി മൊബൈൽ ആപ്പുകൾ ഉപയോഗിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ഇ-ഫയലിങ് സംവിധാനത്തിലേക്ക് മാറിയത് ഏറെ പ്രതീക്ഷ പകരുന്നതാണ്.
അഴിമതി നിരോധനത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിബന്ധനകൾക്ക് പുറമെ 1947-ൽ അഴിമതി നിരോധന നിയമം പാസ്സാക്കുകയും അത് 1988-ൽ പരിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഈ നിയമമനുസരിച്ച് ഏതെങ്കിലും ഗവൺമെന്റ് ഉദേ്യാഗസ്ഥൻ ഔദേ്യാഗിക കൃത്യനിർവ്വഹണത്തിനായി നിയമപ്രകാരം തനിക്കു ലഭിക്കേണ്ട വേതനമല്ലാതെ എന്തെങ്കിലും കൈപ്പറ്റുകയാണെങ്കിൽ അത് ശിക്ഷാർഹമാണ്. ശിക്ഷ ആറു മാസം മുതൽ അഞ്ചു വർഷംവരെയും പിഴയോടു കൂടിയും ആവാം.
കേരളം പോലുള്ള സംസ്ഥാനങ്ങൾ പ്രത്യേകമായ അഴിമതി നിയന്ത്രണ നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. കേരള പബ്ലിക് മെൻസ് കറപ്ഷൻ (ഇൻവെസ്റ്റിഗേഷൻ എൻക്വയറീസ്) ആക്ട് 1987, 1989ലും, 1991ലും 1992ലും പരിഷ്‌ക്കരിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ പാസ്സാക്കിയ വിവരാവകാശ നിയമം (Right to Information Act, 2005) അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒരു നാഴികക്കല്ലാണ്. നിരവധി പൗരന്മാരും സംഘടനകളും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. വിവരാവകാശനിയമമനുസരിച്ച് ചോദ്യം വന്നേക്കാം എന്ന ഭീതി കൂടുതൽ കർമ്മനിരതരാവാൻ ഗവൺമെന്റ് ഉദേ്യാഗസ്ഥരെ പ്രേരിപ്പിക്കുന്നുണ്ട്. അഴിമതിക്കേസ്സുകൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ മാദ്ധ്യമങ്ങളുടെയും പൊതുതാൽപ്പര്യ ഹർജികളുടെയും സഹായത്തോടെ ഇന്ത്യയിലെ ഉയർന്ന നീതിന്യായ കോടതികൾ ക്രിയാത്മകമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ ജുഡീഷ്യറിക്കോ മാദ്ധ്യമ ഇടപെടലുകൾക്കോ മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല അഴിമതിയും ക്രിമിനൽവൽക്കരണവും. മുൻസുപ്രീം കോടതി ജഡ്ജിമാർക്കെതിരെ പോലും അഴിമതി ആരോപണങ്ങളുയർന്നിട്ടുണ്ട്. 2 ജി സ്‌പെക്ട്രം കേസിലടക്കം മുതിർന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്.
പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ അഴിമതി രാജ്യത്ത് നിന്ന് തുടച്ചുനീക്കാനാവൂ. താൽക്കാലിക കാര്യസാധ്യത്തിനായി കൈക്കൂലി നൽകി ഉദേ്യാഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് പൊതുജനങ്ങൾ അവസാനിപ്പിക്കണം. അഥവാ അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വിജിലൻസുമായി ബന്ധപ്പെടുക. ആൽബർട്ട് ഐൻസ്റ്റീന്റെ പ്രശസ്തമായ വാചകം അനുസ്മരിക്കുന്നത് ഈ അവസരത്തിൽ ഉചിതമാകും: ''ഈ ലോകം ജീവിക്കാൻ കൊള്ളാത്ത ഇടമായത് തിന്മ ചെയ്യുന്നവരെക്കൊണ്ടല്ല, നല്ല ആളുകൾ അതിനെതിരെ ഒന്നും ചെയ്യാത്തതിനാലാണ്.''
(ലേഖകൻ തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ഇൻഫർമേഷൻ അസിസ്റ്റന്റാണ്. ലേഖനത്തിലെ അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം. ഗവൺമെന്റിന്റെ അഭിപ്രായമല്ല.)