ന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ BE 6 ബാറ്റ്മാൻ എഡിഷൻ ഇലക്ട്രിക് എസ്‍യുവി വീണ്ടും വിപണിയിൽ അവതരിപ്പിച്ചു. 28.49 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ എത്തുന്ന ഈ ലിമിറ്റഡ് എഡിഷൻ വാഹനം ഒറ്റ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2026 മാർച്ച് 10-ന് ആരംഭിക്കുന്ന ബുക്കിംഗ് 24 മണിക്കൂർ മാത്രമായിരിക്കും.

മുൻപ് 300 യൂണിറ്റുകളായി അവതരിപ്പിച്ച് പിന്നീട് ആവശ്യകത വർദ്ധിച്ചപ്പോൾ 999 യൂണിറ്റുകളാക്കി വർധിപ്പിച്ച ഈ മോഡലിന്, പുതിയ പതിപ്പിൽ മുൻപത്തേക്കാൾ 70,000 രൂപ അധിക വിലയുണ്ട്. ബുക്കിംഗുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും വാഹനങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ തീരുമാനിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ ഇഷ്ടാനുസൃതമാക്കിയ ഓർഡറുകൾ നൽകാനും അവസരമുണ്ട്.

ടോപ്പ് എൻഡ് ‘പാക്ക് ത്രീ’ ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ള ഈ എസ്‍യുവി സാറ്റിൻ ബ്ലാക്ക് കളർ സ്‍കീമിലാണ് എത്തുന്നത്. മുന്നിലെ വാതിലുകളിലെ ബാറ്റ്മാൻ തീം ഡീക്കലുകൾ, ബോഡി ക്ലാഡിംഗ്, 20 ഇഞ്ച് അലോയ് വീലുകൾ, ഗോൾഡ് ഫിനിഷിലുള്ള സസ്പെൻഷൻ സ്പ്രിംഗുകളും ബ്രേക്ക് കാലിപ്പറുകളും തുടങ്ങിയവ പ്രധാന ഡിസൈൻ സവിശേഷതകളാണ്. വീൽ ഹബ്‌ക്യാപുകൾ, വിൻഡോകൾ, റിയർ ബമ്പർ, ടെയിൽഗേറ്റ് എന്നിവിടങ്ങളിൽ ഗോൾഡ് ഫിനിഷിലുള്ള ബാറ്റ്മാൻ ലോഗോകളും 'BE 6 X ഡാർക്ക് നൈറ്റ്' ലിമിറ്റഡ് എഡിഷൻ ബാഡ്‍ജും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനത്തിന്റെ ഉൾഭാഗത്തും ബ്ലാക്കും ഗോൾഡും ചേർന്ന പ്രീമിയം തീം തുടരുന്നു. സെന്റർ കൺസോളിൽ നമ്പറുകളോടുകൂടിയ ലിമിറ്റഡ് എഡിഷൻ പ്ലാക്ക്, സീറ്റുകളിലെ ഗോൾഡ് സ്റ്റിച്ചിംഗ്, എസി വെന്റുകൾ, റോട്ടറി ഡയൽ എന്നിവിടങ്ങളിലെ ഗോൾഡ് ആക്സന്റുകൾ എന്നിവ ശ്രദ്ധേയമാണ്. ഡാഷ്‌ബോർഡിലെ ഡാർക്ക് നൈറ്റ് ട്രിലജി ലോഗോകളും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ പ്രത്യേക ബാറ്റ്മാൻ എഡിഷൻ ആനിമേഷനും ആഢംബരം വർദ്ധിപ്പിക്കുന്നു.