- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആ നല്ലകാലം പിറന്നതുമുതൽ കണ്ണിൽ കാണുന്ന കുപ്പായം; പത്മനാഭന്റെ മണ്ണിൽ നിന്ന് സ്റ്റാർട്ട് ചെയ്യുന്ന 'ലെയ്ലാൻഡ്' ബസുകൾ പ്രൗഢിയോടെ തിളങ്ങും; എത്ര ബ്ലോക്കിനിടയിൽ നിന്നാലും തലയെടുപ്പോടെ അവന്റെ വരവ്; ഇനി 'കെ സ്വിഫ്റ്റി'ന്റെ സൂപ്പർ ഡീലക്സുകൾ കുതിക്കുക മറ്റൊരു കളറിൽ; ഇത് കെഎസ്ആർടിസിയുടെ സ്വന്തം നിറംമാറി പക്കി

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസുകൾക്ക് നിറം മാറ്റം വരുത്തി. ഓറഞ്ച് നിറത്തിലായിരുന്ന കെ-സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസുകൾ, കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകൾക്ക് സമാനമായ വെള്ള നിറത്തിലേക്ക് മാറിയതായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്ക് പൊതുവായൊരു ദൃശ്യഭംഗി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.
പുതിയ നിറത്തിലുള്ള ബസുകളുടെ വീഡിയോ മന്ത്രി ഗണേഷ് കുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. "സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് എയർ ബസുകളുടെ കളർ കോഡ് നിലവിലുള്ള ഡീലക്‌സ് ബസുകളുടെ പെയിന്റിലേക്ക് മാറിയപ്പോൾ" എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
കെഎസ്ആർടിസിയുടെ ഉപകമ്പനിയായി 2022 ഏപ്രിൽ 11-നാണ് കെ-സ്വിഫ്റ്റ് സർവീസുകൾ ആരംഭിച്ചത്. എസി സ്ലീപ്പർ (ഗജരാജ), എസി സീറ്റർ (ഗരുഡ), നോൺ എസി ഡീലക്‌സ്, സൂപ്പർഫാസ്റ്റ്, ഇലക്ട്രിക് ബസുകൾ തുടങ്ങി വിവിധ സർവീസുകളാണ് കെ-സ്വിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നത്. രൂപീകരണ കാലം മുതൽ കെ-സ്വിഫ്റ്റ് ബസുകൾക്കെല്ലാം ഓറഞ്ച് നിറത്തിലുള്ള ഏകീകൃത ഡിസൈനായിരുന്നു.
നിലവിൽ സൂപ്പർ ഡീലക്‌സ് വിഭാഗത്തിൽ വരുന്ന സ്വിഫ്റ്റ് ബസുകളിലാണ് നിറം മാറ്റം നടക്കുന്നത്. ഗ്ലോബൽ ടിവിഎസ് ബോഡിയിലുള്ള ഈ ബസുകളുടെ ബോഡി ശൈലിയിൽ മാറ്റങ്ങൾ വരുത്താതെ ഡിസൈനിൽ മിനുക്കുപണികൾ വരുത്തിയാണ് പുതിയ നിറം നൽകിയത്. കെഎസ്ആർടിസിയുടെ പാപ്പനംകോട് വർക്ക്‌ഷോപ്പിൽ വെച്ചാണ് ഈ ഡിസൈൻ മാറ്റങ്ങൾ പൂർത്തിയാക്കിയത്. സൂപ്പർ ഡീലക്സ് വിഭാഗത്തിലെ എല്ലാ കെ-സ്വിഫ്റ്റ് ബസുകളും പുതിയ വെള്ള നിറത്തിലേക്ക് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസി ബസുകൾക്ക് ഒരു ഏകീകൃത സ്വഭാവം നൽകുക എന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നിറംമാറ്റം വിലയിരുത്തപ്പെടുന്നത്. അതേസമയം, എസി സ്ലീപ്പർ, എസി സിറ്റിങ് ബസുകളുടെ ഡിസൈനിലും നിറത്തിലും മാറ്റം വരുത്തുന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല.
മാറ്റങ്ങൾ പാപ്പനംകോട് വർക്ക്‌ഷോപ്പിൽ
കെഎസ്ആർടിസിയുടെ പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിൽ വെച്ചാണ് സ്വിഫ്റ്റ് ബസുകളുടെ രൂപമാറ്റം പൂർത്തിയാക്കിയത്. ഗ്ലോബൽ ടിവിഎസ് ബോഡി നിർമ്മിച്ച ബസുകളുടെ ഘടനയിൽ മാറ്റം വരുത്താതെ, പുറത്തെ പെയിന്റിംഗിലും ഗ്രാഫിക്സിലും മാത്രമാണ് പുതുമ കൊണ്ടുവന്നിരിക്കുന്നത്. വെള്ള നിറത്തിന് മുകളിൽ കെഎസ്ആർടിസി ഡീലക്സ് ബസുകളുടെ മാതൃകയിലുള്ള ഡിസൈനുകളാണ് നൽകിയിട്ടുള്ളത്. ഘട്ടംഘട്ടമായി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് വിഭാഗത്തിലെ എല്ലാ ബസുകളും ഈ പുതിയ രൂപത്തിലേക്ക് മാറും.
മറ്റ് ബസുകളുടെ കാര്യത്തിൽ തീരുമാനം കാക്കുന്നു
നിലവിൽ നോൺ എസി സൂപ്പർ ഡീലക്സ് ബസുകളിലാണ് നിറം മാറ്റം നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ സ്വിഫ്റ്റിന്റെ അഭിമാനമായ എസി സ്ലീപ്പർ (ഗജരാജ), എസി സീറ്റർ ബസുകൾ എന്നിവയുടെ നിറം മാറ്റുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. നിലവിൽ സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് മഞ്ഞയും ചുവപ്പും നിറം നൽകാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും ബസുകൾക്ക് ഒരു പ്രൊഫഷണൽ ലുക്ക് നൽകുന്നതിനും ഗതാഗത വകുപ്പ് നടപ്പിലാക്കുന്ന വലിയ പദ്ധതികളുടെ ഭാഗമാണ് ഈ കളർ മാറ്റം. യാത്രക്കാർക്കിടയിൽ സ്വിഫ്റ്റ് ബസുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ പുതിയ ലുക്ക് സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


