മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പുതിയ എസ്.യു.വി മോഡലായ 'വിക്ടോറിസ്' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ രൂപകൽപ്പനയും നൂതന സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്ന ഈ വാഹനം 10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് വിപണിയിലെത്തിയിരിക്കുന്നത്. വിപണിയിൽ ലഭ്യമായ ഗ്രാൻഡ് വിറ്റാരയെക്കാൾ അല്പം വലുപ്പമുള്ള വിക്ടോറിസ്, ഒരു ലക്ഷം രൂപയോളം കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നത് ശ്രദ്ധേയമാണ്.

വിവിധ പവർട്രെയിൻ ഓപ്ഷനുകളിലായി 21 വ്യത്യസ്ത വേരിയന്റുകളിലാണ് വിക്ടോറിസ് ലഭ്യമാകുന്നത്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടു കൂടിയ സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ, ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടു കൂടിയ സ്ട്രോംഗ് ഹൈബ്രിഡ്, ഓൾ-വീൽ ഡ്രൈവ് സംവിധാനമുള്ള ഓൾഗ്രിപ്പ് സെലക്ട്, കൂടാതെ എസ്-സിഎൻജി വേരിയന്റുകളും ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ട് ഹൈബ്രിഡ് മാനുവൽ വേരിയന്റിന്റെ പ്രാരംഭ വില 10.49 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് 19.98 ലക്ഷം രൂപയും, സിഎൻജി വേരിയന്റുകൾക്ക് 11.49 ലക്ഷം രൂപ മുതൽക്കുമാണ് വില ആരംഭിക്കുന്നത്.

പുതിയ ഡിസൈൻ ശൈലിയിൽ വിപണിയിലെത്തുന്ന വിക്ടോറിസിന് 4,360 എം.എം നീളവും 1,795 എം.എം വീതിയും 1,655 എം.എം ഉയരവുമുണ്ട്. 2,600 എം.എം വീൽബേസ് വാഹനത്തിന് മികച്ച സ്ഥലം നൽകുന്നു. 17 ഇഞ്ച് അലോയ് വീലുകളാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. മാരുതിയുടെ ഇ-വിറ്റാര ഇലക്ട്രിക് എസ്.യു.വിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിക്ടോറിസിന്റെ മുൻവശത്തെ രൂപകൽപ്പന.