വാഷിങ്ടണ്‍: പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ അമേരിക്ക നാളെ വിധിയെഴുതും.പതിവില്‍ നിന്നു വിപരീതമായി വാദ പ്രതിവാദങ്ങളുമായി വളരെ വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.അതിനാല്‍ തന്നെ തെരഞ്ഞെടുപ്പുമായും അമേരിക്കന്‍ പ്രസിഡന്റ് പദവിയുമായൊക്കെ ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും ചര്‍ച്ചയാവുകയാണ്.ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിക്കപ്പെടുന്നത്.അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സംരക്ഷണവും അതീവ പ്രധാനപ്പെട്ടതാണ്.

ഇതില്‍ പ്രധാനമായും എടുത്തുപറയേണ്ടതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം.അത്തരത്തില്‍ ചര്‍ച്ചയാവുകയാണ് പ്രസിഡിനെ കാത്തിരിക്കുന്ന ഔദ്യോഗിക വാഹനം.തിരഞ്ഞെടുക്കപ്പെടുന്നത് ആരായാലും അവരെ കാത്തിരിക്കുന്ന വിസ്മയങ്ങളിലൊന്നാണ് ദ ബീസ്റ്റ് എന്നറിയപ്പെടുന്ന പ്രസിഡന്റിന്റെ കാര്‍.അത്യാധുനിക ടാങ്കറിന് സമാനമായി യുദ്ധസന്നാഹം തന്നെയുള്ള ബോംബാക്രമണങ്ങള്‍ക്ക് പോലും ഒരു പോറല്‍ ഏല്‍പ്പിക്കാനാകാത്ത കാറാണ് ദ ബീസ്റ്റ്.

അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനമാണ് കാഡിലാക് വണ്‍ ലിമോസിന്‍ കാര്‍. അത്യാധുനിക സംവിധാനങ്ങളുള്ള ഈ ലിമോസിന്‍ 'ബീസ്റ്റ്' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.ലോകത്തെ ഏറ്റവും സുരക്ഷയേറിയ വാഹനങ്ങളിലൊന്നാണിത്.ഏത് ആക്രമണത്തില്‍നിന്നും പ്രസിഡന്റിന് പഴുതടച്ച സുരക്ഷയൊരുക്കാന്‍ കാഡിലാക് വണിന് സാധിക്കും.നേരത്തെ ട്രംപ് പ്രസിഡന്റായ ശേഷം പ്രത്യേകം നിര്‍മാണം പൂര്‍ത്തിയാക്കിയ 2018 ലിമോസിന്‍ മോഡലാണിത്.

ബീസ്റ്റ് വെറുമൊരു കാറല്ല.ഒരു യുദ്ധസന്നാഹം തന്നെയുള്ള അത്യാധുനിക ടാങ്കറിന് സമാനമാണ് കാഡിലാക് വണ്‍. ബോംബാക്രമണങ്ങള്‍ക്ക് പോലും ഈ വാഹനത്തില്‍ ചെറുതായൊരു പോറല്‍ പോലും ഏല്‍പ്പിക്കാനാകില്ല.ലിമോസിന്റെ വാതിലുകളും ജാലകങ്ങളും ബുള്ളറ്റ് പ്രുഫാണ്, ഇവ രാസായുധങ്ങളേയും ചെറുക്കും.കാറിന്റെ ഭാരം മാത്രം 6.4 ടണ്‍ വരും.ബോഡിയുടെ ദൃഢത ഇതില്‍ നിന്ന് തന്നെ നമുക്ക് മനസിലാക്കാം.




വാതിലുകള്‍ക്ക് മാത്രം ബോയിങ് 747 ജെറ്റുകള്‍ക്കളിലെതിന് സമാനമായി എട്ട് ഇഞ്ചാണ് കനം.അഞ്ച് ഇഞ്ച് കനത്തിലാണ് ബോഡി. ഡ്യുവല്‍ ഹര്‍ഡ് സ്റ്റീല്‍, അലൂമിനിയം,ടൈറ്റാനിയം,സെറാമിക് എന്നിവ ചേര്‍ന്നാണ് ബോഡിക്ക് സുരക്ഷയൊരുക്കുന്നത്. കുഴിബോംബുകളില്‍ നിന്ന് രക്ഷ നേടാന്‍ വാഹനത്തിന്റെ അടിഭാഗം കടുപ്പമേറിയ ഉരുക്ക് ഉപയോഗിച്ചാണ് നിര്‍മിച്ചത്.അടിയന്തര സാഹചര്യങ്ങളില്‍ ശുദ്ധ വായു ലഭിക്കുന്നതിനായി ബൂട്ട് സ്‌പേസില്‍ ഓക്‌സിജന്‍ ടാങ്ക് എല്ലായ്പ്പോഴും സജ്ജമാണ്.

കെവ്‌ലര്‍ കോട്ടിങ് ടയറുകളുടെ ബലവും വര്‍ധിപ്പിക്കും, ഇതും ഭേദിച്ച് ടയര്‍ പൊട്ടിയാലും വാഹനത്തെ നിയന്ത്രണത്തിലാക്കാന്‍ ഉതകുന്ന മെറ്റല്‍ റിമ്മുകളും ലിമോസിനുണ്ട്.ഏത് കാലാവസ്ഥയിലും യാത്ര സുഖമമാക്കുന്നതിന് നൈറ്റ് വിഷന്‍ ക്യാമറകളും ജി.പി.എസ്, സാറ്റ്‌ലൈറ്റ് സംവിധാനങ്ങളും കാറിലുണ്ട്.രക്തവും മറ്റ് അടിയന്തര വൈദ്യ സഹായത്തിന് ആവശ്യമായ സജ്ജീകരണങ്ങളും വാഹനത്തിനുള്ളിലുണ്ട്.

എത്രവലിയ കൂട്ടിയിടിയിലും വാഹനം പൊട്ടിത്തെറിക്കാതിരിക്കാന്‍ ഫ്യുവല്‍ ടാങ്കില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബൂട്ട് സ്പേസില്‍ ടിയര്‍ ഗ്യാസിനൊപ്പം അടിയന്തര ഘട്ടത്തില്‍ വെടിവെപ്പിനുള്ള ചെറു സന്നാഹവുമുണ്ട്.അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസിനാണ് കാറിന്റെ പൂര്‍ണമായ മേല്‍നോട്ടം.പ്രസിഡന്റിന് പുറമെ നാല് പേര്‍ക്ക് കാറില്‍ യാത്ര ചെയ്യാം.ഓരോ സീറ്റുകള്‍ തമ്മിലും ഗ്ലാസില്‍തീര്‍ത്ത ആവരണമുണ്ട്.

പ്രസിഡന്റ് സീറ്റിലിരുന്ന് മാത്രമേ ഈ ഗ്ലാസ് താഴ്ത്തുവാന്‍ സാധിക്കു.അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷാ സേനയെ അറിയിക്കാന്‍ പാനിക് ബട്ടണും ഇതിന് സമീപത്തുണ്ട്.ഇങ്ങനെ കാഴ്ച്ചക്കാരെയും കേള്‍വിക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ബീസ്റ്റ്.




ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പുകള്‍ക്കൊന്നിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.നാളെയാണ് വോട്ടെടുപ്പ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസും തമ്മിലുളള മത്സരം എല്ലാ പ്രവചനങ്ങള്‍ക്കും അതീതമായാണ് പുരോഗമിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റ്, വാഹനം, സവിശേഷകള്‍, ട്രംപ്, കമല ഹാരിസ്