കൊച്ചി: രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്‌യുവികളിൽ ഒന്നായ റെനോ കിഗറിന് പുതിയ ജിഎസ്ടി നിരക്കുകൾ പ്രകാരം 53,695 രൂപയുടെ വിലക്കുറവ്. സെപ്റ്റംബർ 22 മുതൽ റെനോ കിഗറിന്റെ പുതിയ വില 5.76 ലക്ഷം രൂപ മുതൽ ആരംഭിക്കും. വിലയിലെ ഈ ഗണ്യമായ കുറവ്, നിരവധി സുരക്ഷാ സംവിധാനങ്ങളും നൂതന സവിശേഷതകളും ഉൾക്കൊള്ളുന്ന ഈ എസ്‌യുവി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ ഇന്ത്യൻ വിപണിയിലെ പ്രധാന മോഡലുകളിൽ ഒന്നാണ് റെനോ കിഗർ. സബ്-ഫോർ മീറ്റർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന്റെ നിലവിലെ വില 6.30 ലക്ഷം രൂപയാണ്. പുതിയ നികുതി ഘടന അനുസരിച്ച്, എല്ലാ വേരിയന്റുകളുടെയും വിലയിൽ ഈ കുറവ് പ്രകടമാകും. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ ഇതിനോടകം പുതിയ വിലവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ കിഗറിൽ വയർലെസ് കണക്റ്റിവിറ്റിയോടുകൂടിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എൽഇഡി ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ ഫീച്ചറുകൾ ലഭ്യമാണ്. കൂടാതെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളും ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് കിഗറിൽ ലഭ്യമായിട്ടുള്ളത്. 98 പിഎസ് കരുത്തും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ടർബോചാർജ്ഡ് എഞ്ചിൻ മികച്ച മൈലേജും പ്രകടനവും വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 20.38 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എൻ്റെപ്രിസ് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 72 പിഎസ് കരുത്തും 96 എൻഎം ടോർക്കും നൽകുന്നു. ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.