കൊച്ചി: ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ മികച്ച 125 സിസി എഞ്ചിൻ ശേഷിയുള്ള പുതിയ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വിപണിയിൽ ശ്രദ്ധേയമായ മൂന്ന് മോഡലുകൾ. താങ്ങാനാവുന്ന വിലയിൽ മികച്ച സവിശേഷതകളുമായി ബജാജ്, ഹീറോ, ടിവിഎസ് എന്നീ മുൻനിര കമ്പനികൾ ഈ വിഭാഗത്തിൽ മത്സരിക്കുകയാണ്.

ബജാജ് പൾസർ N125, ഹീറോ എക്സ്ട്രീം 125R, ടിവിഎസ് റൈഡർ 125 എന്നിവയാണ് ഉപഭോക്താക്കൾക്ക് മുന്നിലുള്ള പ്രധാന ഓപ്ഷനുകൾ. ഈ ബൈക്കുകൾ അവയുടെ എഞ്ചിൻ കരുത്ത്, മൈലേജ്, സാങ്കേതികവിദ്യ എന്നിവയിൽ വ്യത്യസ്തയാണ്.

ബജാജ് പൾസർ N125-ന് 124.59 സിസി കരുത്തുറ്റ എഞ്ചിനാണുള്ളത്, ഇത് 12PS പവറും 11Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പൂജ്യം മുതൽ 60 വരെ വേഗത അതിവേഗം കൈവരിക്കാൻ ഇതിന് കഴിവുണ്ട്. 99,213 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഈ ബൈക്ക് ഒരു ലിറ്റർ പെട്രോളിൽ 60 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. ബ്ലൂടൂത്ത് കണക്റ്റഡ് ഡിജിറ്റൽ ഡിസ്‌പ്ലേയും ഇതിന്റെ പ്രത്യേകതയാണ്.

ഹീറോ മോട്ടോകോർപ്പ് അവതരിപ്പിച്ച എക്സ്ട്രീം 125R-ന് 124.7 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണുള്ളത്, ഇത് 11.5 bhp പവറും 10.5 Nm ടോർക്കും നൽകുന്നു. 98,839 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഈ ബൈക്ക് ഒരു ലിറ്റർ പെട്രോളിൽ 66 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, സിംഗിൾ ചാനൽ എബിഎസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ടിവിഎസ് റൈഡർ 125-ന് 124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണുള്ളത്, ഇത് 11.4 HP പവറും 11.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 99,715 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഈ ബൈക്ക് ഒരു ലിറ്റർ ഇന്ധനത്തിൽ 56 കിലോമീറ്റർ ഓടും. 85-ൽ അധികം കണക്റ്റഡ് ഫീച്ചറുകളും വോയിസ് അസിസ്റ്റന്റും ഇതിലുണ്ട്.