- Home
- /
- Feature
- /
- AUTOMOBILE
ഇലക്ട്രിക് കാറുകളുടെ ഉത്പാദനത്തില്‍ നിന്ന് പിന്നോട്ട് വലിഞ്ഞ് സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയും; 2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറില്ല
ഇലക്ട്രിക് കാറുകളുടെ ഉത്പാദനത്തില്‍ നിന്ന് പിന്നോട്ട് വലിഞ്ഞ് വോള്‍വോയും
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: 2030 ഓടെ പൂര്‍ണ്ണമായും ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിലേക്ക് തിരിയും എന്ന നയം മാറ്റുകയാണ് വോള്‍വോ. നേരത്തെ റിനോള്‍ട്ടും, മെഴ്സിഡസും സമാനമായ നയം പ്രഖ്യാപിച്ചതിന് ശേഷം അതില്‍ നിന്നും പുറകോട്ട് പോയിരുന്നു. ഈ വിഭാഗത്തില്‍ പെടുന്ന കാറുകള്‍ക്ക് ആവശ്യകത കുറഞ്ഞതാണ് ഈ കമ്പനികള്‍ നയം മാറ്റത്തിനുള്ള കാരണമായി പറയുന്നത്.
സ്വീഡിഷ് ആസ്ഥാനമായ വോള്‍വോ ഇപ്പോള്‍ പറയുന്നത് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 90 മുതല്‍ 100 ശതമാനം വരെ ഒന്നുകില്‍ പൂര്‍ണ്ണമായും ഇലക്ട്രിക് അല്ലെങ്കില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലുകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ്. ലോകത്തിലെ പ്രധാന വിപണികളിലൊക്കെയും ഇലക്ട്രിക് വാഹനങ്ങളുടേ ആവശ്യകത ഇടിഞ്ഞിരിക്കുകയാണ് എന്നത് വാസ്തവം തന്നെയാണ്.
യു കെയില്‍ സ്വകാര്യ കാറുകള്‍ വാങ്ങുന്നവര്‍ക്ക് ഇത്തരം വാഹനങ്ങളോടുള്ള താത്പര്യം കുറഞ്ഞു വരികയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇ വി ഷെഡ്യൂള്‍ വൈകിക്കുന്നതോടെ കുറച്ച് അധികം ഹൈബ്രിഡ് മോഡലുകള്‍ വിറ്റു പോകാനും സാധ്യതയുണ്ട് എന്നാണ് കമ്പനി കരുതുന്നത്. 2021-ല്‍ ഇലക്ട്രിക് വാഹന വിപണി ഒരു കുതിച്ചു കയറ്റം നടത്തുമെന്ന തോന്നല്‍ ശക്തമായിരുന്ന കാലത്താണ് വോള്‍വോ 2030 ഓടെ പൂര്‍ണ്ണമായും ഇ വി നിര്‍മ്മാണത്തിലേക്ക് തിരിയുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍, പിന്നീട് ഈ വിപണിയില്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഒരു മന്ദതയാണ് പിന്നീട് ഉണ്ടായത്. ഇതു തന്നെയാണ് സമാനമായ പദ്ധതികള്‍ തയ്യാറാക്കിയ മറ്റ് കാര്‍ നിര്‍മ്മാതക്കളെയും അതില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. വിപണിയിലെ, പ്രതീക്ഷിച്ചതിലും അധികമുള്ള മന്ദത, സര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍ പിന്‍വലിച്ച നടപടികള്‍ എന്നിവയൊക്കെ ഈ വിപണിയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.