സി കൃഷ്ണചന്ദ്രന്‍

'ഡല്‍ഹിയില്‍ 'ഇന്ത്യ മുന്നണിയുടെ ചിരി മങ്ങി'

'ഇന്ത്യ മുന്നണി' പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേവലം ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് രൂപപ്പെടുത്തിയ തട്ടിക്കൂട്ട് സംവിധാനമായി ഇന്ത്യ മുന്നണി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ഈ കൂട്ടുത്തരവാദിത്വമില്ലായ്മ, നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍, പടലപ്പിണക്കങ്ങള്‍, താന്‍പോരിമ എന്നിവ പ്രകടമാണ്. വിശാല മുന്നണി യോഗങ്ങളോ, വിശദമായ ചര്‍ച്ചകളോ, യോജിച്ച സമരങ്ങളോ ഇല്ല.

ബിജെപി ക്കും, എന്‍ഡിഎ മുന്നണിക്കും കാര്യങ്ങള്‍ എളുപ്പമാക്കുന്നതും, തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സമ്മാനിക്കുന്നതിനും കാരണം തേടി എങ്ങും അലയേണ്ടതില്ല. രാജ്യത്തെ വര്‍ഗീയ ശക്തികളെ ചെറുക്കാനുള്ള ചേര്‍ന്ന് നില്‍പ്പ് കാലഘട്ടത്തിന്റെ അനിവാര്യതയാണെങ്കിലും, സംസ്ഥാനങ്ങളില്‍ പരസ്പരം ശക്തമായ മത്സരങ്ങളിലേര്‍പ്പെടുന്ന ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ ചേര്‍ന്ന് നില്‍ക്കുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല എന്നത് സുവ്യക്തമാണ്.

ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ പരസ്പരം പഴിചാരി പടുകുഴിയിലേക്ക് വീഴുന്നത് വീക്ഷിച്ച് കരുനീക്കങ്ങള്‍ നടത്തുന്ന ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നത് തങ്ങള്‍ തന്നെയാണെന്ന് ഇനി എപ്പോഴാണ് ഇന്ത്യ മുന്നണിയും, നേതാക്കളും മനസ്സിലാക്കുക? പരാജയത്തിന് ശേഷം വോട്ടിംഗ് മെഷീനെയും, തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കുറ്റമറ്റ മുന്നണി സംവിധാനത്തിലൂടെ,പഴുതടച്ച പ്രതിരോധ സംവിധാനത്തിലൂടെ ബിജെപി ഇതര വോട്ടുകള്‍ ഒന്നിപ്പിച്ചാല്‍ മാത്രമേ പ്രതിലോമ ശക്തികളെ ചെറുക്കാന്‍ സാധിക്കൂ.

ചുരുക്കത്തില്‍ 'ഇന്ത്യ മുന്നണി' എന്ന ആശയം പ്രായോഗികമാക്കുന്നതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നു. ഇന്ത്യ മുന്നണി എന്ന ആശയം പ്രയോഗവത്കരിക്കുന്നതില്‍ എല്ലാ പാര്‍ട്ടികള്‍ക്കും വലിയ വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നു, മുന്നണി സംവിധാനം തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് പരാജയം വിരല്‍ ചൂണ്ടുന്നത്.

ഒമര്‍ അബ്ദുള്ളയുടെ വാക്കുകള്‍ കടമെടുത്താല്‍ 'പരസ്പരം പോരടിക്കരുത്, തകരരുത്'