- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ധനക്കമ്മിയിൽ എൻജിനീയർമാരുടെ പങ്ക്
കേരള സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിദിനം 100 കോടി രൂപയിലേറെ കടമെടുത്തുകൊണ്ടാണ് ഭരണം മുമ്പോട്ട് പോകുന്നത്. എന്താണ് ഈ ദുസ്ഥിതിയുടെ അടിസ്ഥാന കാരണം, സംസ്ഥാനത്തിന്റെ വിഭവ ശേഷിയെ നശിപ്പിക്കുന്ന സംഘടിത വിഭാഗം ഏതാണ്? അടിസ്ഥാന സൗകര്യ വികസനം നടത്തേണ്ടത് സിമന്റും, കോൺക്രീറ്റും ഉപയോഗിച്ചാണ്. അതിൽ അഴിമതി കാണിച്ച് ഗുണനിലവാരവും, ആയുസ്സും കുറയ്ക്കുന്നത് സിവിൽ എൻജിനീയർമാരാണ്. ആയിരക്കണക്കായ സിവിൽ എൻജിനീയർമാർ ജോലി ചെയ്യുന്നത് കെ. എസ്. ഇ. ബി, കേരള വാട്ടർ അഥോറിറ്റി, ജലസേചന വകുപ്പ്, പി.ഡബ്ല്യു.ഡി, എൽ. എസ്. ജി. ഡി എന്നിവിടങ്ങളിലാണ്. ഇവർ പിന്തുടരുന്ന തീർത്തും തെറ്റായ തൊഴിൽ സംസ്കാരം, കേരളത്തെ തകർക്കുന്നത് എങ്ങനെയെന്ന് പള്ളിവാസലിലെ മുൻ പ്രോജക്ട് എൻജിനീയർ ജേക്കബ് ജോസ് എഴുതുന്നു.
കെ.എസ്.ഇ.ബി. യിൽ (കേരള സംസ്ഥാന വൈദ്യുതി ബോർഡ്), ഓരോ വർഷവും ആയിരം കോടി രൂപയിലേറെ നഷ്ടം റിപ്പോർട്ട് ചെയ്യുന്നുണ്ട്, എന്താണ് ഇതിന്റെ കാരണം?
കെ.എസ്.ഇ.ബി.യിൽ 700 സിവിൽ എൻജിനീയർമാരാണ് ജോലി ചെയ്യുന്നത്. ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണമാണ് ഇവരുടെ പ്രധാന ചുമതല. ഓരോ വർഷവും 100 മെഗാവാട്ടിന് തത്തുല്യമായ ഉപഭോഗം, സംസ്ഥാനത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഉപയോഗിച്ച മുപ്പതിനായിരം ദശലക്ഷം യൂണിറ്റ് വൈദ്യുതിയിൽ, 23300 ദശലക്ഷം യൂണിറ്റും പുറമേ നിന്ന് വാങ്ങിയതാണ്. അതായത് മൊത്തം ഉപഭോഗത്തിന്റെ വെറും 22% മാത്രമാണ് ആഭ്യന്തര ഉൽപാദനം. അത്യന്തം ഗൗരവതരമായ ഈ സാഹചര്യത്തിലും, കഴിഞ്ഞ 13 വർഷം കൊണ്ട് 700 സിവിൽ എൻജിനീയർമാർ കൂട്ടിച്ചേർത്ത ഉത്പാദനശേഷി വെറും 99 മെഗാവാട്ട് മാത്രമാണ്. സംസ്ഥാനത്ത് 777 മെഗാവാട്ട് ശേഷിയുള്ള 126 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഏറ്റവും വലുത് 17 വർഷമായിട്ടും പണിതീരാത്ത 60 മെഗാ വാട്ടിന്റെ പള്ളിവാസൽ പദ്ധതിയാണ്. ഏറ്റവും പഴയത് 31 വർഷമായിട്ടും പണിതീരാത്ത മൂന്നു മെഗാവാട്ടിന്റെ വഞ്ചിയം ചെറുകിട ജലവൈദ്യുത പദ്ധതിയുമാണ്.
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ വൈദ്യുത പ്രതിസന്ധിയുടെയും, കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബുദ്ധിമുട്ടിന്റെയും മൂലകാരണം, സിവിൽ എഞ്ചിനീയറിങ് എന്തെന്നറിയാത്ത സിവിൽ വിഭാഗമാണ്.
കേരള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ തലങ്ങും, വിലങ്ങും പൊട്ടുന്നതിന് എന്താണ് കാരണം?
സംസ്ഥാനത്ത് കാർഷിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള ശുദ്ധജലം വിതരണം ചെയ്യുന്നത് കേരള വാട്ടർ അഥോറിറ്റി ആണ്. പുതുതായി ടാർ ചെയ്ത റോഡുകൾ ഉടനടി വെട്ടിപ്പൊളിക്കുന്നതിൽ ഇവരുടെ മിടുക്ക് കുപ്രസിദ്ധമാണ്. ഇവർ റോഡുകളിൽ കുഴിക്കുന്ന കുഴികൾ മൂടാതെ വിടുന്നതുകൊണ്ട്, അതിൽ വീണ് അനേകം ആളുകൾ കൊല്ലപ്പെടുന്നുണ്ട്. അപൂർവമായി കുഴി ഉടനടി മൂടിയാൽ പോലും, അത് ടാർ മിക്സോ, കോൺക്രീറ്റോ ഉപയോഗിച്ച് മുമ്പത്തെ പോലെ ആക്കുന്നില്ല. വാട്ടർ അഥോറിറ്റി ഇടുന്ന പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നതുകൊണ്ടുള്ള ദുരിതങ്ങൾ എണ്ണമറ്റതാണ്. കേരളത്തിലെ നഗര ജീവിതത്തെ നരക ജീവിതം ആക്കുന്നത് കെ. ഡബ്ലിയു. ഏ. യിലെ സിവിൽ എൻജിനീയർമാരാണ്. 100 ലിറ്റർ ജലം ശുദ്ധീകരിച്ച് പമ്പ് ചെയ്യുമ്പോൾ അതിൽ 45 ലിറ്ററും പാഴാകുന്നു എന്ന ലോക റെക്കോഡിനും ഉടമകളാണ് ഇവർ.
സംസ്ഥാനത്ത് ഇടുന്ന ഓരോ പൈപ്പ് ലൈനും ഒരു മീറ്റർ താഴ്ചയിലാണ് ഇടേണ്ടത്. അതിനുശേഷം പ്രവർത്തന സമ്മർദ്ദത്തിന്റെ ഇരട്ടിയിൽ അത് ഹൈഡ്രോ ടെസ്റ്റ് ചെയ്യണം. ഇത് രണ്ടും ചെയ്യാത്തതുകൊണ്ടാണ്, കേരളത്തിൽ അങ്ങോളം ഇങ്ങോളം പൈപ്പുകൾ പൊട്ടുന്നത്. ബാക്ക് ഫില്ലിങ്ങ് ഒരു ഹോൾഡ് പോയിന്റ് ആക്കിക്കൊണ്ട്, ഹൈഡ്രോ ടെസ്റ്റ് സ്ഥലത്തെ വാർഡ് മെമ്പർ കണ്ട് സാക്ഷ്യപ്പെടുത്തണം എന്ന നിബന്ധന വച്ചാൽ, ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.
ജലസേചന വകുപ്പിന്റെ പല പദ്ധതികളും ദശാബ്ദങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്, ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ?
കൃഷിക്കാവശ്യമായ ജലം ശേഖരിക്കാനും, വിതരണം ചെയ്യാനുമുള്ള ഡാമുകളും, കനാലുകളും നിർമ്മിക്കുക, കടലാക്രമണം തടയാനുള്ള കടൽ ഭിത്തികൾ നിർമ്മിക്കുക എന്നിവയാണ് ഈ വകുപ്പിന്റെ പ്രധാന ജോലികൾ. നിലവിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ജലസേചന പദ്ധതികൾ ആയ ബാണാസുരസാഗർ, ഇടമലയാർ, കാരാപ്പുഴ തുടങ്ങിയവ കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായി പൂർത്തിയായിട്ടില്ല. അനന്തമായി നീളുന്ന ഈ പദ്ധതികളുടെ എസ്റ്റിമേറ്റ് തുക 100 മടങ്ങ് വരെ വർദ്ധിച്ചു. സംസ്ഥാനത്ത് നിർമ്മിക്കുന്ന കടൽ ഭിത്തികളുടെ ആയുസ്സ് രണ്ടോ, മൂന്നോ വർഷം മാത്രമാണ്. ജലസേചന വകുപ്പിലെ സിവിൽ എഞ്ചിനീയർമാർക്ക് ഓഫീസിൽനിന്ന് ഇറങ്ങി വർക്ക് സൈറ്റ് സന്ദർശിക്കുന്ന ശീലമേ ഇല്ല. അതുകൊണ്ടുതന്നെ അവർ നിർമ്മിക്കുന്ന കടൽ ഭിത്തികൾ, കടലിൽ തന്നെ അലിഞ്ഞുചേരുന്നതിൽ അത്ഭുതപ്പെടാനില്ല. അച്ചടക്ക നടപടികൾ ആവശ്യമുള്ളിടത്ത് എടുക്കുക, വേണ്ട രീതിയിൽ തുടർ പരിശീലനം നൽകുക എന്നിവയാണ് പരിഹാരങ്ങൾ.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് നിരീക്ഷണങ്ങൾ
കേരളത്തിലെ റോഡുകളുടെയും, പൊതു കെട്ടിടങ്ങളുടെയും ദുരവസ്ഥയ്ക്ക് കാരണക്കാർ പൊതുമരാമത്ത് വകുപ്പിലെ സിവിൽ എഞ്ചിനീയർമാരാണ്. കൈക്കൂലിയും, കമ്മീഷനും വാങ്ങിക്കാൻ അവർ എന്ത് അധാർമ്മിക പ്രവർത്തനവും നടത്തും.
ഇത് അഞ്ച് തരത്തിലാണ് ചെയ്യുന്നത്.
(1) മെഷർമെന്റ് ബുക്കിൽ കൂടുതൽ എഴുതിച്ചേർത്ത് കിട്ടുന്ന തുക,
(2) എളുപ്പപ്പണി ചെയ്തിട്ട് കിട്ടുന്ന മിച്ചം,
(3) മെറ്റീരിയൽ മിക്സിൽ കുറവ് വരുത്തി കിട്ടുന്ന ലാഭം,
(4) വാങ്ങിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിലോ, എണ്ണത്തിലോ, അളവിലോ, തൂക്കത്തിലോ കുറവ് വരുത്തി ഉണ്ടാക്കുന്ന അനധികൃത സാമ്പത്തിക നേട്ടം,
(5) മാസപ്പടി.
മെഷർമെന്റ് ബുക്കിൽ കൂടുതൽ എഴുതിച്ചേർത്ത് നടത്തുന്ന അഴിമതിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് റോഡിലെ കുഴിയടയ്ക്കൽ. ഏത് ആകൃതിയിലുള്ള എത്ര ചെറിയ കുഴി അടച്ചാലും അവിടെ വലിയൊരു ചതുരം കാണാം. ആ വലിയ ചതുരത്തിന്റെ അളവിൽ തുക കണക്കാക്കി കരാറുകാരന് കൊടുക്കും.
എളുപ്പപണി ചെയ്തു കിട്ടുന്ന ലാഭത്തിന്റെയും, കമ്മീഷന്റെയും ഉദാഹരണമാണ് ബാക്ക് ഫില്ലിങ്ങ് അഥവാ മണ്ണിട്ട് ഉയർത്തൽ. എത്ര വലിയ കുഴി ആയാലും ഇവിടെ ചെയ്യുന്നത് ഒറ്റയടിക്ക് മണ്ണ് നിറയ്ക്കുക എന്ന രീതിയാണ്. യഥാർത്ഥത്തിൽ ഇത് ചെയ്യേണ്ടത് ഘട്ടം ഘട്ടമായിട്ടാണ്. അര മീറ്റർ ഉയരത്തിൽ ആദ്യം മണ്ണ് നിറച്ച് ലെവൽ ചെയ്യുക. അത് റോളർ ഉപയോഗിച്ച് അമർത്തി ഏകദേശം മുപ്പത് സെന്റീമീറ്റർ കനത്തിൽ ആക്കുക. അതിനുശേഷം അമർത്തിയ മണ്ണിന്റെ ഡ്രൈ ഡെൻസിറ്റി അളക്കുക. ഉദ്ദേശിച്ച മൂല്യം കിട്ടിയാൽ മണ്ണ് വേണ്ടത്ര അമർന്നു എന്ന്, മനസ്സിലാക്കാം. അതിന്റെ മുകളിൽ വീണ്ടും അര മീറ്റർ കനത്തിൽ മണ്ണ് നിറച്ച് മുപ്പത് സെന്റിമീറ്ററിലേക്ക് അമർത്തുകയും, ഡ്രൈ ഡെൻസിറ്റി അളക്കുകയും വേണം. ഇത്തരം ശാസ്ത്രീയമായ പ്രവർത്തനത്തിലൂടെ വേണം നിസ്സാരമായ മണ്ണ് നിറയ്ക്കൽ പോലും നടത്താൻ. എങ്കിലും എളുപ്പ പണി ചെയ്തു കൊണ്ട്, പദ്ധതികളുടെ കടക്കൽ കത്തി വെക്കുന്ന പ്രവർത്തനമാണ് സിവിൽ എഞ്ചിനീയർമാർ കേരളത്തിൽ ചെയ്യുന്നത്.
മെറ്റീരിയൽ മിക്സിൽ കുറവ് വരുത്തുന്നത് പ്രധാനമായും കോൺക്രീറ്റിങ്ങിലും, ടാറിങ്ങിലും ആണ്. പാലാരിവട്ടം പാലം പൊളിച്ചു പണിയേണ്ടി വന്നതിന്റെ പ്രധാന കാരണം സിമന്റിന്റെ കുറവാണ്. കേരളത്തിലെ റോഡുകൾ പൊട്ടിപ്പൊളിയുന്നതിന്റെ പ്രധാന കാരണം, ഹോട്ട് മിക്സിലെ ടാറിന്റെ അളവ് കുറയ്ക്കുന്നതും, ടാറിങ് ലെയറിന്റെ കനം കുറയ്ക്കുന്നതും ആണ്.
തിരുവനന്തപുരം നഗരത്തിൽ ഈയിടെ ആദ്യത്തെ മഴക്ക് തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു, ഇത് തടയാൻ സാധിക്കുമോ?
കോർപ്പറേഷനുകളിലെയും, മുനിസിപ്പാലിറ്റികളിലെയും സിവിൽ എൻജിനീയർമാരുടെ ഒരു പ്രധാന ജോലിയാണ് ഡ്രെയ്നേജ് കനാലുകൾ നിർമ്മിക്കുക എന്നത്. കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും, 6 കോർപ്പറേഷനുകളിലും ഇവർ തികഞ്ഞ പരാജയമാണ്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ കൊച്ചിയിലും, തിരുവനന്തപുരത്തും മാത്രമേയുള്ളൂ. അവിടങ്ങളിലേക്ക് മലിനജലം എത്തിക്കാനുള്ള അണ്ടർ ഗ്രൗണ്ട് ഡ്രെയ്നേജ് കനാലുകളുടെ പണി പൂർത്തിയായിട്ടില്ല. പണിപൂർത്തിയായതിന്റെ തന്നെ ചരിവ് ശരിയല്ലാത്തതുകൊണ്ട് വെള്ളക്കെട്ട് ഉണ്ടാക്കാൻ മാത്രമേ പ്രയോജനപ്പെടുന്നുള്ളു. നമ്മുടെ നഗരങ്ങളിൽ ഒറ്റമഴക്ക് തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്നതിന്റെ മൂലകാരണം, അശാസ്ത്രീയമായ ഈ ഓട നിർമ്മാണമാണ്. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ നദികളിലേക്കും, കായലുകളിലേക്കും, കടലിലേക്കും മനുഷ്യമലം കലർന്ന മലിനജലം ഒഴുക്കുന്നതിന്റെ കാരണക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സിവിൽ എൻജിനീയർമാരാണ്.
സംസ്ഥാനത്തെ അടിമുടി നശിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാർ സിവിൽ എഞ്ചിനീയർമാരെ നിയന്ത്രിക്കാൻ നാലു പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നു.
(1) പ്രഗൽഭരായ സിവിൽ എഞ്ചിനീയർമാരെ ഉപയോഗപ്പെടുത്തി സർക്കാർ സിവിൽ വിഭാഗത്തിന് ഓറിയന്റേഷൻ ക്ലാസുകൾ നടത്തുക,
(2) എൻജിനീയർമാരെ തൊഴിലാളി യൂണിയൻ പ്രവർത്തനത്തിൽ നിന്ന് വിലക്കുക,
(3) കുറ്റാരോപിതരാകുന്ന സിവിൽ എഞ്ചിനീയർമാർക്കെതിരെ, പിരിച്ചുവിടൽ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കുക,
(4) എൻജിനീയറിങ് പാസാകുന്ന യുവതി യുവാക്കൾക്ക്, ഡോക്ടർമാർക്ക് ഉള്ളതുപോലെ പ്രതിജ്ഞ എടുത്തതിനു ശേഷമേ, ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാവൂ.
(ജേക്കബ് ജോസ്- 82814 05920 )