ഡോ. സലാഹുദ്ധീന്‍ പറമ്പില്‍

ല്പം അതിശയോക്തി കലര്‍ത്തിയതെന്നു തോന്നാവുന്ന ഈയൊരു ലേഖനം എഴുതുന്നതിലേക്ക് നയിച്ചത്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയും അതിനു മറുപടിയെന്നോണം സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒരു ആക്ടിവിസ്റ്റിന്റേതായി വന്ന ഫേസ്ബുക്ക് പോസ്റ്റുമാണ്. കേന്ദ്ര മന്ത്രിസഭയില്‍ മുസ്ലിം മന്ത്രി ഇല്ലാത്തത് മുസ്ലിങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്യാത്തത് കൊണ്ടാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. അതിനു മറുപടിയായി വന്ന ഫേസ്ബുക് പോസ്റ്റിന്റെ ഉളളടക്കം ഇങ്ങനെയായിരുന്നു. 'ബി ജെ പി മുസ്ലിംകള്‍ക്കു കൂടി സ്വീകാര്യമായ പാര്‍ട്ടി ആണെന്ന് തങ്ങള്‍ക്ക് തോന്നുന്ന ആ നിമിഷം, ബി ജെ പി ജയിച്ചു കഴിഞ്ഞാല്‍ മുസ്ലിം എം എല്‍ എമാരും മന്ത്രിമാരുമൊക്കെ തങ്ങളെ ഭരിക്കുമെന്ന് തോന്നുന്ന ആ നിമിഷം ബി ജെ പി ക്കു അവരുടെ കോര്‍ വോട്ട് ബാങ്ക് നഷ്ടപ്പെടും'. ഈ പോസ്റ്റിലെ ആശയം അദ്ദേഹത്തിന്റെ മാത്രമല്ല, അങ്ങനെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മുസ്ലിം വിദ്വേഷം എന്ന ഒറ്റത്തൂണിന്റെ മുകളിലാണ് ബിജെപി നിലനില്‍ക്കുന്നത് എന്നതാണ് ഈ അഭിപ്രായങ്ങളുടെയൊക്കെ ആകത്തുക. കാര്യങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊതുക്കുന്ന ബൈനറി തിങ്കിങ് മാത്രമല്ല അതിന്റെ പ്രശ്‌നം, ബിജെപി യുടെ വോട്ട് ബാങ്ക് ഒരു പരമത വിദ്വേഷക്കൂട്ടമാണെന്ന അപകടകരമായ ധ്വനി കൂടി അത്തരം ചിന്തകള്‍ ഉള്‍വഹിക്കുന്നുണ്ട്.

ഇതിന് ഡയറക്റ്റ് മറുപടി എഴുതുന്നതില്‍ ചില അവ്യക്തതകളും ബൈനറി പ്രശ്‌നങ്ങളും വരാന്‍ സാധ്യതയുള്ളതുകൊണ്ട്, രാജ്യത്ത് ബിജെപിയുടെ അജയ്യമായ കുതിപ്പിന് ശേഷമുള്ള ചില ജനാധിപത്യ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാം. ഒന്ന്; സി എ എ - എന്‍ ആര്‍ സി സമരങ്ങള്‍ വ്യാപകമായ സമയത്ത്, ആ നിയമങ്ങള്‍ വെല്ലുവിളിയായും സമരമായും ഭീഷണിയായും എല്ലാം നിറഞ്ഞ നിന്ന ആസാമില്‍ അന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തുണ്ടായിരുന്നത് ഒരു മുസ്ലിം ആയിരുന്നു. പേര് അമീനുല്‍ ഹഖ് ലസ്‌കര്‍. ആസ്സാമിലെ സോനായ് അസംബ്ലി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മുസ്ലിംകളുടെ കൂടി വോട്ട് നേടി എം എല്‍ എ ആയ മുസ്ലിം സാമാജികന്‍. അവിടത്തെ മുസ്ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്തത് കൊണ്ടോ, അമീനുല്‍ ഹഖിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയതിനോ, സോനായി മണ്ഡലത്തില്‍ വികസനം കൊണ്ടുവന്നതിനാലോ ബിജെപിയുടെ കോര്‍ വോട്ട് ബാങ്ക് നഷ്ടപ്പെട്ടില്ലെന്നതിനു അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍ സാക്ഷിയാണ്.

രണ്ട്; 2015 ല്‍ ജമ്മു കാശ്മീരില്‍ നിലവില്‍ വന്ന ബിജെപി - പിഡിപി ഗവണ്‍മെന്റിനെ നയിച്ചത് കാശ്മീരിലും രാജ്യത്താകെ തന്നെയും ഏറെ ആദരിക്കപ്പെട്ടിരുന്ന മുഫ്തി മുഹമ്മദ് സഈദ് ആയിരുന്നു. (198990 ലെ വി പി സിംഗ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം). അദ്ദേഹത്തിന്റെ മരണശേഷം മകള്‍ മെഹബൂബ മുഫ്തിയും കുറച്ചുകാലം ആ സഖ്യത്തെ നയിച്ചു. ഇസ്ലാമിയ്യത്തും കാശ്മീരിയ്യത്തും ഉണ്ടായിരുന്ന രണ്ടു മുസ്ലിങ്ങളെ മുഖ്യമന്ത്രിയാക്കിയതിനൊ അവരോടൊപ്പം അധികാരം പങ്കിട്ടതിനോ ബിജെപിയുടെ കോര്‍ വോട്ട് ബാങ്ക് ആയ ജമ്മു മേഖല ബിജെപിക്കെതിരെ തിരിഞ്ഞോ?

മൂന്ന്; ഇപ്പോഴത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മലയാളിയായ, ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ എപി അബ്ദുള്ള കുട്ടിയാണ്. ഹജ്ജ് ക്വോട്ട, ഹാജിമാര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് അനുവദിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളുടെ അത്ഭുതകരമായ കണക്കുകള്‍ ആര്‍ക്കും ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ ലഭിക്കുന്നതാണ്. കോടിക്കണക്കിന് രൂപ ഹജ്ജ് കമ്മിറ്റിക്കും ഹാജിമാര്‍ക്കും വേണ്ടി അനുവദിച്ചതിന്റെ പേരില്‍ ഏതെങ്കിലും ബിജെപി വോട്ടര്‍മാര്‍ പിണങ്ങിപ്പോയോ?

നാല്; ഇന്ന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയുടെ സുപ്രധാന ഘടകകക്ഷികളാണ് നിതീഷ് കുമാറിന്റെ ജെ ഡി യുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും. ന്യൂനപക്ഷ പ്രീണനം നടത്തുന്നവരെന്ന ആക്ഷേപം വരെ കേട്ട രണ്ടുപേര്‍. ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും ജെഡിയു ടിക്കറ്റില്‍ ഒരു മുസ്ലിം ജയിച്ച് മന്ത്രിയായിട്ടുണ്ട്. ചെയിന്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മുഹമ്മദ് സമാ ഖാന്‍. ബിജെപി വോട്ടര്‍മാരുടെ കൂടി പിന്തുണ കിട്ടിയില്ലെങ്കില്‍ ഒരു എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം ജയിക്കില്ലെന്നുറപ്പ്. മുസ്ലീങ്ങള്‍ക്ക് ആക്‌സസ് ഉണ്ടാവും എന്ന് കരുതി ബിജെപിയുടെ വോട്ടര്‍മാര്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാതിരുന്നോ?മുസ്ലിങ്ങളുടെ വോട്ട് ലഭിക്കുന്നു എന്നതിന്റെ പേരില്‍ നിതീഷ് കുമാറും നയിഡുവും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടോ?

മുസ്ലിംകള്‍ ബിജെപി ക്കു വോട്ട് ചെയ്തു തുടങ്ങിയാല്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ ഇല്ലാതാവുമെന്ന അപകടകരമായ വാദങ്ങളെ ഖണ്ഡിക്കുന്ന നിരവധി യാഥാര്‍ഥ്യങ്ങള്‍ ഇനിയും കാണാന്‍ കഴിയും. ബിജെപിയുടെ ശക്തി-സ്വാധീനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൂടിയാണ് ഇത്തരം വാദങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത്. ഇത്തരം ജനാധിപത്യ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ നിരന്തരം കണ്ണടച്ച് , ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി വിതക്കുകയും ആ ഭീതിയില്‍ നിന്നും രാഷ്ട്രീയനേട്ടം കൊയ്യുകയുമാണ് കാലങ്ങളായി ഇവിടെയുള്ള 'ന്യൂനപക്ഷ സംരക്ഷണ' രാഷ്ട്രീയക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഭയം വിറ്റ് വോട്ട് വാരുന്നവര്‍

2014 ല്‍ പ്രശസ്ത നോവലിസ്റ്റ് ചേതന്‍ ഭഗത് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ Mapping the route to minority success എന്ന ലേഖനം വീണ്ടും പരാമര്‍ശിക്കേണ്ടി വരുന്നത്, മുസ്ലിം സ്‌നേഹം അഭിനയിക്കുന്ന ഇവിടുത്തെ സ്വയം പ്രാഖ്യാപിത മതേതര പാര്‍ട്ടികള്‍ ഇത്രയും വര്‍്ഷങ്ങള്‍ക്ക് ശേഷവും ആ ലേഖനം പ്രതിപാദിച്ച 'ബിജെപി ഫോബിയ സൃഷ്ടിച്ചു ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടല്‍' എന്ന പോയിന്റില്‍ നിന്നും ഒരടി മുന്നോട്ടു പോയിട്ടില്ല എന്നതിനാലാണ്. ഇലെക്ഷന്‍ കാലത്ത് മുസ്ലിം ബെല്‍റ്റുകളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണ ക്യാമ്പയിനുകള്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. സി എ എ കേരളത്തില്‍ നടപ്പാക്കില്ല' എന്ന കോമഡി പീസ് കൊണ്ടാണ്, സി എ എ യുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു ഒരു റോളുമില്ലെന്നു ബോധ്യമുണ്ടായിട്ടും കമ്മ്യൂണിസ്റ്റ്കാര്‍ കേരള മുസ്ലിംകളുടെ സാമാന്യബുദ്ധിയെ പരിഹസിക്കാറുള്ളത്. ബിജെപിയോടുള്ള മുസ്ലിംകളുടെ അകല്‍ച്ച മാറിയാല്‍ പിന്നെ തങ്ങള്‍ക്കൊന്നും നിലനില്പില്ലെന്ന ബോധ്യം എല്ലാ 'ന്യൂനപക്ഷ സംരക്ഷണ സമിതി'ക്കാര്‍ക്കുംഉണ്ടെന്നതാണ് സത്യം.

2019 ല്‍ വായനാട്ടിലേക്കു ഓടി വന്നില്ലായിരുന്നെങ്കില്‍ അന്ന് പാര്‍ലമെന്റ് കാണാന്‍ കഴിയാതെ പോകുമായിരുന്ന രാഹുല്‍ ഗാന്ധിക്ക് അക്കാര്യം തീര്‍ച്ചയായും മനസ്സിലായിട്ടുണ്ടാവും. അപ്പോള്‍ പിന്നെ നിലനില്‍പ്പ് സംരക്ഷണത്തിന് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു മാര്‍ഗ്ഗം ബിജെപിയെ ഒരു ഭീകര സത്വമായി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കലാണ്. അത്തരം പ്രൊപഗണ്ടകള്‍ക്ക് പരിക്കേല്‍ക്കുമെന്ന ഭയം പലപ്പോഴും മുസ്ലിംകള്‍ക്ക് നേരെയുള്ള തെറിവിളികളായി പോലും രൂപാന്തരപ്പെടാറുണ്ട്. മുസ്ലിം നേതാക്കള്‍ ആര്‍ എസ് എസ് തലവനുമായി സൗഹൃദ സംഭാഷണങ്ങള്‍ നടത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സൂഫി സമ്മേളനങ്ങളില്‍ മുഖ്യാതിഥിയാകുമ്പോഴും കേരളത്തിലെ മുസ്ലിം പണ്ഡിതര്‍ അമിത് ഷായടക്കമുള്ള കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുമ്പോഴുമെല്ലാം ഇവിടുത്തെ 'മതേതര' രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അവരുടെ കൂലിയെഴുത്തുകാരില്‍ നിന്നും മുസ്ലിംകള്‍ക്ക് നേരെ രൂക്ഷമായ ആക്രമണങ്ങള്‍ നടക്കുന്നതിന്റെ കരണമിതാണ്. പോസിറ്റീവായ ഇത്തരം ചര്‍ച്ചകളെ പോലും സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ആയും മറ്റുമൊക്കെ ആക്ഷേപിക്കുന്നവര്‍ക്ക്, യഥാര്‍ഥത്തിലുള്ളത് ന്യൂനപക്ഷ സ്‌നേഹമല്ല, മറിച്ച് തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലാവുമെന്ന ഭയവിഹ്വലതയാണെന്നു ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്.

മുസ്ലിംകളുടെ ഓപ്ഷന്‍സ്

ഭൂതകാലത്തെ ചൊല്ലിയുള്ള തീവ്ര വൈകാരികതകളിലും കപട മതേതരവാദികള്‍ അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി സൃഷ്ടിക്കുന്ന അനാവശ്യ ആശങ്കകളിലും വീണുപോവാതെ, രാഷ്ട്രത്തിനും സമുദായത്തിനും ഒരുപോലെ പ്രയോജനപ്രദമാവുന്ന പ്രായോഗിക നിലപാടുകളിലേക്കു മുസ്ലിം സമൂഹം എത്തിച്ചേരേണ്ടതുണ്ട്. ഒരു പതിറ്റാണ്ടിലധികമായി കേന്ദ്രവും രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിക്കുന്ന ഒരു പ്രസ്ഥാനത്തോടും അതിന്റെ നേതാക്കളോടും സ്വീകരിക്കേണ്ട നിലപാടുകളില്‍ ഒരു പുനര്‍വിചിന്തനം അത്യാവശ്യമാണ്. തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചകള്‍ക്കും സഖ്യ പ്രഖ്യാപനങ്ങള്‍ക്കും ഉപരിയായി തെരഞ്ഞെടുപ്പുകളിലും ബിജെപിയുമായുള്ള സഹകരണ സാധ്യതകളെ മുസ്ലിം സമൂഹം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ബിജെപി ഗവണ്‍മെന്റുകളുമായും മന്ത്രിമാരുമായും മുസ്ലിം നേതൃത്വങ്ങള്‍ കൂടിക്കാഴ്ചകള്‍ നടത്താറുണ്ട്. ഇക്കഴിഞ്ഞ ബീഹാര്‍ ഇലക്ഷന് ശേഷം, അസദുദ്ധീന്‍ ഉവൈസിയുടെ എ ഐ എം ഐ എം, എന്‍ ഡി എ ക്കു പിന്തുണ നല്‍കാമെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. ബിജെപി - എന്‍ ഡി എ നേതൃത്വവുമായുള്ള ഇത്തരം സഹകരണങ്ങള്‍ വോട്ട് വിനിയോഗത്തില്‍ കൂടി നടത്തേണ്ടതിനെ കുറിച്ച് മുസ്ലിം സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. എലെക്ഷനുകള്‍ ജയിക്കാന്‍ ബിജെപി ക്കു മുസ്ലിം വോട്ടുകള്‍ ആവശ്യമില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു തന്നെ ഇത്തരം സഹകരണങ്ങള്‍ നടത്തുമ്പോള്‍ അതിലൊരു മതാത്മക സൗന്ദര്യം കൂടിയുണ്ട്.

കോണ്‍ഗ്രെസ്സോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ മുസ്ലിംകളുടെ സാമൂഹ്യ പുരോഗതിക്കു ഇക്കാലമത്രെയും എന്ത് ചെയ്തുവെന്ന ചോദ്യം ഇന്നും പ്രസക്തമാണ്. സച്ചാര്‍ കമ്മീഷന്‍ നിയോഗിക്കപ്പെടുന്നതിലേക്കു മുസ്ലിംകളുടെ അവസ്ഥയെ എത്തിച്ചത് ബിജെപിയല്ല, സ്വാതന്ത്രത്തിനു ശേഷം കോണ്‍ഗ്രസ് ഭരിച്ച പതിറ്റാണ്ടുകളാണ്. ബിജെപി ഒരു രാഷ്ട്രീയ ശക്തിയാവുന്നതിനു മുമ്പേ തന്നെ, നിരവധി മുസ്ലിം യുവാക്കളെ അന്യായമായി പതിറ്റാണ്ടുകളോളം തടവിലിട്ടതിന്റെ ക്രെഡിറ്റും കോണ്‍ഗ്രെസ്സിനുണ്ട്. സ്വന്തമായി നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത, ഏതാനും നേതാക്കന്മാരുടെ കൂട്ടം മാത്രമാണിന്നു ബിജെപിയല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. വിയോജിപ്പുകളുണ്ടെങ്കിലും, ബിജെപി സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്നത് യാഥാര്‍ഥ്യമാണ്. സ്വന്തമായി അജണ്ടകള്‍ സെറ്റ് ചെയ്യാനോ അതിനനുസരിച്ചു പ്രവര്‍ത്തിക്കാനോ ത്രാണിയില്ലാത്ത, അനാവശ്യ ഭീതി വിതച്ചും പ്രീണന ഗിമ്മിക്കുകള്‍ കൊണ്ടും ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കപട മതേതരവാദികളെ ഇനിയും മനസ്സിലാക്കാന്‍ വൈകരുത്. സ്ഥിരതയില്ലാത്ത വാചോടാപങ്ങളെക്കാള്‍ ഉറച്ച നിലപാടുകളാണ് ആദരവര്‍ഹിക്കുന്നത്, വോട്ടും.

പതിറ്റാണ്ടുകളുടെ സാക്ഷ്യപത്രം മുന്നില്‍ നില്‍ക്കെ, ഇനിയും കപടമതേതര കക്ഷികളില്‍ വിശ്വാസം വെക്കുന്നവര്‍ സ്വപ്നലോകത്താണ് ജീവിക്കുന്നത്. മതേതര സംരക്ഷണം, ന്യൂനപക്ഷ സുരക്ഷ തുടങ്ങിയ വാചകക്കസര്‍ത്തുകള്‍ നടത്തുന്നവര്‍ക്കൊന്നും ബിജെപിയെ തോണ്ടാനുള്ള ഒരു വടി എന്നതിലുപരി അവയെക്കുറിച്ചോന്നും ഒരു ധാരണയുമില്ലെന്നതാണ് വസ്തുത. പ്രയോഗവല്‍ക്കരണമണ് നിലപാടുകള്‍ക്ക് ജീവന്‍ നല്‍കുന്നത് എന്നിരിക്കെ, ഉപരിസൂചിത മുദ്രാവാക്യങ്ങള്‍ ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ നടപ്പില്‍ വരുത്തണമെന്നതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് പ്രസ്തുത 'ന്യൂനപക്ഷ വോട്ട് ചോരി'ക്കാര്‍ക്കൊന്നും ഒരു ധാരണയുമില്ലെന്നതാണ് സത്യം. നേരത്തെ സൂചിപ്പിച്ച പോലെ, ബിജെപിയെയും സംഘ്പരിവാറിനെയും ചൂണ്ടി ഭയവും വിതച്ച് വോട്ട് വിളവെടുപ്പ് നടത്തുക മാത്രമാണവര്‍ ചെയ്യുന്നത്.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇന്ന് ബിജെപിയാണ് മുസ്ലിംകളുടെ ബെസ്‌ററ് ഓപ്ഷന്‍ എന്ന് പറയുമ്പോള്‍, ബിജെപി കുറവുകളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്നല്ല അതിനര്‍ത്ഥം. പരിമിതികളും ന്യൂനതകളുമില്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും ലോകത്തില്ല. പക്ഷെ, ബിജെപിയെ വെച്ച് ഇവിടുത്തെ കപടമതേതര പാര്‍ട്ടികള്‍ മുസ്ലിംകള്‍ക്ക് നേരെ നടത്തുന്ന ബ്ലാക്മെയ്ലിംഗ് രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. മുസ്ലിം സമൂഹം പരസ്യമായിത്തന്നെ ബിജെപിയെ പിന്തുണക്കലാണ് അതിനുള്ള പോംവഴി. മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ ഡി എ സഖ്യത്തിലേക്കു വരട്ടെ. പി ഡി പിക്കും ഉവൈസിക്കും അതിനു കഴിയുമെങ്കില്‍ മുസ്ലിം ലീഗിനും ആസ്സാമിലെ എ ഐ യു ഡി എഫിനും അതിനു കഴിയും.

പഹല്‍ഗാം ഭീകരാക്രമണ ശേഷം ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങളെ അറിയിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ദൗത്യസംഘങ്ങളില്‍ ഉവൈസിയും ഇ ടി മുഹമ്മദ് ബഷീറും ഗുലാം നബി ആസാദുമൊക്കെ ഉണ്ടായിരുന്നു. അത് ബിജെപി ഗവണ്മെന്റിന്റെ ദൗത്യസംഘമാണെന്നു പറഞ്ഞു മുസ്ലിം നേതാക്കള്‍ മാറിനില്‍ക്കുകയോ, മുസ്ലിം നേതാക്കളെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ബിജെപിക്ക് വോട്ടര്‍മാരെ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രതാല്പര്യങ്ങളെ മാനിക്കുന്ന അത്തരം നിലപാടുകള്‍ വിദേശത്തെന്ന പോലെ സ്വദേശത്തും ഉണ്ടാവട്ടെ. മത- ജാതി ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിന്ന് ബ്ലാക്മെയ്ലിംഗ് രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കട്ടെ. സമുദായത്തിന്റെ അജണ്ടകള്‍ തീരുമാനിക്കാന്‍ കപടമതേതരവാദികള്‍ക്കു അവസരം നല്‍കാതെ, ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച ഓപ്ഷന്‍ തന്നെ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ കുതിച്ചുചാട്ടത്തില്‍ ഭാഗവാകാവാന്‍ മുസ്ലിം സമൂഹത്തിനു കഴിയട്ടെ.

ഒരു നുള്ള് തമാശ: മുസ്ലിംകളുടെ വോട്ട് കിട്ടിത്തുടങ്ങിയാല്‍ ബിജെപി ക്കു അവരുടെ പരമ്പരാഗത വോട്ടര്‍മാരെ നഷ്ടപ്പെടുമെങ്കില്‍, അപ്രകാരം തന്നെ വോട്ട് ചെയ്യാന്‍ മുസ്ലിംകളെ പ്രോത്സാഹിപ്പിക്കുകയല്ലേ 'മതേതര'വാദികള്‍ ചെയ്യേണ്ടത്? അങ്ങനെ സ്വന്തം കോര്‍ വോട്ട് ബാങ്ക് നഷ്ടമായി ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയെപ്പെടുമെങ്കില്‍ അതും ലാഭമല്ലേ ?