- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ അളിഞ്ഞ രാഷ്ട്രീയമാണ് ഇസ്രയേൽ-ഹമാസ് സംഘർഷത്തെ മതവികാരം ഇളക്കിവിടാനായി ഉപയോഗിക്കുന്നത്; അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ ശത്രുതയാണെന്ന പൊതുബോധം ഒരു മിഥ്യാധാരണ: വെള്ളാശേരി ജോസഫ് എഴുതുന്നു
ഇസ്രായേൽ ഗസ്സയിലുള്ള മനുഷ്യരെ കൊല്ലുന്നതാണ് ഇപ്പോൾ മലയാള പത്രങ്ങളുടെയൊക്കെ തലക്കെട്ട്. മലയാള മനോരമയും മാതൃഭൂമിയും ഒക്കെ അതിൽ മത്സരിക്കുന്നു. മീഡിയ വണ്ണും, മാധ്യമവും പണ്ടേ ഫലസ്തീൻ പക്ഷക്കാരാണ്. ജൂത ഉന്മൂലനം ആഗ്രഹിക്കുന്നവരും ആണെന്ന് തോന്നുന്നു. കൈരളിയും ദേശാഭിമാനിയും കൂടി ഫലസ്തീൻ വിഷയം കേരളത്തിൽ സജീവമാക്കുന്നു. ഇതിനിടയിൽ കേരളത്തിൽ നടക്കുന്ന കർഷക ആത്മഹത്യകളെ കുറിച്ച് ചിന്തിക്കാൻ ഇവർക്കാർക്കും സമയമില്ല. സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന തൊഴിലില്ലായ്മയോ, വിലക്കയറ്റമോ ശ്രദ്ധിക്കാതെ ആണിവർ 5000 കിലോമീറ്ററിനപ്പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബേജാറാവുന്നത്.
കെ.എസ്.ആർ.ടി.സി.-യിൽ ശമ്പളമില്ല, സംസ്ഥാനത്തെ മിക്ക സർക്കാർ ഡിപ്പാർട്ട്മെന്റ്റുകളിലും പണത്തിന് ഞെരുക്കമാണ്. ആളുകളുടെ കയ്യിൽ കാശു വരാത്തതുകൊണ്ട് വ്യാപാരവും അധികമൊന്നും നടക്കുന്നില്ല. അതുകൊണ്ട് ചെറുകിട വ്യാപാരികൾ മിക്കവരും കടക്കെണിയിലാണ്. അപ്പോൾ പരിപ്പ്, പയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, അരി, മല്ലി വെളിച്ചെണ്ണ മുതലായ അവശ്യ സാധനങ്ങളുടെ വില കൂടി വർധിച്ചാൽ സാധാരണക്കാരായ ജനം തെണ്ടി പോവത്തില്ലേ? ഇതൊന്നും മീഡിയ വണ്ണിനോ, മാധ്യമത്തിനോ, ദേശാഭിമാനിക്കോ പ്രശ്നങ്ങളല്ലന്നാണ് തോന്നുന്നത്.
ഇനിയിപ്പോൾ സന്ദേശം സിനിമയിലെ കോട്ടപ്പള്ളി പ്രഭാകരന്റ്റെ ലോജിക് വെച്ച് 'ലോകത്തിലെ മനുഷ്യന്റെ പ്രശ്നങ്ങൾ മുഴുവൻ ഒന്നാണെന്ന്' ചിന്തിച്ചാൽ മിഡിൽ ഈസ്റ്റിൽ ഇപ്പോൾ നടക്കുന്നവയും, അടുത്ത കാലത്ത് നടന്നിട്ടുള്ളവയുമായ മനുഷ്യ കുരുതികളെ കുറിച്ച് മുഴുവൻ പറയേണ്ടതായി വരും. മദ്ധ്യേഷ്യയിൽ സൗദിയും യമനും തമ്മിലുള്ള യുദ്ധത്തിലെ മരണ സംഖ്യ മൂന്നു ലക്ഷം കവിഞ്ഞു. മദ്ധ്യേഷ്യയിൽ നടന്ന ഏറ്റവും ഭീകര യുദ്ധം ഏഴു വർഷവും, പത്തു മാസവും, നാലാഴ്ചയും, ഒരു ദിവസവും നീണ്ട ഇറാൻ-ഇറാക് യുദ്ധമായിരുന്നു. ഈ 7 വർഷവും, 10 മാസവും, 4 ആഴ്ചയും, 1 ദിവസവും നീണ്ട യുദ്ധം 1980 ഓഗസ്റ്റിൽ തുടങ്ങി 1988-ൽ അവസാനിക്കുകയായിരുന്നു. അഞ്ചു ലക്ഷത്തോളം പേരാണ് ഇറാൻ-ഇറാക് യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
ഒരു ലക്ഷത്തിൽ മിച്ചം അഭയാർഥികളെ സൃഷ്ടിച്ച നഗോർനോ-കാരാബാക്ക് കോൺഫ്ളിക്റ്റോ, നൈജീരിയയിൽ ബൊക്ക ഹറാം നടത്തിയ കൂട്ടക്കൊലകളോ കേരളത്തിൽ ഒരിക്കലും ചർച്ച ആവില്ല. കാരണം അതിലൊക്കെ വിക്റ്റിമ്സ് ക്രിസ്ത്യാനികൾ ആയിരുന്നു. യസീദികളുടെ പീഡനമോ, പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പീഡനമോ ഒരിക്കലും മീഡിയ വണ്ണിനോ, മാധ്യമത്തിനോ, ദേശാഭിമാനിക്കോ വിഷയങ്ങളാവില്ല.
ആയിരകണക്കിന് കുർദിഷ് ജനതയെ വിഷവാതക പ്രയോഗത്തിലൂടെ വധിച്ച സദ്ദാം ഹുസൈനു വേണ്ടി ബന്ദ് നടത്തിയവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ. 'ലോകത്തിലെ മനുഷ്യന്റെ പ്രശ്നങ്ങൾ മുഴുവൻ ഒന്നാണെന്നുള്ള' കോട്ടപ്പള്ളി പ്രഭാകരന്റെ ലോജിക് കുർദിഷ് ജനതയുടെ കാര്യത്തിലോ, യസീദികളുടെ കാര്യത്തിലോ ദേശാഭിമാനിയോ, കൈരളിയോ ഓർക്കാൻ സാധ്യതയില്ല. കാരണമെന്തെന്നുവച്ചാൽ, വോട്ടു ബാങ്ക് രാഷ്ട്രീയമാണല്ലോ കേരളത്തിൽ അരങ്ങേറുന്നത്.
മാധ്യമങ്ങളും ലക്ഷ്യം വെക്കുന്നതും ഈ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ തന്നെയാണ്. പാക്കിസ്ഥാൻ അടിച്ചോടിക്കുന്ന 20 ലക്ഷത്തോളം വരുന്ന പാവപ്പെട്ട അഫ്ഗാൻ അഭയാർഥികളുടെ കാര്യം കേരളത്തിൽ ചർച്ച ആവാത്തത്തിന് കാരണവും 26 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടു ബാങ്കാണ്. അഞ്ഞൂറോളം സ്ത്രീകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. ഒരു തുണി കഷ്ണത്തിന്റെ പേരിൽ അഞ്ഞൂറോളം സ്ത്രീകളെ വധിക്കുന്നതൊക്കെ എല്ലാ ആധുനിക മൂല്യങ്ങൾക്കും എതിരാണ്. പക്ഷെ സ്ത്രീ സ്വാതന്ത്ര്യവും, പുരോഗമന മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ ഇടതുപക്ഷം ഇതിനെ കുറിച്ചൊന്നും ഒരക്ഷരം മിണ്ടില്ല.
കേരളത്തിൽ ഇസ്രയേൽ-ഹമാസ് യുദ്ധം വലിയൊരു വൈകാരികമായ തലത്തിലേക്ക് എത്തിക്കുവാൻ പല തൽപര കക്ഷികൾക്കും കഴിഞ്ഞിട്ടുണ്ട്. പക്ഷെ പല അറബ് രാഷ്ട്രങ്ങൾക്കും ഈ ഹമാസ്, ഐസിസ്, അൽ ഖൊയ്ദ - തുടങ്ങിയ ഇസ്ലാമിക തീവ്രവാദങ്ങളോട് അശേഷം താൽപ്പര്യമില്ല. പശ്ചിമേഷ്യയിൽ ഏറ്റവും സമ്പത്തും സ്വാധീനവുമുള്ള സൗദി അറേബ്യ പൊതുവേ ഇസ്രയേൽ-ഹമാസ് സംഘർഷത്തോട് മുഖം തിരിക്കുകയാണ്. അതുകൊണ്ട് തന്നെ എണ്ണ വില കൂടുന്നുമില്ല. 'ക്രൂഡ് ഓയിൽ മാർക്കറ്റ്' 'പാനിക്ഡ്' ആകുന്ന ഒരു ലക്ഷണവും കാണിക്കുന്നില്ല എന്നാണ് രുചിർ ശർമ്മ രണ്ടാഴ്ച മുമ്പ് ടൈംസ് ഓഫ് ഇന്ത്യ-യിൽ എഴുതിയത്.
മൊറൊക്കോയ്ക്കും, യു.എ.ഇ.-ക്കും ഈ ഇസ്രയേൽ-ഹമാസ് യുദ്ധത്തോട് വലിയ താൽപര്യമൊന്നുമില്ല. ഈജിപ്റ്റ് പണ്ടേ 'മുസ്ലിം ബ്രദർഹുഡ്' പോലുള്ള തീവ്രവാദങ്ങളോട് എതിരാണ്. ഇവരൊക്കെ ഇസ്രയേലിനെ ഈ യുദ്ധത്തിൽ സഹായിക്കുന്നുണ്ടോ എന്നുപോലും സംശയിക്കണം. ആകപ്പാടെ ഇറാനും ടർക്കിയും മാത്രമാണ് പശ്ചിമേഷ്യയിൽ ഹമാസിനെ പിന്തുണയ്ക്കുന്നത്. ചിലരൊക്കെ ഇറാനും ടർക്കിയും ഹമാസിനെ സഹായിക്കാൻ സ്വന്തം സൈന്യത്തെ അയക്കും എന്ന് കേരളത്തിലിരുന്ന് സ്വപ്നം കാണുന്നു. അമേരിക്കൻ സൈന്യം 'റെഡ് സീയിൽ' നിലയുറപ്പിച്ചിരിക്കുന്നതോളം കാലം അതിന് സാധ്യതയില്ല. നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകയാൽ ടർക്കിക്ക് സൈനികമായി ഇടപെടാൻ ആവില്ല. ഹിസ്ബുള്ളയും ഹൂതികളും പിന്നെ ഇസ്രയേലിലേക്ക് കുറെ മിസൈലുകൾ അയക്കുമായിരിക്കും. അത്രയൊക്കെയേ സംഭവിക്കാൻ സാധ്യതയുള്ളൂ.
മത വികാരത്തെക്കാൾ ഉപരി ഇവിടെ അടിസ്ഥാനപരമായി കാണേണ്ടത് സാമ്പത്തിക വശമാണ്. 2022 ഒക്റ്റോബറിൽ ടർക്കിയിൽ ഇൻഫ്ളേഷൻ 83.5 ശതമാനമായിരുന്നു. ഇറാനിലും പണപ്പെരുപ്പവും വിലക്കയറ്റവും വളരെ കൂടുതലാണ്. ഇറാനും ടർക്കിയും മത വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നത് കൂടുതലും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്.
ഈ സാമ്പത്തിക വിഷയം തന്നെയാണ് സൗദി അറേബ്യയേയും ഏതെങ്കിലും തരത്തിൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇടപെടുന്നതിൽ നിന്ന് പിന്നോട്ടടിക്കുന്നത്. ലോകം ഇന്ന് പതിയെ പതിയെ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് സോളാർ-ഇലക്ട്രിക് ഇന്ധനത്തിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. ഇന്ത്യയിൽ പോലും ഇലക്ട്രിക്ക് റിക്ഷകളും ഇലക്ട്രിക്ക് സ്കൂട്ടറുകളുമൊക്കെ ഇഷ്ടം പോലെ വന്നുകഴിഞ്ഞു. യൂറോപ്പിലാണെങ്കിൽ പണ്ടേ 'ഗ്രീൻ എനർജി' വലിയൊരു മുദ്രാവാക്യമാണ്. 2030 ആകുമ്പോൾ മിക്കവാറും ലോകം സോളാർ-ഇലക്ട്രിക് ഇന്ധനത്തിലേക്ക് മാറും. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് സൽമാൻ രാജാവ് ഇസ്രയേലുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞത്.
സൗദി അറേബ്യ, യു.എ.ഇ. - ഈ രാജ്യങ്ങളൊക്കെ വാണിജ്യ മേഖലയിലാണ് ഇനിയുള്ള കാലം ശ്രദ്ധ പതിപ്പിക്കാൻ പോകുന്നത്. സൗദി അറേബ്യ ലോകമെമ്പാടും കയറ്റി വിട്ട വഹാബിസത്തോട് അതുകൊണ്ടുതന്നെ മുഖം തിരിക്കുകയാണ്. 105 മൈൽ നീളമുള്ള വൻ കെട്ടിടങ്ങൾ പാരലൽ ആയി നിരന്നു നിൽക്കുന്ന വമ്പൻ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിക്കൊരുങ്ങിയിരിക്കുകയാണ് ഇന്നിപ്പോൾ സൗദി അറേബ്യ. അംബരചുംബികളായ കെട്ടിടങ്ങൾ നിരന്നുനിൽക്കുന്ന ഈ 105 മൈൽ നീളമുള്ള പദ്ധതി 500 ബില്യൺ ഡോളറിന്റ്റെ ആണെന്ന് പറയുമ്പോൾ, എത്ര വിപുലമായ പ്രൊജക്റ്റ് ആണത് എന്ന് സങ്കൽപിക്കുവാൻ സാധിക്കും. യു.എ.ഇ. പണ്ടേ ദുബായ് എയർ പോർട്ടും, തുറമുഖവുമായി വാണിജ്യത്തിൽ വൻ കുതിപ്പ് നടത്തിയ ഒരു രാഷ്ട്രമാണ്. മക്കയിലും മദീനയിലും ഉൾപ്പെടെ പടുകൂറ്റൻ ഹോട്ടലുകളും, റെസ്റ്റോറന്റ്റുകളും, വ്യാപാര സ്ഥാപനങ്ങളും ഒക്കെയാണ് ഇനിയുള്ള കാലം സൗദി അറേബ്യയിൽ വരാൻ പോകുന്നത്. ഹജ്ജ് ലക്ഷ്യം വെച്ചുകൊണ്ട് സൗദിയിൽ അനേകം ഹോട്ടൽ ശൃംഖലകളാണ് വരാൻ പോകുന്നത്.
അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ ശത്രുതയാണെന്ന പൊതുബോധം മുസ്ലീങ്ങളിൽ ഉള്ളത് ഒരു മിഥ്യാധാരണയാണ്. 'മക്ക 2030 എക്സ്പാൻഷൻ പ്രോജക്റ്റിലൊക്കെ' ഇസ്രയേൽ ഇൻവെസ്റ്റ്മെന്റ്റ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹജ്ജും ഉംറയും ഒക്കെ ഇനി വരും കാലങ്ങളിൽ ഹോട്ടലുകളും, റെസ്റ്റോറന്റ്റുകളും, വ്യാപാര സ്ഥാപനങ്ങളും ഒക്കെയായി വലിയ 'ട്രാവൽ ബിസ്നെസ്' ആയി മാറാനാണ് സാധ്യത.
വഹാബിസവും, മുസ്ലിം ബ്രദർഹുഡും ഇങ്ങനെ സാമ്പത്തികമായി മുന്നേറുന്ന ഗൾഫ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അസ്ഥിരത സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് അവർ ഇത്തരം തീവ്രവാദങ്ങളെ പ്രോത്സാഹിപ്പിക്കും എന്ന് കരുതാൻ വയ്യാ. തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു തീവ്രവാദ ശക്തികളേയും സൗദി, ഈജിപ്റ്റ്, യു.എ.ഇ. - ഇവരൊന്നും അല്ലെങ്കിലും വെച്ചു പൊറുപ്പിക്കത്തില്ല. പണ്ട് അമേരിക്കൻ സൈനിക ഇടപെടലിനെ ചൊല്ലി ബോംബിങ് നടത്തിയ ആളുകളുടെ തല വെട്ടിയ ചരിത്രമാണ് സൗദി അറേബ്യക്കുള്ളത്.
കേരളത്തിലെ അളിഞ്ഞ രാഷ്ട്രീയമാണ് ഇസ്രയേൽ-ഹമാസ് സംഘർഷത്തെ മതവികാരം ഇളക്കിവിടാനായി ഉപയോഗിക്കുന്നത്; എന്നിട്ട് അതുവെച്ച് വോട്ട് പിടിക്കാനും ശ്രമിക്കുന്നൂ. സോഷ്യൽ മീഡിയയിലും, ഓൺലൈൻ പത്രങ്ങളിലുമെങ്കിലും അങ്ങേയറ്റം ഹിപ്പോക്രാറ്റിക്ക് ആയ വോട്ടുബാങ്ക് ലക്ഷ്യം വെക്കുന്ന കേരളത്തിലെ ഈ നിരുത്തരവാദപരമായ രാഷ്ട്രീയം തുറന്നു കാട്ടപ്പെടണം. ഇത്തരം തീവ്രവാദ രാഷ്ട്രീയവുമായി ഗൾഫ് രാജ്യങ്ങളിലേക്ക് ചെന്നാൽ, അവർ കയ്യോടെ ഡിപോർട്ട് ചെയ്യും. യു.എ.ഇ.-ൽ നിന്നൊക്കെ അങ്ങനെ ഡിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇഷ്ടം പോലെ മലയാളികളുണ്ട്.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)