ഗോൾഡൻ ഹവർ എന്നാണ് ആ സമയത്തെ വിളിക്കുന്നത്. സെക്യുരിറ്റി ചെക്കിംഗിനും വിമാനത്തിൽ കയറുന്നതിനും ഇടയിലുള്ള ഈ സമയം അക്ഷാർത്ഥത്തിൽ തന്നെ വിമാനത്താവളങ്ങൾക്ക് സ്വർണ്ണഖനിയാണ്. നിങ്ങൾ അറിയാതെ തന്നെ, ഈ സമയത്ത് കൂടുതൽ പണം ചെലവഴിപ്പിക്കാൻ പ്രേരിതരാകും. ഒരുപക്ഷെ ഒരു പെഗ് മദ്യമായിരിക്കാം അല്ലെങ്കിൽ ഒരു ഊണ് ആയിരിക്കാം, നിങ്ങൾ അറിയാതെ തന്നെ അതിലേക്ക് ആകർഷിതരായി പണം ചെലവഴിക്കുന്നു.

സെക്യുരിറ്റി ചെക്കിങ് കഴിഞ്ഞ്, ബോർഡിങ് ഗെയ്റ്റിൽ അറിയിപ്പ് എത്തുന്നതു വരെയുള്ള സമയം യാത്രക്കാർ ഏതാണ്ട് വിമാനത്താവളത്തിനുള്ളിൽ തടവുകാരാക്കപ്പെട്ടവരെ പോലെയാണ്. ഇവിടെയാണ് വിമാന താവളങ്ങൾ യാത്രക്കാരെ കൂടുതൽ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നത്. സമയം കൊല്ലാനുള്ള ഒരു ഉപാധിയായിട്ടു പോലും ഒരു ഷോപ്പിങ് നടത്താൻ നിങ്ങൾക്ക് തോന്നും. ഇത്തരത്തിൽ പണം ലഭിക്കുന്നതുകൊണ്ട് തന്നെയാണ് ഈ മേഖലയിലുള്ളവർ ഈ സമയത്തെ ഗോൾഡൻ ഹവർ എന്ന് വിളിക്കുന്നത്.

ഗെയ്റ്റ് നമ്പർ ഏതെന്ന് അറിയിപ്പ് വരുന്നത് അവസാന നിമിഷം വരെ വൈകിപ്പിക്കും. അതുകൊണ്ടു തന്നെ കുത്തിയിരുന്ന് ബോറടിക്കാൻ ധാരാളം സമയം യാത്രക്കാർക്ക് ലഭിക്കുന്നു. അതോടൊപ്പം അവരെ ആകർഷിക്കുന്ന നിരവധി പരസ്യങ്ങളും എത്തുന്നതോടെ കച്ചവടം കൊഴുക്കും. എയർപോർട്ട് ഗുരു എന്നറിയപ്പെടുന്ന ഹോളി ബക്ക്‌നർ ആണ് ആദ്യമായി ഈ സമയത്തെ സൂചിപ്പിക്കാൻ ഗോൾഡൻ ഹവർ എന്ന പദം ഉപയോഗിച്ചത്.

ഈ സമയത്ത് വെറുതെയിരിക്കുന്ന യാത്രക്കാർ ഭക്ഷണ പാനീയങ്ങൾക്കായി കൂടുതൽ തുക ചെലവഴിക്കാൻ പ്രേരിപ്പിക്കപ്പെടും. വിമാനത്താവളങ്ങളിലെ ഭക്ഷണ പാനീയങ്ങളുടെ വില ഹൈസ്ട്രീറ്റ് റെസ്‌റ്റോറന്റുകളിലേതിനേക്കാൾ വളരെ കൂടുതലാണ്. അതിനാൽ തന്നെ യാത്രക്കാർക്ക് അധിക തുക ചെലവഴിക്കേണ്ടതായി വരും. എന്നാൽ, വിമാനത്താവളത്തിന് ഇത് ഭേദപ്പെട്ട വരുമാനം നേടിക്കൊടുക്കുകയും ചെയ്യും.

അതുപോലെ ഗോൾഡൻ ഹവറിൽ യാത്രക്കാർ, ലഘു ഭക്ഷണം, മാസികകൾ, വർത്തമാന പത്രങ്ങൾ എന്നിവയ്ക്കായും പണം ചെലവഴിക്കും. മറ്റു ചില ഷോപ്പുകൾ ആകട്ടെ, യാത്രക്കാർ മറന്നു പോകാൻ ഇടയുള്ള ചാർജ്ജറുകൾ, അഡാപ്റ്ററുകൾ, ട്രാവൽ പില്ലോ എന്നിവയിലുടെ ബിസിനസ്സ് വളർത്താൻ ശ്രമിക്കും.

ചെക്ക് ഇൻ മെഷിനുകൾ വന്നതോടെ യാത്രക്കാർക്ക് ബാഗുകൾ ഡ്രോപ് ഇൻ ചെയ്യേണ്ട ആവശ്യമില്ല. ഇത് ആളുകൾക്ക് കൂടുതൽ എളുപ്പത്തിലും വേഗതയിലും ബോർഡിങ് ഗെയ്റ്റിൽ എത്താൻ സൗകര്യം നൽകുന്നു. അതായത്, പതിവിലും കൂടുതൽ സമയം അവർക്ക് എയർപോർട്ടിനുള്ളിൽ ചെലവഴിക്കേണ്ടി വരുന്നു. ദീർഘദൂര വിനോദ സഞ്ചാരികളാണ് വിമാനത്താവളങ്ങളിൽ കൂടുതൽ പണം ചെലവാക്കുന്നത് എന്ന് അടുത്തിടെ സിഡ്‌നി മോർണിങ് ഹെറാൾഡ് നടത്തിയ ഒരു സർവേയിൽ തെളിഞ്ഞിരുന്നു.

മാത്രമല്ല, വിമാനത്താവളത്തിനകത്ത് ഷോപ്പുകളും റെസ്‌റ്റോറന്റുകളും ക്രമീകൈരിച്ചിരിക്കുന്നത് ഹൈസ്ട്രീറ്റിനെ ഓർമ്മിപ്പിക്കും വിധമാണ്. സെക്യുരിറ്റി ചെക്കിങ് കഴിഞ്ഞ് ബോർഡിങ് ഗെയ്റ്റിലെത്താൻ അവയുടെ മുന്നിലൂടെ ദീർഘദൂരം നടക്കേണ്ടതായി വരുന്നു. ഇത് ഷോപ്പിങ് നടത്തുന്നതിനുള്ള പ്രേരണ വർദ്ധിപ്പിക്കുന്നു. ഗാറ്റ്‌വിക്കിലെതുപോലെ സർപ്പിളാകൃതിയിലുള്ള ഷോപ്പിങ് ഏരിയകളിൽ 60 ശതമാനം കൂടുതൽ കച്ചവടം നടക്കുന്നു എന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്.