തിരുവനന്തപുരം: അവധിക്കാലമാണ്..അതിനാൽ തന്നെ യാത്രകളുടെ പിന്നാലെയാണ് മിക്കവരും.സ്വന്തം വാഹനവും ടാക്‌സിയും ബസ്സുമൊക്കായാണ് യാത്രക്കായി പലരും തെരഞ്ഞെടുക്കുന്നത്.യാത്ര അത്ര സുഖകരമാവില്ലെങ്കിലും മറ്റ് സൗകര്യങ്ങൾ നോക്കിയാണ് പലരും ഇങ്ങനെ തെരഞ്ഞെടുക്കുന്നത്.തീവണ്ടി യാത്ര ഇഷ്ടമാണെങ്കിൽ കൂടി ഇത്തരം ആവശ്യങ്ങൾ പലരും തീവണ്ടിയെ ആശ്രയിക്കാറില്ലെന്നതാണ് സത്യം.എന്നാൽ ഒരു വിനോദയാത്രക്ക് പോലും തീവണ്ടിയെ തെരഞ്ഞെടുക്കാമെന്നതാണ് യാഥാർത്ഥ്യം.പക്ഷെ പലർക്കും ഇതിന്റെ വിശദാംശങ്ങൾ അറിയില്ല എന്നതാണ് ഇത്തരം ആവശ്യങ്ങളിൽ നിന്ന് തീവണ്ടിയെ മാറ്റി നിർത്താൻ പ്രധാനകാരണം.

ചെലവ് കുറച്ച് എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് ട്രെയിൻ യാത്രയെ പലരുടെയും പ്രിയപ്പെട്ടതാക്കുന്നത്.സാധാരണ നമ്മൾ ഒറ്റക്കോ കൂട്ടായോ ആണ് ട്രെയിൻ യാത്രക്ക് മുമ്പായി ടിക്കറ്റുകൾ എടുക്കാറുള്ളത്.എന്നാൽ ട്രെയിനിലെ ഒരു കോച്ച് മുഴുവനായോ ഒരു ട്രെയിൻ തന്നെ മുഴുവനായോ നമുക്ക് ബുക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് വസ്തുത.

ടിക്കറ്റ് ബുക്കു ചെയ്യാനായി ആദ്യം ഐ.ആർ.സി.ടി.സിയുടെ ംംം.ളൃേ.ശൃരരേ.രീ എന്ന ഔദ്യോഗിക വെബ് സൈറ്റ് തുറക്കണം. നിങ്ങൾ ഒരു കോച്ച് മുഴുവനായി ബുക്കു ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ എഫ്.ടി.ആർ(ഫുൾ താരിഫ് റേറ്റ്) സർവീസ് സെലെക്ട് ചെയ്യുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ രജിസ്റ്റ്രേഷൻ തുക എത്രയാണെന്ന് അറിയാനാവും. ആറു ദിവസത്തിനകം പണം അടച്ച് എഫ്.ടി.ആർ രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ഓൺലൈനായല്ലാതെയും എഫ്.ടി.ആർ രജിസ്റ്റ്രേഷൻ നടത്താനാകും. ഇതിനായി നിങ്ങൾ യാത്ര ആരംഭിക്കുന്ന റെയിൽവേ സ്റ്റേഷനുമായാണ് ബന്ധപ്പെടേണ്ടത്. ചീഫ് ബുക്കിങ് സൂപ്പർ വൈസർക്കോ സ്റ്റേഷൻ മാസ്റ്റർക്കോ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വിശദമായ അപേക്ഷ നൽകേണ്ടതുണ്ട്. ഇതിനുള്ള മറുപടിയായി രജിസ്റ്റ്രേഷൻ തുക എത്രയാണെന്ന് അറിയാനാവും. ഈ തുക ടിക്കറ്റ് കൗണ്ടറിൽ അടച്ച് എഫ്.ടി.ആർ രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കാം.

ഒരു കോച്ച് മുഴുവനായി ബുക്കു ചെയ്യാൻ ഏഴു ദിവസത്തേക്ക് സെക്യൂരിറ്റി തുകയായി 50,000 രൂപയാണ് നൽകേണ്ടത്. ഏഴു ദിവസത്തിൽ കൂടുതൽ യാത്രയുണ്ടെങ്കിൽ ഓരോ ദിവസത്തിനും 10000 രൂപ വീതം ഓരോ ദിവസവും ഓരോ കോച്ചിനും നൽകേണ്ടി വരും. പരമാവധി ഒരു ട്രെയിനിന്റെ 10 കോച്ചുകളാണ് മുഴുവനായും ബുക്കു ചെയ്യാനാവുക.

ഇനി ട്രെയിൻ മുഴുവനായി ബുക്കു ചെയ്യണമെങ്കിൽ ഏഴു ദിവസത്തിന് ഒമ്പതു ലക്ഷം രൂപ ഇന്ത്യൻ റെയിൽവേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ഇങ്ങനെ ബുക്കു ചെയ്യുന്നവർക്ക് 18 കോച്ചുകളുള്ള ട്രെയിനാണ് റെയിൽവേ അനുവദിക്കുക. ഇതിൽ രണ്ട് എസ്.എൽ.ആർ കോച്ചുകളായിരിക്കും.

ഇനി കൂടുതൽ വലുപ്പമുള്ള ട്രെയിൻ വേണമെന്നുണ്ടെങ്കിൽ അതിനും മാർഗമുണ്ട്. 18 കോച്ചിന് പുറമേ അധികം വേണ്ട കോച്ചുകളുടെ തുകയായി ഓരോന്നിനും 50,000 രൂപ വീതം അടച്ചാൽ മതി. പരമാവധി 24 കോച്ചുകൾ വരെയുള്ള ട്രെയിനുകൾ പണം നൽകി ബുക്കു ചെയ്യാനുള്ള സൗകര്യം ഇന്ത്യൻ റെയിൽവേ നൽകുന്നുണ്ട്. ഇങ്ങനെയൊരു സൗകര്യമുണ്ടെന്നു കരുതി ഇന്നു പണം നൽകി നാളെ ട്രെയിനുമായി പോകാമെന്നൊന്നും കരുതരുത്. യാത്രാ തീയതിയുടെ 30 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതുണ്ട്. പരമാവധി ആറു മാസം വരെ മുമ്പ് ട്രെയിനുകളും കോച്ചുകളും ബുക്കു ചെയ്യാനാകും.

എന്തെങ്കിലും കാരണവശാൽ ബുക്കു ചെയ്ത ട്രെയിനോ കോച്ചുകളോ റദ്ദാക്കാനും അവസരമുണ്ടായിരിക്കും. ഐ.ആർ.സി.ടി.സി നിങ്ങളുടെ അപേക്ഷയിൽ അന്തിമ തീരുമാനം അറിയിക്കും മുമ്പ് എഫ്.ടി.ആർ റിക്വസ്റ്റ് ക്യാൻസൽ ചെയ്താൽ അഞ്ചു ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് പിടിച്ച ശേഷം ബാക്കി തുക നൽകും. യാത്രക്ക് രണ്ടു ദിവസം മുമ്പാണ് റദ്ദാക്കുന്നതെങ്കിൽ പത്തു ശതമാനമായിരിക്കും ക്യാൻസലേഷൻ ചാർജ്. ഒരു ദിവസം മുമ്പാണെങ്കിൽ 25 ശതമാനം ക്യാൻസലേഷൻ ഫീസായി പിടിക്കും. യാത്ര തുടങ്ങി നാലു മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ 50 ശതമാനം ക്യാൻസലേഷൻ ചാർജ് ഈടാക്കും. ഇനി റെയിൽവേയാണ് ബുക്കു ചെയ്ത യാത്ര റദ്ദാക്കുന്നതെങ്കിൽ തുക പൂർണമായും തിരികെ ലഭിക്കും.