ലണ്ടന്‍: നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ലോകത്തെ മുപ്പത് നഗരങ്ങളില്‍ രണ്ടാമതായി പുതുച്ചേരിയുടെ പേര്. ലോണ്‍ലി പ്ലാനറ്റിന്റെ ഇത്തവണത്തെ ടൂറിസ്റ്റ് ലോക റാങ്കിംഗിലാണ് ഇന്ത്യയിലെ ഈ നഗരം രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പട്ടികയിലെ ഏറ്റവും മികച്ച രാജ്യങ്ങള്‍ കാമറോണും ലിത്വനിയായും ഫിജിയുമാണ്.

ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയ ബെസ്റ്റ് ട്രാവല്‍ ഇന്‍ 2025 എന്ന പുസ്തകത്തിലാണ് ഈ പുരാതന നഗരത്തിന് ഇത്രയും വലിയ ബഹുമതി ലഭിച്ചിരിക്കുന്നത്. ലോണ്‍ലി പ്ലാനറ്റ് നിയോഗിച്ച വിദഗ്ധരും ലോകമെമ്പാടുമുളള അവരുടെ പങ്കാളികളും ചേര്‍ന്നാണ് മുപ്പത് നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ കാമറൂണാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനം ലിത്വാനിയയ്ക്കും മൂന്നാം സ്ഥാനം ഫിജിക്കുമാണ്.

ലോണ്‍ലി പ്ലാനറ്റ് പറയുന്നത് കാമറൂണ്‍ മനോഹരമായ ബീച്ചുകളും തിരക്കില്ലാത്ത ദേശീയ പാര്‍ക്കുകളും മികച്ച രാത്രികാല ജീവിതവും കൊണ്ടാണ് ഒന്നാമത് എത്തിയത് എന്നാണ്. ലിത്വാനിയയെ ശ്രദ്ധേയമാക്കുന്നത് പൈന്‍മരക്കാടുകളും തടാകങ്ങളും വൃത്തിയും വെടിപ്പുമുളള ബീച്ചുകളുമാണ്. ഫിജിയുടെ ഏറ്റവുംവലിയ ആകര്‍ഷണം അവരുടെ കോറല്‍ ദ്വീപുകളാണ്. നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ടൂളൂസിക്കാണ്.

ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പുതുച്ചേരി തനിമ എക്കാലത്തും കാത്ത് സൂക്ഷിക്കുന്ന ഒരു നഗരമാണ്. ഇന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നാണ് പുതുച്ചേരി. കേന്ദ്രഭരണ പ്രദേശമായ ഇവിടെ പഴയ കാല സംസ്‌ക്കാരത്തിന്റെ ഒട്ടേറെ ശേഷിപ്പുകള്‍ ഇന്നും കാണാന്‍ കഴിയും. ഒരു കാലത്ത് ഫ്രഞ്ചുകാരുടെ കോളനി ആയിരുന്ന ഇവിടം ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്യം നേടിയിട്ടും കുറേ നാള്‍ കൂടി കഴിഞ്ഞിട്ടാണ് സ്വതന്ത്രമായത്.

അരബിന്ദോ ആശ്രമം ഉള്‍പ്പടെ നിരവധി ആകര്‍ഷണങ്ങള്‍ ഈ പട്ടണത്തതിനുണ്ട്. ബള്‍ഗേറിയയിലെ പര്‍വ്വത മേഖലയില്‍ പെട്ട ബന്‍സ്‌ക്കോയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍.