ർഷത്തിലെ എല്ലാ മാസങ്ങൾക്കും 30 അല്ലെങ്കിൽ 31 ദിവസങ്ങളുണ്ട്. എന്നാൽ ഫെബ്രുവരിക്ക് മാത്രം 28 ദിവസങ്ങളേയുള്ളു താനും. എന്നാൽ നാല് വർഷങ്ങൾ കൂടുമ്പോൾ വരുന്ന ഫെബ്രുവരിക്ക് സാധാരണയായി 29 ദിവസങ്ങൾ ഉണ്ടാകാറുമുണ്ട്. ഇതിനെ നാം ലീപ് ഇയർ അഥവാ അധിവർഷം എന്ന് വിളിക്കുന്നു. ഇന്ന് അത്തരമൊരു ഫെബ്രുവരി 29 ആണല്ലോ. എന്നാൽ എന്തു കൊണ്ടാണ് ഫെബ്രുവരിക്ക് ദിവസങ്ങൾ കുറവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? എന്തു കൊണ്ടാണ് നാല് വർഷം കൂടുമ്പോൽ 29 ദിവസം വരുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ...? ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ ദിവസമാണിന്ന്. അതായത് ഇന്നത്തെ അധിവർഷത്തെക്കുറിച്ച് അറിയേണ്ട ചില പ്രധാനപ്പെട്ട വസ്തുതകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

എന്തു കൊണ്ടാണ് ലീപ് ഇയർ ഉണ്ടാകുന്നത്...?

നാല് വർഷം കൂടുമ്പോൾ ഫെബ്രുവരിയുടെ അവസാനം ഒരു ദിവസം കൂടി കൂട്ടിച്ചേർക്കപ്പെടുന്നതിനെയാണ് ലീപ് ഇയർ അഥവാ അധിവർഷം എന്ന് പറയുന്നത്. സോളാർ സിസ്റ്റത്തിന് ഗ്രിഗോറിയൻ കലണ്ടറുമായുള്ള അസമാനത മൂലമാണ് ഇത് സംജാതമാകുന്നത്. സൂര്യനെ ഒരു പ്രാവശ്യം ചുറ്റാൻ ഭൂമിക്ക് കൃത്യമായി വേണ്ടുന്ന സമയം 365.2422 ദിവസങ്ങളാണ്. എന്നാൽ ഗ്രിഗോറിയൻ കലണ്ടറിൽ 365 ദിവസങ്ങളേ ഉപയോഗിക്കുന്നുള്ളൂ. അതിനാൽ ലീപ് സെക്കൻഡുകളും, ലീപ് ഇയറുകളും നമ്മുടെ ക്ലോക്കുകളിലും കലണ്ടറുകളിലും അവശേഷിക്കപ്പെടുന്നു. ഭൂമിയുമായും അതിന്റെ സീസണുകളുമായും ചേർന്നാണിത് നിലകൊള്ളുന്നത്. ഇത് പിന്നീട് നാല് വർഷം കൂടുമ്പോൾ അധികമായ ഒരു ദിവസമായി പരിഗണിച്ച് വരുകയും ചെയ്യുന്നു.

എന്തു കൊണ്ടാണ് അധികദിവസം ഫെബ്രുവരിയോട് ചേർന്ന് വരുന്നത്...?

ജൂലിയൻ കലണ്ടറിലെ മറ്റെല്ലാ മാസങ്ങൾക്കും 30ഓ അല്ലെങ്കിൽ 31ഓ ദിവസങ്ങളുണ്ട്. ജൂലിയസ് സീസർ റോമൻ ചക്രവർത്തിയായിരുന്നപ്പോൾ ഫെബ്രുവരിക്ക് 30 ദിവസങ്ങളുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. തന്റെ ജന്മമാസമായ ജൂലൈയ്ക്ക് 31 ദിവസങ്ങളുണ്ടാക്കാനായി അദ്ദേഹം ഓഗസ്റ്റിൽ നിന്നും രണ്ടെണ്ണം എടുത്ത് ചേർത്തുവെന്നും അങ്ങനെ ഓഗസ്റ്റിന് 29 ദിവസങ്ങൾ മാത്രമായിത്തീർന്നുവെന്നുമാണ് ഐതിഹ്യം. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായി സീസർ ഓഗസ്റ്റസ് റോമൻ ചക്രവർത്തിയായപ്പോൾ തന്റെ മാസമായ ഓഗസ്റ്റിന് രണ്ട് ദിവസങ്ങൾ കൂട്ടിച്ചേർക്കാനായി അദ്ദേഹം ഫെബ്രുവരിയിൽ നിന്ന് രണ്ട് ദിവസങ്ങൾ വെട്ടിയെടുത്ത് ഓഗസ്റ്റിനോട് ചേർക്കുകയും അങ്ങനെ ഫെബ്രുവരിക്ക് 28 ദിവസങ്ങളായെന്നും ഒരു കഥയുണ്ട്.

എല്ലാ നാല് വർഷം കൂടുമ്പോഴും ലീപ് ഇയർ വരുന്നില്ല

സാങ്കേതികമായി എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലീപ് ഇയർ സമാഗതമാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. 2000 എന്നത് അധിവർഷമായിരുന്നു. എന്നാൽ 1700, 1800,1900 എന്നിവ അധിവർഷങ്ങളായിരുന്നില്ല.

ജൂലിയയസ് സീസറും പോപ്പ് ഗ്രിഗറിയും

റോമൻ കലണ്ടറിൽ 355 ദിവസങ്ങളാണുള്ളത്. എല്ലാ രണ്ട് വർഷം കൂടുമ്പോഴും ഇതിൽ 22 ദിവസങ്ങൾ അമിതമായി വരുന്നുമുണ്ട്. എന്നാൽ ജൂലിയസ് സീസർ അധികാരത്തിലെത്തിയപ്പോൾ ആദ്യ നൂറ്റാണ്ടിലേക്ക് ഒരു നല്ല സിസ്റ്റം കണ്ടുപിടിക്കാൻ തന്റെ ജ്യോതിശാസ്ത്രജ്ഞന്മാരോട് ആവശ്യപ്പെടുകയായിരുന്നു. തൽഫലമായി ജ്യോതി ശാസ്ത്രജ്ഞന്മാർ 365 ദിവസങ്ങളുള്ള ഒരു വർഷം ആവിഷ്‌കരിക്കുകയായിരുന്നു. അധികമായി വരുന്ന മണിക്കൂറുകളെ ഉൾക്കൊള്ളിക്കാൻ നാല് വർഷങ്ങൾ കൂടുമ്പോൾ ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരുന്ന വിധത്തിലായിരുന്നു ആ സംവിധാനം. യഥാർത്ഥത്തിൽ ഭൂമി കൃത്യമായി 365.25 ദിവസങ്ങളെടുത്തല്ല സൂര്യനെ ചുറ്റുന്നത്. അതിനാൽ പോപ്പ് ഗ്രിഗറി പതിമൂന്നാമന്റെ ആസ്‌ട്രോണമർമാർ 1582ൽ ഗ്രിഗോറിയൻ കലണ്ടർ ആവിഷ്‌കരിക്കുമ്പോൾ 400 വർഷങ്ങൾ കൂടുമ്പോൾ മൂന്ന് ദിവസങ്ങൾ നഷ്ടപ്പെടുത്താൻ തീരുമാനിച്ചിരുന്നു.

എന്താണ് ലീപ് സെക്കന്റ്...?

ലീപ് ഇയറും ലീപ് സെക്കന്റും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. എന്നാൽ രണ്ടും ഭൂമിയുടെ കറക്കവുമായി നമ്മുടെ ക്ലോക്കുകളെയും കലണ്ടറുകളെയും ബന്ധപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്.അറ്റോമിക് സമയവുമായി ഭൂമിയുടെ കറക്കത്തെ പൊരുത്തപ്പെടുത്തപ്പെടുത്തുന്നതിനാണ് ലീപ് സെക്കൻഡുകൾ കൂട്ടിച്ചേർക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ അവസാനം ഒരു ലീപ് സെക്കൻഡ് ഇപ്രകാരം കൂട്ടിച്ചേർത്തിരുന്നു. അന്ന് അർധരാത്രി സമയം 11:59:60. ആകുന്നതിന് മുമ്പായിരുന്നു ഇത്.അറ്റോമിക് സമയമെന്നത് സ്ഥിരമായുള്ള സമയമാണ്. എന്നാൽ ഭൂമിയുടെ കറക്കം ക്രമേണ സാവധാനത്തിലാകുന്നതാണ്. അതായത് ദിവസം തോറും സെക്കന്റിന്റെ രണ്ടായിരത്തിലൊരംശം എന്ന തോതിലാണ് ഭ്രമണവേഗത കുറയുന്നത്. നാം ഉപയോഗിക്കുന്ന സമയം ഭൂമിയുടെ ഭ്രമണവുമായി ബന്ധപ്പെട്ട സമയത്തിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിൽ ലീപ് സെക്കന്റുകൾക്ക് പ്രാധാന്യമേറെയുണ്ട്.

ലീപ് ഡേയ്ക്ക് ജനിച്ചവർ

1461 പേരിൽ ഒരാളെന്ന തോതിൽ ലീപ് ഡേയ്ക്ക് പിറക്കാൻ സാധ്യതയുള്ളവരാണ്. ഇവരെ ലീപിങ്‌സ്, അല്ലെങ്കിൽ ലീപേർസ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇത്തരക്കാർ ലീപ് ഇയർ അല്ലാത്ത വർഷങ്ങളിൽ അവരുടെ പിറന്നാൽ ഫെബ്രുവരി 28നോ മാർച്ച് 1നോ ആണ് ആഘോഷിക്കാറുള്ളത്. എന്നാൽ ചിലർ ഫെബ്രുവരി 29ന് നാല് വർഷം കൂടുമ്പോൾ മാത്രം പിറന്നാൾ ആഘോഷിക്കുന്നവരാണ്. എന്നാൽ ഫെബ്രുവരി 29ന് ഉച്ചയ്ക്ക് ജനിക്കുന്നവർക്ക് ഫെബ്രുവരി 28ന് പിറന്നാൾ ആഘോഷിക്കാമെന്ന് ചിലർ നിർദേശിക്കാറുണ്ട്. ലോകമാകമാനം ഏതാണ്ട് 4.1 മില്യൺ പേർ ഫെബ്രുവരി 29ന് ജനിച്ചവരാണ്. കാൽപനിക കവിയായ ജോൺ ബൈറം, 16ാം നൂറ്റാണ്ടിലെ പോപ്പായ പോൾ മൂന്നാമൻ, 19ാം നൂറ്റാണ്ടിലെ സംഗീതജ്ഞനായ ജോർജ് ബ്രിഡ്ജ്ടവർ, ഇറ്റാലിയൻ കമ്പോസറായ ഗിയോകിനോ റോസിനി തുടങ്ങിയ പ്രമുഖർ ഫെബ്രുവരി 29ന് ജനിച്ചവരാണ്.