മനാമ: ഇന്ത്യയിലെ മുൻ നിര ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് പ്രവാസികൾക്കിടയിൽ കൂടുതൽ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. പ്രവാസികൾക്ക് ഉപകാരപ്രദമായ ബാങ്കിങ് സേവനങ്ങളും നിക്ഷേപ പദ്ധതികളുമായി ബാങ്ക് കൂടുതൽ വിദേശ ഇന്ത്യക്കാരിൽ എത്താനുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ്.

ലോകത്തെമ്പാടുമായി ആറ് ദശലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള ഫെഡറൽ ബാങ്കിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റും സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റും, ക്രിസിൽ (CRISIL) റേറ്റിങ്ങിൽ ഏറ്റവും മുകളിലുള്ള എവൺ പ്ലസ് (A ONE +) നേടിയിട്ടുണ്ടെന്ന് ബാങ്കിന്റെ ജനറൽ മാനേജരും ഈയിടെ ഓവർസീസ് ഓ്പ്പറേഷൻസിന്റെ തലവനായി നിയമിതനുമായി കെ ഐ വർഗീസ് പറഞ്ഞു. സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ബെഹറിനിൽ എത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

ബാങ്കിങ് രംഗത്ത് പുതിയ സാങ്കേതിക വിദ്യകളും സേവനങ്ങളും മറ്റാരേക്കാളും മുമ്പേ പരിചയപ്പെടുത്തിയും അത്തരം സേവനങ്ങളും ബാങ്കിങ് ഉത്പന്നങ്ങളും സാധാരണക്കാരനുപോലും പ്രാപ്യമാകും വിധം നടപ്പിലാക്കിയ ഫെഡറൽ ബാങ്കാണ് അദ്ദേഹം പറഞ്ഞു. 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായ് ബാങ്കിനിപ്പോൾ 1223 ബ്രാഞ്ചുകളും 1477 എടിഎം സെന്ററുകളും ഉണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച നേട്ടമാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്. ബാങ്കിന്റെ അറ്റാദായം 29.13 ശതമാനം വർധനയോടെ 725.22 കോടിയിലെത്തി. മൊത്തം നിക്ഷേപം 65,550 കോടി രൂപ കടന്നപ്പോൾ അതിൽ 22,334 കോടിയും പ്രവാസികളുടെ അക്കൗണ്ടിലാണ്.

റിസർവ്വ് ബാങ്കിന്റെ മേൽനോട്ടത്തിലുള്ള ഐ ടി മാനേജ്‌മെന്റ് എക്‌സലനെ അംഗീകാരമായ ഐഡി ആർബിടി (ഇൻസറ്റിറ്റിയൂട്ട് ഫോർ ഡെവലപ്പ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്‌നോളജി) അവാർഡുകളിൽ അഞ്ചിൽ നാലും നേടി ഫെഡറൽ ബാങ്ക് ഈയിടെ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്.

കേരളത്തിൽ ഏറ്റവും മുൻനിര സ്ഥാനമുള്ള ബാങ്കിന് തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വ്യക്തമായ സ്വാധീനമുണ്ടെന്നും കൂടുതൽ ശാഖകൾ ആരംഭിക്കാനുള്ള പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും വർഗീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ബാങ്കിങ് രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങളും സാങ്കേദിക സൗകര്യങ്ങളുമാണ് ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി നടപ്പിലാക്കിയിട്ടുള്ളത്. ഇലക്ട്രോണിക് പാസ്ബുക്കായ ഫെഡ്ബുക്ക്, വലിയ കമ്പനികളെ ലക്ഷ്യമിട്ടുള്ള വിർച്വൽ അക്കൗണ്ടിംഹ സിസ്റ്റം (വി എ എസ്), ഇ-മെയിന്റൻസ്, സ്‌കാൻ എൻ പേ, അപ്‌നാ ഗോൾഡ് 24*7, ഫെഡ് റെഡ് തുടങ്ങിയവ അവയിൽ ചിലതുമാത്രം.

ഫെഡ് ഫാസ്റ്റ്, ഫെഡറൽ എക്സ്‌പ്രസ് റെമിറ്റൻസ്, ഫെഡ്ഫ്‌ലാഷ്. തുടങ്ങി നിരവധി മികച്ച സേവനങ്ങളും ക്യാഷ് പെയ്‌മെന്റ് പ്രൊഡക്റ്റുകളും ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും പ്രവാസികൾ വഴി മൊത്തം ഇന്ത്യയിലെത്തുന്ന പണത്തിന്റെ ഒൻപത് ശതമാനത്തിലധികവും പെഡറൽ ബാങ്കിലൂടെയാണ് വരുന്നതെന്നു ബാങ്കിന്റെ മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ചീഫ് റെപ്രസന്റേറ്റീവ് ഓഫീസറും എജി എമ്മുമായ ദീപക് ഗോവിന്ദ് പറഞ്ഞു. പണമിടപാട് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഉപഭോക്താക്കെളെ സഹായിക്കാൻ അബുജാഹിയിൽ റെപ്രസന്റേറ്റീവ് ഓഫീസും യുഎഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലായി 18 ഓഫീസർമാരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.