ലണ്ടൻ: പുൽക്കോർട്ടിൽ വീണ്ടും ചരിത്രമെഴുതി റോജർ ഫെഡറർ വിംബിൾഡൻ ചാമ്പ്യൻ. എട്ടാം വിമ്പിൾഡൻ കിരീടം സ്വന്തമാക്കി ഫെഡറർ ഏറ്റവും കൂടുതൽ തവണ വിംബിൾഡൻ ചാമ്പ്യൻപട്ടം സ്വന്തമാക്കുന്ന താരമായി. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണ് ഫെഡറർ റെക്കോഡ് നേട്ടം കൈവരിച്ചത്.

സ്‌കോർ 6-3, 6-1, 6-4. ജയത്തോടെ ഏറ്റവും കൂടുതൽ തവണ വിമ്പിൾഡൻ കിരീടം നേടുന്ന താരമെന്ന ബഹുമതി ഫെഡറർക്ക് സ്വന്തമായി. ഏഴു കീരീടം നേടിയ പീറ്റ് സാംപ്രാസിനെയും വില്യം റെൻഷോയെയുമാണ് ഫെഡറർ മറികടന്നത്. അനിഷേധ്യ വിജയമായിരുന്നു ഫെഡററുടേത്. എതിരാളി സിലിച്ചിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കി നേടിയ വിജയം.

വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡും 35 വയസ്സുള്ള ഫെഡറർ സ്വന്തമാക്കി. 1975 ൽ 32ാമത്തെ വയസ്സിൽ കിരീടം നേടിയ ആർതർ ഷെയുടെ റെക്കോഡാണ് ഫെഡറർ തകർത്തത്. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർദിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയായിരുന്നു ഫെഡറർ ഫൈനലിലെത്തിയത്. ഇവിടെ ഫെഡററുടെ 11ാം ഫൈനലായിരുന്നു ഇത്. ഇതും റെക്കോർഡാണ്. ഒരു സെറ്റ് പോലും നഷ്ടമാകാതെയായിരുന്നു ഫെഡററുടെ ഫൈനൽ പ്രവേശം.

ഈ വിജയത്തോടെ ഓപ്പൺ, അമച്ച്വർ കാലങ്ങളിൽ ഏറ്റവും കൂടുതൽ തവണ വിംബിൾഡൺ കിരീടം സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് നിലവിലെ ലോക അഞ്ചാം നമ്പർ താരമായ ഫെഡറർ. ഓപ്പൺ കാലത്തെ പീറ്റ് സാം പ്രസിന്റെയും അമച്ച്വർ കാലത്തെ വില്ല്യം റെൻഷോയുടെയും റെക്കോഡുകളും ഫെഡ് എക്സ്പ്രസ് പഴങ്കഥയാക്കി. ഇരുവർക്കും ഏഴ് കിരീടങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. 2003, 2004, 2005, 2006, 2007, 2009, 2012 വർഷങ്ങളിലായിരുന്നു ഇതിന് മുൻപ് ഫെഡറർ വിംബിൾഡൺ നേടിയത്. 2014 നു ശേഷം ഒരു ഗ്രാൻസ്ലാം ഫൈനലിലും തോറ്റിട്ടില്ല എന്ന റെക്കോഡും ഫെഡറർ ഭദ്രമായി കാത്തു സൂക്ഷിച്ചു.

കിരീട പ്രതീക്ഷയോടെ എത്തിയ ആൻഡി മറെ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ എന്നിവർ വഴിയിൽ വീണപ്പോൾ ഗ്ലാമർതാരങ്ങളിൽ സ്വിറ്റ്‌സർലൻഡിന്റെ ഫെഡറർ മാത്രമാണ് വിമ്പിൾഡനിൽ അവശേഷിച്ചത്. ആറുമാസത്തെ പരുക്കിൽനിന്നു മുക്തനായി ജനുവരിയിൽ തിരിച്ചെത്തിയ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.

പുരുഷ ടെന്നിസിൽ ഇതിഹാസ പദവിയുള്ള ഫെഡററുടെ പത്തൊൻപതാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടമാണിത്. അഞ്ച് തവണ വീതം ഓസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടുള്ള ഫെഡറർക്ക് റാഫേൽ നദാലിന്റെ സ്വപ്ന ലോകമായ ഫ്രഞ്ച് ഓപ്പണിൽ ഒരിക്കൽ മാത്രമാണ് കിരീടം നേടാനായത്.

ചരിത്രത്തിൽ ആദ്യമായി വിംബിൾഡൺ ഫൈനൽ കളിക്കുന്ന ആറാം നമ്പറായ സിലിച്ചിന് ഒരേയൊരു ഗ്രാൻസ്ലാം കിരീടമാണ് ഉള്ളത്. ഫൈനലിൽ ഫെഡറർക്കൊത്ത എതിരാളിയാവാനും കഴിഞ്ഞില്ല.