സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധിപ്പിച്ചത് അവർക്കു തന്നെ വിനയായിരിക്കുകയാണ്. അനിയന്ത്രിതയായ വർധനവിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് സൗദി സർക്കാർ. ഇനി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ മാത്രമെ ഫീസ് വർധനവ് നടപ്പിലാക്കാൻ കഴിയൂ. അല്ലാത്തപക്ഷം കർശന നിയമ നടപടികളായിരിക്കും നേരിടേണ്ടി വരിക.

ഓരോ സ്‌കൂളുകളിലും അവർ ഈടാക്കുന്ന ഫീസിന്റെ വിശദവിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് നിയമമുണ്ട്. എല്ലാവർക്കും കാണാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഇതിൽ നിന്നുമാണ് നിലവിൽ അധിക തുക ഈടാക്കി പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ വിവരങ്ങൾ പുറത്തുവന്നത്. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യമേഖലകളിൽ ഇൻഷുറൻസ് പോളിസി അടിച്ചേൽപ്പിക്കുമ്പോഴുണ്ടാകുന്ന അമിതമായ നഷ്ടം ഒഴിവാക്കാനാണ് ഫീസ് ഉയർത്തുന്നതെന്നാണ് സൂചനകൾ.

കൗൺസിൽ ഓഫ് കോപ്പറേറ്റിവ് ഹെൽത്ത് ഇൻഷുറൻസ് ആണ് സ്വകാര്യ സ്‌കൂളുകളേയും ഫോറിൻ സ്‌കൂളുകളേയും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ആരോഗ്യ ഇൻഷുറൻസ് നിയമപ്രകാരം എല്ലാ തൊഴിലാളികളും എല്ലാ സ്വദേശികളും ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിലായിരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.