കൊച്ചി: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി സി കാറ്റഗറിയിൽ വരുന്ന ജില്ലകളിലെ തിയേറ്ററുകൾ അടച്ചിടാനുള്ള നിർദ്ദേശത്തിന് എതിരെ ഫെഫ്ക. ബാറുകളും മാളുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ തിയേറ്ററുകൾ മാത്രം അടക്കുന്നതിന്റെ ശാസ്ത്രീയ വശമെന്തെന്ന് ഫെഫ്ക ചോദിക്കുന്നു. പ്രേക്ഷകരോട് ഇക്കാര്യത്തിൽ വിദഗ്ധ സമിതി ഉത്തരം പറയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ പുനരാലോചിക്കണമെന്നും ഫെഫ്ക ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

ഫെഫ്കയുടെ കത്തിന്റെ പൂർണ്ണരൂപം:

പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.വീണാ ജോർജ്ജിന്, ഒരു ജില്ല 'സി' കാറ്റഗറിയിൽ ആകുമ്പോൾ അടച്ചു പൂട്ടപ്പെടുന്നത് ജിം/ഹെൽത്ത് ക്ലബ്ബുകൾ, നീന്തൽകുളങ്ങൾ, സിനിമാ തിയേറ്ററുകൾ എന്നിവ മാത്രമാണ്. മാളുകൾ, ബാറുകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്കെല്ലാം ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കാം.

ഞങ്ങൾ മനസ്സിലാക്കിയത്, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകളിലേയും, സ്റ്റാർ ഹോട്ടലുകളിലെ ജിമ്മുകളും നീന്തൽക്കുളങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ്. സലൂണുകളും, ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയ്‌ക്കൊന്നുമില്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്നാണ് നമ്മുടെ സംസ്ഥാനത്തെ വിദഗ്ധസമിതിയുടെ കണ്ടത്തൽ. എന്താണ് ഈ കണ്ടെത്തലിന്റെ ശാസ്ത്രീയ അടിത്തറ എന്നറിയാനുള്ള അവകാശം ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്.

എന്നാൽ വാസ്തവത്തിൽ, ഈ പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം സിനിമാ തിയേറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീർക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 50% സീറ്റുകൾ മാത്രമാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രേക്ഷകർക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്‌കുകൾ ധരിച്ചാണ് തിയേറ്ററിനുള്ളിൽ സിനിമ കാണുന്നത്. മുഖങ്ങൾ സ്‌ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.

ഭക്ഷണ പാനീയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മിൽ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും, ബാറുകളിൽ നിന്നും, സ്പാ പാർലർ സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ട്.'തിയേറ്ററുകളെ വ്യാപനപ്രഭവമായി കാണാൻ നമ്മുടെ വിദഗ്ധസമിതിയെ പ്രേരിപ്പിച്ച ശാസ്ത്രീയ വസ്തുതകൾ എന്താണ്?

തിരുവനന്തപുരത്ത് 2/3 മാളുകളും റെസ്റ്ററന്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി അടച്ചുപൂട്ടേണ്ടി വന്നത് തീയറ്ററുകൾ മാത്രം. തിയേറ്റർ സൂപ്പർ സ്‌പൈഡർ ആയി മാറിയ ഒരു സംഭവമെങ്കിലും ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? മാളുകളും, ബാറുകളും, റെസ്റ്ററന്റുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ, തിയറ്ററുകൾ മാത്രം അടച്ചുപൂട്ടുന്ന ഒരു സമീപനം കേരളം അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനം ഇന്ത്യയിൽ സ്വീകരിച്ചിട്ടുണ്ടോ?

തീയറ്ററുകൾ സുരക്ഷിതമാണെന്ന ഉത്തമ ബോധ്യത്തിൽ 'കുറുപ്പും 'മരയ്ക്കാറും' 'സ്‌പൈഡർമാനും' ഇപ്പോൾ 'ഹൃദയവും കാണാൻ ഒഴുകിയെത്തുന്ന പ്രേക്ഷക സമൂഹത്തോടെങ്കിലും വിദഗ്ധ സമിതി ഉത്തരം പറഞ്ഞേ തീരൂ.ഇത്രയും പറഞ്ഞത്, മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവർത്തിക്കരുത് എന്ന് പറയാനല്ല. അവരോടൊപ്പം, തിയേറ്ററുകളെയും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അവർക്കെല്ലാം ബാധകമായത് ഞങ്ങൾക്കും ബാധകം; അതാണ് യുക്തിസഹം.