ഡാളസ്: അനുഗ്രഹീതമായ കഴിഞ്ഞവർഷത്തെ കോൺഫറൻസിന്റെ സ്മരണകൾ തങ്ങിനിൽക്കെ പത്തൊമ്പതാമത് ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ദേശീയ കൺവൻഷൻ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ജൂൺ 19, 20,21 ദിവസങ്ങളിൽ ന്യൂയോർക്കിലുള്ള ക്യൂൻസ് ചർച്ച് ഓഫ് ഗോഡിന്റെ ഹാളിൽ വച്ചാണ് ഫെല്ലോഷിപ്പ് സമ്മേളനം നടക്കുക. ക്യൂൻസ് വില്ലേജിലുള്ള പ്രസ്തുത മീറ്റിങ് കഴിഞ്ഞവർഷത്തേക്കാൾ വിപുലമായ പരിപാടികളോടുകൂടിയാണ് ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള സ്വതന്ത്ര പെന്തക്കോസ്ത് സഭകളുടെ ഈവർഷത്തെ സംഗമം സ്‌പോൺസർ ചെയ്തിരിക്കുന്നത് ന്യൂയോർക്ക് ഗോസ്പൽ അസംബ്ലിയാണ്. സീനിയർ പാസ്റ്റർ ഡോ. ജോയി പി. ഉമ്മൻ പ്രധാന നേതൃത്വം നൽകുന്നു.

സുവിശേഷ പ്രഘോഷണത്തിൽ ഈ തലമുറയിൽ ശക്തമായ നേതൃത്വം നൽകുന്ന പാസ്റ്റർ ഷാജു യോഹന്നാൻ, പാസ്റ്റർ അനീഷ് കാവാലം, സിസ്റ്റർ ഷീലാ ദാസ് എന്നിവർ വിവിധ മീറ്റിംഗുകളിൽ പ്രസംഗിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും കടന്നുവരുന്ന വിശ്വാസികൾക്ക് ആത്മീയ പ്രചോദനം നൽകുന്നതിന് പ്രസിഡന്റ് പാസ്റ്റർ തോമസ് വർഗീസ് നേതൃത്വം നൽകുന്നു. ദൈവജനത്തെ ക്രിസ്തുവിന്റെ സ്വഭവനത്തിലേക്ക് മടക്കിവരുത്തുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന ദൗത്യമെന്ന് സെക്രട്ടറി ജിം ഏബ്രഹാം അറിയിച്ചു. ജയിംസ് തോമസ് യുവജന സമ്മേളനങ്ങൾക്കും, സിസ്റ്റർ ആലീസ് ആൻഡ്രൂസ് വനിതാ സമ്മേളനത്തിനും ഈവർഷം നേതൃത്വം നല്കുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ഈപ്പൻ, ട്രഷറർ വെജിമോൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.

കഴിഞ്ഞവർഷത്തേക്കാൾ പ്രത്യേകതയോടുകൂടി ക്രമീകരിക്കുന്ന ഈവർഷത്തെ സംഗമത്തിൽ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുവാനും, ആത്മീയ ഉത്തേജനം നേടുവാനും നാഷണൽ കോർഡിനേറ്റർ പാസ്റ്റർ മാത്യു ശാമുവേൽ ഏവരേയും ന്യൂയോർക്ക് കൺവൻഷനിലേക്ക് ക്ഷണിക്കുന്നു.