ഇരിങ്ങാലക്കുട: മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും കാമുകിയും പിടിയിലായി. ഒരു വർഷത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് ഇവർ അറസ്റ്റിൽലാകുന്നത്. പൊറത്തിശേരി സ്വദേശി പല്ലൻ വീട്ടിൽ ബെന്നി (49), ഇയാളുടെ കാമുകി തിരൂർ സ്വദേശിനി കുറ്റിക്കാട്ടു വീട്ടിൽ വിനീത (45) എന്നിവരെയാണ് എസ്‌ഐ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിൽ എറണാകുളത്തുനിന്നു പിടികൂടിയത്.

കൊച്ചി മുളവുകാട്, ഒളിവിൽ കഴിയുമ്പോഴാണ് ഇരിങ്ങാലക്കുട പൊലീസ് ഇരുവരേയും കുടുക്കിയത്. ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി ജീവിക്കാൻ തടസം നിന്ന മകളെ, കൊന്ന് റയിൽവേ ട്രാക്കിൽ തള്ളിയെന്നാണ് കേസ്. 2014ലാണു കേസിനാസ്പദമായ സംഭവം. കുടുംബപ്രശ്നത്തിന്റെ പേരിൽ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു ബെന്നി. ഇതിന് മകൾ തടസമെന്നു തോന്നിയപ്പോൾ ഇരുവരും ചേർന്നു 15 വയസുകാരി ഫെമിയെ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം പ്രതികൾ മൃതദേഹം കോഴിക്കോട് റെയിൽവേ ട്രാക്കിൽ കൊണ്ടിട്ട് ആത്മഹത്യയാക്കാൻ ശ്രമം നടത്തി. മകളെ കാണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പിടികൂടിയെങ്കിലും ഇരുവരും ജാമ്യം ലഭിച്ചതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായിരുന്ന വിനീതയുടെ മകനെ പ്രായപൂർത്തിയാവാത്തതിന്റെ പേരിൽ കോടതി ജുവൈനൽ ഹോമിലേക്ക് അയച്ചു.

ഇരിങ്ങാലക്കുട സ്വദേശിയായ ബെന്നിയും കാമുകി വിനീതയും ഒന്നിച്ച് ജീവിതം തുടങ്ങിയിരുന്നു. ബെന്നിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചു. പക്ഷേ, മകനേയും മകളേയും കൂടെ കൂട്ടി കാമുകിയ്‌ക്കൊപ്പം ജീവിച്ചു. എന്നാൽ, അച്ഛന്റെ കാമുകിയോടൊത്തുള്ള ജീവിതം മടുത്ത് മകൾ ഫെമി അമ്മയുടെ അടുത്തേയ്ക്കു പോകാൻ വാശിപിടിച്ചു. ഇതിൽ പ്രകോപിതനായ ബെന്നിയും കാമുകിയും ഇവരുടെ മറ്റു മക്കളും ചേർന്ന് കൊല നടത്തുകയായിരുന്നു. കോഴിക്കോട് ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം റയിൽവേ ട്രാക്കിൽ തള്ളി.

ഇരിങ്ങാലക്കുട പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണമാണ് കൊലക്കേസ് തെളിയിച്ചത്. റയിൽവേ ട്രാക്കിൽ പെൺകുട്ടി മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ് കരുതി. ഇതിനിടെയാണ്, കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികളെ പിടികൂടിയതും. ബെന്നിയുെട മകനും കാമുകി വിനീതയുടെ മകനും കേസിൽ പ്രതികളായിരുന്നു. ഇരുവരും പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കേന്ദ്രത്തിലായിരുന്നു. ബെന്നിയും വിനീതയും ജാമ്യത്തിലിറങ്ങി സ്ഥലംവിട്ടു.

ജാമ്യത്തിലിറങ്ങിയാൽ ഇവർ സ്ഥലംവിടുമെന്ന് പൊലീസ് കോടതിയിൽ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടുത്ത മേയിൽ കോടതിയിൽ വിചാരണ തുടങ്ങും. ഫെമിയെ വെള്ളയിൽ ബീച്ചിൽ വെച്ച് കടലിൽ തള്ളിയിട്ട് കൊല്ലാൻ പദ്ധതിയിട്ട് ബെന്നിയും വിനീതയും വിനീതയുടെ 16 വയസ്സുകാരൻ മകനും കോഴിക്കോട്ടെത്തിയെങ്കിലും തിരക്കുണ്ടായിരുന്നതിനാൽ കൃത്യം നടന്നില്ല. ആളെ തിരിച്ചറിയാതിരിക്കാൻ ഒരാഴ്ച മുമ്പേ ഫെമിയുടെ മുടി വടിച്ച് കളഞ്ഞിരുന്നു. പിന്നീട് ബെന്നി മകളെ ജ്യൂസിൽ ഉറക്ക ഗുളിക കലർത്തി നൽകി മയക്കിയ ശേഷം ബീച്ചിനടുത്ത ആളൊഴിഞ്ഞ അഞ്ച് നില കെട്ടിടത്തിന്റെ വരാന്തയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെത്തി.

റെയിൽവേ ട്രാക്കിൽ മൃതദേഹം തള്ളുകയായിരുന്നു. ബെന്നിയെയും മകളെയും പൊറത്തിശ്ശേരിയിലെ വീട്ടിൽ നിന്നു മാർച്ച് 20 മുതൽ കാണാതായെന്ന പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരൂർ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടവും ഡിഎൻഎ പരിശോധനയും നടത്തിയത്.

21 വർഷം മുമ്പാണു ബെന്നിയും മുരിങ്ങൂർ സ്വദേശിനി ജൂലിയുമായുള്ള വിവാഹം കഴിഞ്ഞത്. 5 വർഷമായി ബെന്നിയും ജൂലിയും വേർപിരിഞ്ഞാണു താമസം. ബെന്നിയും മക്കളും പൊറത്തിശേരിയിലുള്ള ബെന്നിയുടെ വീട്ടിലും ജൂലി മുരിങ്ങൂരുള്ള സ്വന്തം വീട്ടിലും. ഇവരുടെ വിവാഹം സംബന്ധിച്ചു കേസും നിലവിലുണ്ടായിരുന്നു. എന്നാൽ, ബെന്നി പലപ്പോഴും കോടതിയിൽ ഹാജരാകാറില്ല. 2014 മാർച്ച് 20നു കേസ് നടക്കുമ്പോഴും ബെന്നി ഹാജരായില്ല. തുടർന്നു ബെന്നിയെയും മക്കളെയും കാണാനില്ലെന്നു കാണിച്ചു ജൂലി ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

ഇതിന്റെ ഭാഗമായി കാണാതായവരുടെ ഫോട്ടോ വച്ചു പൊലീസ് പത്രത്തിൽ പരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവർ തിരൂർ പൊലീസ് സ്‌റേഷൻ പരിധിയിലെ ചമ്രവട്ടം എന്ന സ്ഥലത്തുണ്ടെന്നു വിവരം കിട്ടിയിരുന്നു. ഇരിങ്ങാലക്കുട പൊലീസ് ഇവരെ കണ്െടത്തി ചോദ്യംചെയ്തപ്പോഴാണു മകൾ കൊല ചെയ്യപ്പെട്ടതടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പൊറത്തിശേരിയിൽനിന്നു മക്കളെയും കൂട്ടിക്കൊണ്ടുപോയ ബെന്നി കാമുകിയായ വിനിതയുടെ ചമ്രവട്ടത്തുള്ള വാടകവീട്ടിലാണു താമസിച്ചിരുന്നത്. ഇവരെക്കൂടാതെ വിനിതയുടെ 16 വയസായ മകനാണു വീട്ടിലുള്ളത്.