കൊച്ചി: വൈക്കത്ത് ഇസ്ലാമായി മതംമാറിയ അഖില എന്ന ഹാദിയയുടെ വീട്ടിലേക്ക് ഫെമിനിസ്റ്റുകൾ എന്നവകാശപ്പെട്ടെത്തിയ സംഘം അതിക്രമിച്ചു കടന്നതിൽ പൊലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. അനുവാദമില്ലാതെ ജാഥ സംഘടിച്ചതിനും വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്. ഇക്കാര്യം വൈക്കം സിഐ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

അതേസമയം ഇന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അശോകൻ തന്നെ പരാതിപ്പെട്ട സംഘടനയാണ് ഫെമിനിസ്റ്റു ഗ്രൂപ്പുകളുടെ പേരിൽ സംഘഠിപ്പിച്ച പ്രതിഷേധത്തിന് പിന്നിൽ അരങ്ങേറിയതെന്നാണ് അറിയുന്നത്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് ഏഴ് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം എത്തിയത്. വീട്ടിലെത്തിയ ഇവർ മതം മാറിയ അഖിലയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ കാണാൻ സാധിക്കില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതോടെ, അഖിലയുടെ പിതാവ് അശോകനെ കാണണമെന്ന് ആവശ്യപ്പെട്ടു. മഞ്ചും പുസ്തകങ്ങളും പൂക്കളും കൈയിൽ കരുതിയായിരുന്നു ഇക്കൂട്ടർ വൈക്കത്തെ വീട്ടിലെത്തിയത്.

തുടർന്ന് അഖിലയുടെ പിതാവ് അശോകനെ കണ്ട സ്ത്രീകൾ തങ്ങൾ കൊച്ചിയിൽ നിന്നെത്തിയ ഫെമിനിസ്റ്റുകളാണെന്ന് അറിയിച്ചു. ഹാദിയയ്ക്ക് കുറച്ച് ചോക്കലേറ്റുകളും സമ്മാനങ്ങളും പുസ്തകങ്ങളും നൽകാൻ വന്നതാണെന്നും അറിയിച്ചു. എന്നാൽ മകളെ കാണാൻ സാധിക്കില്ലെന്ന് അശോകൻ അറിയിച്ചെങ്കിലും ഇവർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇതേത്തുടർന്ന് വീടിന് കാവലിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർ വാക്ക് തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായപ്പോൾ ഇവർ തന്നെ പിൻവലിഞ്ഞ് വീടിന് അമ്പത് മീറ്റർ മാറി, ഹാദിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കുക, പൊലീസ് നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ചാർട്ട് പേപ്പറുകൾ പിടിച്ച് നിന്നു. മുൻകൂട്ടി കരുതിയ പേപ്പറിൽ മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. ഈ സമയം ഇവർക്കൊപ്പം എത്തിയ മീഡിയാ വൺ ചാനൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

പ്രതിഷേധം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ വൈക്കം സിഐയുടെ നേതൃത്വത്തിലുള്ള സംഘം വനിതകളുൾപ്പടെയുള്ളവരെ ലാത്തി വീശി വിരട്ടിയോടിച്ചു. രഹസ്യാന്വേഷണ വിഭാഗം ഫെമിനുസ്റ്റുകളുടെ പ്രതിഷേധം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വീടിനുള്ളിൽ തന്നെ കഴിയുന്ന ഹാദിയയ്ക്ക് സമ്മാനങ്ങളുമായാണ് തങ്ങൾ എത്തിയതെന്നും, റീഡേഴ്സ് റിവ്യൂ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവരാണ് തങ്ങളെന്നും പ്രതിഷേധക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ഷബ്ന സുമയ്യ, മൃദുല ഭവാനി, അമ്മു, ഫൈസൽ ഹസൈനാർ, തുടങ്ങിയവരുടെ സംഘമാണ് എത്തിയത്.

പ്രതിഷേധക്കാരെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം അറിഞ്ഞ് പ്രദേശത്തേക്ക് ധാരാളം ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരും എത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധക്കാരെ ആർഎസ്എസ് പ്രവർത്തകർ കയ്യേറ്റം ചെയ്തുവെന്ന് ഇവർ ആരോപിക്കുന്നു. തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച വർക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നും, എല്ലാത്തിനും സിസിടിവി ദൃശ്യങ്ങൾ സാക്ഷിയാണെന്നും അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഹാദിയയുടെ വീടിന് എസ്ഐയുടെ നേതൃത്വത്തിൽ ആയുധ ധാരികളായ പൊലീസുകാരുൾപ്പടെ 20 ഓളം പേരാണ് കാവൽ നിൽക്കുന്നത്. വീടിനുള്ളിൽ മുഴുവൻ സമയവും മൂന്ന് വനിത പൊലീസും കാവലിനായുണ്ട്. മെയ് അവസാനമാണ് ഹൈ്ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹാദിയയുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഹാദിയയുടെ മതം മാറ്റം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിനിടെയാണ് പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. വീടിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് പൊലീസ് സോഴ്സ് മറുനാടൻ മലയാളിയെ അറിയിച്ചു. ആദ്യമായാണ് ഹാദിയയുടെ വീട്ടിനുമുന്നിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നത്. സംഭവത്തെ അതീവഗൗരവമായാണ് പൊലീസും രഹസ്യാന്വേഷണ വിഭാഗവും കാണുന്നത്.