ആലപ്പുഴ: തന്നെ പുറത്താക്കാൻ മുൻകൈയെടുത്തത് സിപിഐ(എം) അനുകൂല നിലപാടുള്ള സമിതിയെന്ന് സോളാർ കേസിൽ മുഖ്യ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ മറുനാടനോട് പറഞ്ഞു. വെറും രാഷ്ട്രീയപ്രേരിതമായ ചോദ്യം ചെയ്യലാണ് സമിതിയിൽ നടന്നത്. മുഖ്യമന്ത്രിക്ക് സോളാർ കേസിൽ പങ്കുണ്ടോ, സരിതയെ കാറിൽ കൊണ്ടുപോകുന്നതെന്തിന്, ജയിലിൽ സരിതയെ കാണാൻ പോയതെന്തിന്, മുഖ്യമന്ത്രി നൽകിയ കോടികൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്, സരിതയെ വീട്ടിൽ താമസിപ്പിച്ചതെന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയെയും യുഡിഎഫ് സർക്കാരിനെയും വീണ്ടും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു മനസിലാക്കാവുന്നതാണ്. നിലവിലെ പരിതാപകരമായ സി പി എമ്മിന്റെ സാഹചര്യത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് തന്നെ പുറത്താക്കിയതീലൂടെ സി പി എം നേടാൻ ശ്രമിച്ചത്.

അതേസമയം വിധി പ്രഖ്യാപിക്കുകയും തൊട്ടടുത്ത മണിക്കൂറിൽ തന്നെ സ്റ്റേ നൽകുകയും ചെയ്തത് വിചിത്രമായെന്നും ഫെനി പറഞ്ഞു. അന്വേഷണ സമിതി ചെയർമാൻ അറിയാതെ സി പി എം അനുകൂല അഭിഭാഷകരായ പി സന്തോഷ് കുമാർ, സി എസ് അജിതൻ നമ്പൂതിരി എന്നിവർ ചേർന്നു തയ്യാറാക്കിയ വിധിയാണ് കഴിഞ്ഞദിവസം പ്രഖ്യാപിക്കപ്പെട്ടത്. ചെയർമാൻ ഇതിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ഇതെല്ലാം അരമണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങളാണ്. എന്നാൽ വിധിയിൽ തനിക്ക് യാതൊന്നും നഷ്ടപ്പെടാനില്ലെന്നും ഇന്നുമുതൽ താൻ കോടതിയിൽ പോയി തുടങ്ങുമെന്നും ഫെനി പറഞ്ഞു. ദേശീയ കൗൺസിലിൽ സ്റ്റേ നീക്കാൻ ശ്രമിക്കും.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു വിധി ഉണ്ടാകുന്നത്. നിസാരമായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിധി പ്രഖ്യാപിച്ചവർ രാജ്യത്തു നടക്കുന്ന പല പ്രമാദമായ കേസുകളിലും അഭിഭാഷകർ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നത് നേരിട്ടു കണ്ടിട്ടുള്ളവരാണ്. പിന്നെ ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചതിന്റെ മറവിൽ ദുരൂഹത മാത്രമാണുള്ളത്. തെരഞ്ഞെടുപ്പുകൾ അടുത്തുവരുംതോറും ഇനിയും ഇത്തരം സംഭവങ്ങൾ ഇറക്കി സി പി എം ജനശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമിക്കും. അതൊന്നും വിലപ്പോവില്ല.

നേരത്തെ സർക്കാരിനൊപ്പം കോടതിയെയും അഭിഭാഷകവൃത്തിയെയും ഫെനി കളങ്കപ്പെടുത്തിയെന്നാണ് ഇതിനെപ്പറ്റി അന്വേഷിച്ച സമിതിയുടെ കണ്ടെത്തൽ. അഡ്വ. സുധീർ ഗണേശ് കുമാർ അദ്ധ്യക്ഷനായുള്ള സമിതിയാണ് കേസ് പരാതി അന്വേഷിച്ചത്. നേരത്തെ സോളാർ കേസിന്റെ നടത്തിപ്പുകാരനെന്ന് പറഞ്ഞുനടന്നിരുന്ന ഫെനിയെ മുഖ്യപ്രതി സരിതാ എസ് നായർ തന്നെ പുറത്താക്കിയിരുന്നു.

സോളാർ കേസിന്റെ നിഴലിൽ അഭിഭാഷക ലോകത്ത് അറിയപ്പെടാൻ തുടങ്ങിയ ഫെനി തന്റെ പേരിൽ പലരോടും വിലപേശൽ നടത്തിയതായി സരിത ആരോപിച്ചിരുന്നു. പിന്നീട് കൂടതൽ കുറ്റങ്ങൾ ചുമത്തി സരിത തന്നെ ഫെനിയെ പുറത്താക്കുകയായിരുന്നു. ഇനി ഇന്ത്യൻ ബാർ കൗൺസിലിനെ സമീപിച്ച് ഇളവ് നേടിയാൽ മാത്രമെ അഭിഭാഷക കുപ്പായവുമായി ഫെനിക്ക് കോടതി പരിസരത്ത് എത്താൻ കഴിയു.