കൊട്ടിയൂർ: ഒരു മാസം നീളുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. കൂവയിലയിൽ ബാവലിതീർത്ഥം എഴുന്നള്ളിക്കുന്നതോടെ അക്കരെ കൊട്ടിയൂർ ക്ഷേത്രം ഉത്സവത്തിനായി ഉണരും.

ചൊവ്വാഴ്ച രാവിലെ ഇക്കരെ ക്ഷേത്രനടയിൽ തണ്ണീർക്കുടി ചടങ്ങ് നടത്തും. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ പുറപ്പെടുന്ന സംഘം മന്ദംചേരി കൂവപ്പാടത്തെത്തി കൂവയില പറിച്ചെടുക്കും. ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി എന്നിവർ ബാവലിതീർത്ഥവുമായി അക്കരെ കൊട്ടിയൂരിലെ മണിത്തറയിലെത്തി സ്വയംഭൂവിൽ അഭിഷേകം ചെയ്യും. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘവും സ്വയംഭൂവിൽ തീർത്ഥം അഭിഷേകം ചെയ്യും. തിടപ്പള്ളി അടുപ്പിൽനിന്ന് ശരീരത്തിൽ ഭസ്മംപൂശി പടിഞ്ഞാറേ നടവഴി സംഘം ഇക്കരെയ്ക്ക് കടക്കും. രാത്രി ആയില്യാർ കാവിലും പൂജ നടത്തും.

ഇത്തവണ 40-ലേറെ കയ്യാലകളാണ് നിർമ്മിക്കുന്നത്.മെയ്‌ 15-നാണ് നെയ്യാട്ടം. നെയ്യാട്ടത്തോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ തുടങ്ങും. 16-ന് മണത്തണയിൽനിന്ന് ഭണ്ഡാരം എഴുന്നള്ളത്ത്. അന്ന് അർധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ സ്ത്രീകൾക്കും അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കാം.

ജൂൺ ആറിന് മകംനാൾ ഉച്ചശ്ശീവേലിവരെയാണ് സ്ത്രീകൾക്ക് പ്രവേശനം. 21-നാണ് തിരുവോണം ആരാധനയും ഇളനീർവെപ്പും. 22-ന് ഉത്സവത്തിലെ സുപ്രധാന ചടങ്ങായ ഇളനീരാട്ടം നടത്തും. അഷ്ടമി ആരാധനയും അന്നുതന്നെയാണ്. 26-ന് രേവതി ആരാധനയും നടക്കും. 31-നാണ് രോഹിണി ആരാധന. ജൂൺ രണ്ടിന് തിരുവാതിര ചതുശ്ശതവും മൂന്നിന് പുണർതം ചതുശ്ശതവും അഞ്ചിന് ആയില്യം ചതുശ്ശതവും. ആറിന് മകംകലംവരവ്. ഒൻപതിന് അത്തം ചതുശ്ശതം, വാളാട്ടം നടക്കും. ജൂൺ 10-നാണ് തൃക്കലശാട്ട്.