- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപും ആന്റണിയും ഇനി സംഘടനയിൽ വേണ്ട; തീരുമാനം കടുപ്പിക്കാനൊരുങ്ങി ഫിയോക്ക്; അജീവനാന്ത അംഗങ്ങളെ പുറത്താക്കാനുള്ള തീരുമാനം ഒടിടി വിവാദത്തിന്റെ പശ്ചാത്തലത്തിൽ; ഭരണഘടന പരിഷ്ക്കരിക്കാനും നീക്കം; അന്തിമ തീരുമാനം ജനറൽബോഡി യോഗത്തിൽ
തിരുവനന്തപുരം: നടൻ ദിലീപിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് പുറത്താക്കാൻ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയർമാനായ ദിലീപിനെയും ആജീവനാന്ത വൈസ് ചെയർമാനായ ആന്റണിയെയും പുറത്താക്കാൻ ഫിയോക് ഭരണഘടന ഭേദഗതിക്കാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്. ഇക്കാര്യത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിലുണ്ടാകും.
ഒടിടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടർന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം സംഘടനക്കുള്ളിൽ നടക്കുന്നത്. ഫിയോക് ഭാരവാഹിത്വം വഹിച്ചിട്ടും ഒടിടി റിലീസുകളെ പിന്തുണയ്ക്കുന്ന നടപടിയിൽ രൂക്ഷ വിമർശനമാണ് ഇരുവർക്കുമെതിരെ ഉയർന്നത്.
2017ൽ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് ദിലീപിന്റെ കാർമികത്വത്തിൽ രൂപം കൊണ്ടത്. ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങൾ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിർത്തിയായിരുന്നു ഭരണഘടനയ്ക്ക് രൂപം നൽകിയതും.
ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയിൽ എഴുതിച്ചേർത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്.വാർഷിക ജനറൽ ബോഡിയുടെ അംഗീകാരം ഇക്കാര്യത്തിൽ അനിവാര്യമാണെന്നിരിക്കെയാണ് ഭരണഘടന ഭേദഗതി കൊണ്ടുവരാൻ നിർണായക നീക്കം തുടരുന്നത്.
മോഹൻലാൽ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടർച്ചയാണ് നിലവിലെ നീക്കത്തിലെത്തി നിൽക്കുന്നത്. നേരത്തെ ചെയർമാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂർ രാജി നൽകിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാർ മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ കടുത്ത ഭിന്നത തുടരുന്നതിന്റെ ഭാഗമായി ഭരണഘടന ഭേദഗതി കൊണ്ടുവന്ന് ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും സംഘടനയ്ക്ക് പുറത്തുചാടിക്കാൻ ഫിയോക്കിനുള്ളിൽ ശ്രമം തുടരുകയായിരുന്നു. ഭേദഗതി യാഥാർഥ്യമായാൽ തിയറ്ററുടമയും എന്നാൽ മറ്റ് സംഘടനകളിൽ അംഗമല്ലാത്ത ആളുകളിലേക്കും മാത്രമായി ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങൾ ഒതുങ്ങും.
അതേസമയം, മരക്കാർ സിനിമയുമായി ബന്ധപ്പെട്ടുയർന്ന ഒടിടി റിലീസ് വിവാദങ്ങൾക്കിടെ കഴിഞ്ഞ ഒക്ടോബറിൽ ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെക്കുന്നതായി അറിയിച്ചിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഫിയോക് ചെയർമാൻ കൂടിയായ നടൻ ദിലീപിന് ആന്റണി പെരുമ്പാവൂർ അന്ന് രാജി നൽകിയത്.
നേരത്തെ ദുൽഖർ സൽമാനും താരത്തിന്റെ നിർമ്മാണ കമ്പനിക്കും ഫിയോക്ക് വിലക്കേർപ്പെടുത്തിയിരുന്നു. സല്യൂട്ട് സിനിമയുടെ ഒടിടി റിലീസിന്റെ പേരിലായിരുന്നു നടപടി. വ്യവസ്ഥകൾ ലംഘിച്ചാണ് സല്യൂട്ട് ഒടിടിക്ക് നൽകിയത് എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം.
മറുനാടന് മലയാളി ബ്യൂറോ