കോഴിക്കോട്: മലബാറിനെ ആശങ്കയിലാക്കി മലയോര മേഖലയിൽ പകർച്ചപ്പനി. വൈറസ് ബാധയെ തുടർന്ന് പനി മരണം വിതയ്ക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ ആരോഗ്യവകുപ്പ് എടുക്കുന്നുണ്ട്. മലപ്പുറം കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിലെ പൂങ്ങോടു ഭാഗത്താണ് പനി രൂക്ഷമായിരിക്കുന്നത്. കോഴിക്കോടും ആശങ്ക ശക്തമാണ്. കേന്ദ്ര സംഘം സ്ഥിതിഗതികൾ വിലയിരുത്താൻ എത്തുമെന്നാണ് സൂചന. കേരളത്തിലെ സ്ഥിതി ഗതികൾ കേന്ദ്ര ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. അതിനിടെ കോഴിക്കോട് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മൃഗങ്ങൾ കടിച്ച പഴം സഞ്ചാരികളുടെ പക്കൽ എത്താതിരിക്കാനാണ് നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറു പേരും കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളിൽ രണ്ടുപേരുമാണ് ചികിത്സയിലുള്ളത്. ഇവരിൽ അഞ്ചുപേർ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്. ഇതുവരെ നാലു പേരിൽ മാത്രമാണ് പ്രത്യേക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മരിച്ച രണ്ടുപേരിലും രോഗം ബാധിച്ച രണ്ടു പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരിൽ കണ്ട വൈറസ് ബാധ മൂലമുള്ള പനിയുടെ ലക്ഷണങ്ങൾ കാണിച്ച രോഗികളെയാണ് പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നത്. വൈറസ് രോഗബാധ സംബന്ധിച്ച് പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയിരുന്നു. മരിച്ചവരുടെ സ്രവത്തിന്റെ സാമ്പിളുകൾ വിശദപരിശോധനയ്ക്കായി പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പ്രത്യേക വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിച്ചതിനെത്തുടർന്നാണ് മരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വളച്ചുകെട്ടിയിൽ മൂസ-മറിയം ദമ്പതിമാരുടെ മക്കളായ സ്വാലിഹ് (26), സഹോദരൻ( സാബിത്ത് (23) എന്നിവരാണ് കോഴിക്കോട് ജില്ലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ച് മരിച്ചത്. വൈറൽ എൻസഫിലിറ്റിസ് വിത്ത് മയോക്കോഡൈറ്റിസ് ആണ് മരണകാരണമായ പനി. മൂസയും(62) സ്വാലിഹിന്റെ ഭാര്യ ആത്തിഫ (19)യും മൂസയുടെ ജ്യേഷ്ഠൻ മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയവും (50) പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിവിൽ എൻജിനീയറായ സ്വാലിഹിനെ പനി ബാധിച്ച് മെയ് 13 നാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ സമീപവാസികളുടെയും അടുത്ത ബന്ധുക്കളുടെയും രക്തസാംപിളുകൾ പരിശോധനയ്ക്ക് കൊണ്ടുപോയി.

സാബിത്ത് ഉൾപ്പെടെയുള്ളവർ ആദ്യഘട്ടത്തിൽ ചികിത്സതേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് പുതുശ്ശേരി പശുക്കടവ് വീട്ടിൽ ലിനി(31)യും സാലിഹിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് അടുത്തിടപഴകിയ ബന്ധു നൗഷാദും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസ് ബാധയുടെ സാധ്യത ആദ്യമായി തിരിച്ചറിഞ്ഞത്. വവ്വാലിൽ നിന്നോ പന്നികളിൽനിന്നോ ജനിതക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാവാം മരണകാരണമെന്ന സംശയത്തിൽ മണിപ്പാലിലെ വൈറോളജി റിസർച്ച് സെന്ററിലേക്ക് രക്തസാമ്പിളുകൾ അയയ്ക്കുകയായിരുന്നു. തുടർന്നാണ് തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസ് ബാധ കണ്ടെത്തിയത്.

മലപ്പുറം കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിലെ പൂങ്ങോടു ഭാഗത്ത് മൂന്നു പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലും രോഗ ലക്ഷണമുള്ളവരെ കാളികാവ് സാമൂഹികാരോര്യ കേന്ദ്രത്തിലും ചികിത്സയിൽ തുടരുകയാണ്. പൂങ്ങോടിൽ മറ്റ് മൂന്നു പോർക്കുകൂടി ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നുണ്ട്. പനിപടരുന്ന മലയോര മേഖലകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഫോഗിംങ് നടത്തി. ഈ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കി ആരോഗ്യ വകുപ്പ്.

വൈറസിൽ നിന്നും മുക്തമാകാനുള്ള കരുതൽ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നൽകിത്തുടങ്ങി. തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

സംശയം നിപാ വൈറസോ?

നിപാ വൈറസാണ് മരണത്തിന് പിന്നിലെന്നാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. മനുഷ്യനിലും മൃഗങ്ങളിലും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന നിപാ വൈറസ് മൂലമുള്ള അസുഖം 1998 ൽ മലേഷ്യയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. പന്നികളായിരുന്നു വൈറസിന്റെ വാഹകർ. ബംഗ്‌ളാദേശിൽ 2004 ൽ നിപാ വൈറസ് ബാധ കണ്ടെത്തിയിരുന്നു. രോഗാണുവാഹകരായ വവ്വാലുകളാൽ മലിനമാക്കപ്പെട്ട ഈന്തപ്പഴം കഴിച്ചതുകൊണ്ടായിരുന്നു മനുഷ്യരിൽ നിപാ വൈറസ് ബാധിച്ചത്. ഇതുകൂടാതെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വൈറസ് ബാധ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2001 ലും 2007 ലും വെസ്റ്റ് ബംഗാളിലും ബംഗ്‌ളാദേശിന്റെ അതിർത്തിയിലും നിപാ വൈറസ് ബാധ
സ്ഥിരീകരിച്ചിട്ടുണ്ട്.

കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലും സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കളക്ടർ, റൂറൽ പൊലീസ് ചീഫ്, ചെന്നൈ അപ്പോളോ ആശുപത്രിയിലെ വൈറോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർ ഗഫുർ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ അരുൺ എന്നിവരുമായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു മന്ത്രി ചർച്ച നടത്തിയത്.

മസ്തിഷ്‌ക ജ്വരമായി പ്രത്യക്ഷപ്പെടുന്ന രോഗം കേരളത്തിൽ ആദ്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് ബാധയാണ് രോഗകാരണമെന്ന് മനസിലായെങ്കിലും ഏത് വൈറസ് ആണെന്നത് സംബന്ധിച്ച റിപ്പോർട്ട് മണിപ്പാലിൽ നിന്നും പുനെയിൽ നിന്നും കിട്ടേണ്ടതുണ്ട്. മൃഗങ്ങളിലുടെ
പടരുന്ന വൈറസ് എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. അതു കൊണ്ട് തന്നെ വവ്വാലുകളും മറ്റും കടിച്ച പഴ വർഗ്ഗങ്ങൾ കഴിക്കരുതെന്ന് നിർദ്ദേശമുണ്ട്.

ഭയക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നുമാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ നൽകുന്ന നിർദ്ദേശം. കോഴിക്കോട് മെഡിക്കൽ കോളജിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഐസൊലേഷൻ വാർഡ് തുറന്നിട്ടുണ്ട്., സ്വകാര്യ ആശുപത്രികളും സഹകരണം ഉറപ്പ് നൽകി.

ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

ആരോഗ്യ പ്രവർത്തകർ പ്രത്യേക മുൻ കരുതൽ എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക തരത്തിലുള്ള പതിനായിരത്തോളം മാസ്‌ക്  ജില്ലയിൽ നാളെ വിതരണം ചെയ്യും. രോഗ ബാധ സംബസിച്ച് കേന്ദ്ര സംഘത്തിന് വിവരം കൈമാറിയിട്ടുണ്ട്. ആവശ്യം ഉണ്ടെങ്കിൽ ഉടൻ തന്നെ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. ഒരു കുടുംബത്തിലുള്ളവർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളു എന്നതിനാൽ പരിസരവാസികളെ മാറ്റിപ്പാർപ്പിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

പൊതുജനങ്ങളും ആശുപത്രി ജീവനക്കാരും ജാഗ്രത പാലക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ മാറ്റിപ്പാർപ്പിക്കാനുള്ള പ്രത്യേക വാർഡ് (ഐസൊലേഷൻ വാർഡ്) ഉൾപ്പടെ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ നടപടി തുടങ്ങി. ആരോഗ്യ പ്രവർത്തകരുടെ ഇടപെടൽ അനിവാര്യമായ സാഹചര്യത്തിൽ അവധിയിൽ പോയ എല്ലാ ജീവനക്കാരും ജോലിയിൽ പ്രവേശിക്കണം. രോഗികളുമായി അടുത്തിടപഴകിയ ആളുകളുടെ പട്ടിക തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

വൈറസ് ബാധ ഒഴിവാക്കാൻ

*പക്ഷിമൃഗാദികൾ കഴിച്ച് ബാക്കി വന്ന മാമ്പഴങ്ങളും മറ്റ് പഴങ്ങളും കഴിക്കരുത്.
* പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുമായി ഇടപഴകുമ്പോൾ
ആശുപത്രി ജീവനക്കാർ കൈയുറ, മാസ്‌ക് എന്നിവ ധരിക്കണം.
* രോഗപ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങളടങ്ങിയ പി.പി.ഇ കിറ്റ് എല്ലാ
സ്ഥാപനങ്ങളിലും ഉറപ്പുവരുത്തണം.
* തലച്ചോറിന് പനിബാധിച്ച ലക്ഷണവുമായി വരുന്ന രോഗികളെ എത്രയും പെട്ടെന്ന്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കണം.

സോഷ്യൽ മീഡിയ വഴി തെറ്റായ രോഗ വിവരം പ്രചരിപ്പിച്ചാൽ നടപടി

അസുഖത്തെ കുറിച്ച് വാട്സാപ്പ്, ഫേസ്‌ബുക്ക് പോലുള്ള നവ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ശരിയായ ഉറവിടമില്ലാത്ത വാർത്തകൾ ജനം വിശ്വസിക്കരുതെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. തെറ്റായ വാർത്തകൾ
പ്രചരിപ്പിക്കുന്നവർക്കെതിരെ അവശ്യമെങ്കിൽ നടപടി എടുക്കുന്നതടക്കം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.