- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളെ കൊന്നൊടുക്കുന്ന പുതിയ മഹാമാരി പടർന്ന് പിടിക്കുന്നു; ഹരിയാനയിൽ പൽവാൽ ജില്ലയിൽ 24 കുട്ടികൾ മരിച്ചത് കാരണമറിയാതെ; ഇന്ത്യയിലെ പുതിയ രോഗത്തെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ സ്തോഭജനകമായ വാർത്തകൾ വരുന്നു
ഛണ്ഡീഗഡ്: അജ്ഞാത വൈറസിന്റെ ആക്രമണത്തിൽ ഹരിയാനയിലെ പൽവാൽ ജില്ലയിൽ 24 കുട്ടികൾ മരിച്ചതായി ന്യുസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മൂന്നു പേർ ചികിത്സയ്ക്കിടയിലാണ് മരണമടഞ്ഞത്. രോഗകാരണം ഇനിയും കണ്ടുപിടിക്കാനായിട്ടില്ലെന്നതും ഏറെ ആശങ്കയുണർത്തുന്നു. ഇവരെ ബാധിച്ച രോഗം ഏതെന്നറിയുവാൻ രക്തസാമ്പിളുകൾ ശേഖരിച്ചതായി ഹരിയാന ആരോഗ്യ വകുപ്പ് അറിയിച്ചു. ദുരൂഹമായ പനിയുടെ പുറകിലുള്ള കാരണം കണ്ടെത്താനുള്ള പഠനങ്ങൾക്കായിട്ടാണ് സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്.
ഏഴ് വയസ്സ്, മൂന്നു മാസം, ഒമ്പത് ദിവസം എന്നീ പ്രായങ്ങളിലുള്ള മൂന്നു കുട്ടികളാണ് വെള്ളിയാഴ്ച്ച മരണമടഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനു മുൻപായി ഇവർ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി രക്ഷകർത്താക്കൾ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽമരണം സംഭവിച്ചതായി ഏഴു വയസ്സുള്ള കുട്ടിയുടെയും മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെയും മാതാപിതാക്കൾ സ്ഥിരീകരിച്ചു. മറ്റൊരു കുട്ടി ഇരുപത്തിനാലു മണിക്കൂറുകൾക്ക് ശേഷമാണ് മരണമടഞ്ഞത്.
സന്ധിബന്ധങ്ങളിൽ വേദന, തലവേദന, നിർജ്ജലീകരണം, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങളെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ചിലർക്ക് കൈകാലുകളിൽ ചുവന്ന നിറത്തിൽ തണിർത്ത് പൊങ്ങുകയും ഉണ്ടായി. കോവിഡ് വ്യാപനത്തിലും ഏറെ ദുരിതമനുഭവിക്കേണ്ടി വന്ന ഇന്ത്യയെ പിടികൂടിയിരിക്കുന്ന ഈ അജ്ഞാത രോഗം മറ്റൊരു മഹാ ദുരന്തമായി മാറുമോ എന്ന ആശങ്കയും ലോക മാധ്യമങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം അമ്പതോളം പേർ ഈ രോഗത്താൽ മരണമടഞ്ഞു എന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗവും കുട്ടികളായിരുന്നു. മാത്രമല്ല, ഈ അജ്ഞാത രോഗത്താൽ മരണമടഞ്ഞവരിൽ ആരും തന്നെ കോവിഡ് പോസിറ്റീവ് ആയിട്ടില്ല എന്നും ബി ബി സി പറയുന്നു.
ഇത് ഏറെ ബാധിച്ചിരിക്കുന്ന ഉത്തർപ്രദേശിലെ ആഗ്ര, മഥുര, മെയ്ൻപുരി, ഇട്ടാവ, കാസ്ഗഞ്ച്, ഫിറോസാബാദ് ജില്ലകളിലെ ഡോക്ടർമാർ സംശയിക്കുന്നതുകൊതുകുകൾ പരത്തുന്ന ഡെംഗു പനിയാവാം മരണകാരണമെന്നാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ മിക്കവർക്കും രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ കുറവ് കണ്ടെത്തിയതാണ് ഈ സംശയം ഉദിക്കാൻ കാരണം. ഇത് ഡെംഗു പനിയുടെ ഒരു ലക്ഷണമാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് കാര്യമായ ചികിത്സ നൽകാൻ പോലും സാധിക്കുന്നതിനു മുൻപായി വളരെ പെട്ടെന്നാണ് മരണം സംഭവിക്കുന്നത് എന്നാണ് ബി ബി സി പറയുന്നത്. മാത്രമല്ല, ഈ രോഗം പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. ഈഡിസ് എയ്ജിപ്തി ഇനത്തിൽ പെടുന്ന പെൺകൊതുകുകളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. ഗുരുതരമായ ഡെംഗു പനി എല്ലാവർഷവും ഏകദേശം 100 മില്ല്യൺ ആളുകളിൽ ലോകമാകമാനമായി റിപ്പോർട്ട് ചെയ്യപ്പെടാറുമുണ്ട്.
മറുനാടന് ഡെസ്ക്